വ്യത്യസ്ത വാസ്തു അളവുകൾ!
Vastu Shastra’s different texts prescribe different measurements
വാസ്തുവിൽ ഉപയോഗിക്കുന്ന അളവുകളെ കുറിച്ചു പലർക്കും അറിവുള്ളതാണല്ലോ. പരമാണു മുതൽ യോജന വരെയുള്ള അളവുകൾ ആണ് ഇവ. പരമാണു എന്ന ഏറ്റവും ചെറിയ അളവിൽ നിന്നും ക്രമത്തിൽ കൂട്ടി വരുന്ന രീതി. പരമാണു എന്നാൽ ഒരു ഇഞ്ചിനെ 190650 ഭാഗം ആക്കിയാൽ ഒരു ഭാഗം ആണ്. എന്നാൽ വീടിനു അളവ് കണക്കാക്കുന്ന രീതികൾ പലത് ആയിരുന്നു. അതൊന്നു നോക്കാം. Understanding Vastu Shastra Measurements…
അളവുകളിൽ കാണുന്ന വ്യത്യാസങ്ങൾ
വ്യവസ്ഥ 1.
ഉത്തമ അംഗുലം, മധ്യമ അംഗുലം എന്നിങ്ങനെ ആയിരുന്നു അംഗുല അളവിലെ ആദിമ “ആഗമ” രീതികൾ. അതായതു ധാന്യമണി വിസ്താരം (എള്ള് (8×8), ബാർലികോൺ, ഗോതമ്പ്) 8 യവം, 7 യവം എന്ന രീതിയിൽ. ഇത് 8.5, 7.5 എന്ന രീതിയും ആകാം. ഇനി നെല്ലാണ് എങ്കിൽ യഥാക്രമം 4, 3.5 എന്ന രീതിയിൽ നെല്മണികൾ നീളത്തിൽ.
വ്യവസ്ഥ 2.
പിൽക്കാലത്ത് തെക്കൻ ഭാരതത്തിൽ എട്ടു നവര നെല്ല് വിസ്താരത്തിൽ ഉത്തമം, ഏഴായാൽ മധ്യമവും എന്ന കണക്കിൽ അംഗുലം എന്ന അളവ് എടുത്തു തുടങ്ങി. ഇന്നത്തെ കാലത്തു മേൽപ്പറഞ്ഞവയെല്ലാം കണക്കിലേക്കു മാറ്റിയാൽ വ്യത്യസ്ത അളവിലുള്ള കോൽ, അംഗുല കണക്കായിരിക്കും കിട്ടുക. ചിന്തിക്കേണ്ട വിഷയം…..
വ്യവസ്ഥ 3.
വീടിന്റെ ഉടമയുടെ (ക്ഷേത്ര ആചാര്യന്റെ) നടുവിരൽ മടക്കുമ്പോൾ നടുവിൽ വരുന്ന അസ്ഥി നീളം ഒരംഗുലം ആയി കണക്കാക്കി വീടിനു / ക്ഷേത്രത്തിന് അളവ് നിശ്ചയിക്കുന്ന രീതി. ഈ അളവിൽ നാലിൽ ഒന്ന് കുറച്ചാൽ മധ്യമം ആയും എടുക്കാം. ഇത് വീടിനും എടുത്തതായി വായിച്ചിട്ടുണ്ട്. ഇനി വലതു തള്ളവിരൽ ഉപയോഗിച്ചുള്ള 9 അളവുകൾ ഉണ്ട്. ഇവയെല്ലാം യാഗശാലക്കും ബിംബ അളവുകൾക്കും ഉപയോഗിക്കുന്നതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ കോൽ കണക്കുകളേക്കാൾ അംഗുല കണക്കു മാത്രം എടുത്തു ചെയുന്ന രീതിയും ഉണ്ട്. ഇങ്ങനെ വീടിന് വേണ്ടി എടുക്കുന്ന ഈ അളവ് ആ വീടിനും ആ ഉടമക്കും മാത്രം കൊള്ളാം. സന്തതിക്കു കൈമാറൽ, വില്പന എന്നിവ ചിന്തിക്കേണ്ട വിഷയം…..
വ്യവസ്ഥ 4.
പഴയ കാലത്തു വീടുകൾ വെക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ഉഴുന്ന് അതിൽ നെല്ല് വിതച്ചു കിട്ടുന്ന നെല്മണികളുടെ അളവ് കണക്കാക്കി അംഗുലവും കോൽ അളവും നിശ്ചയിക്കുന്ന രീതിയെ പറ്റിയും വായിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഇതിൻ്റെ പ്രായോഗികത ചിന്തിക്കേണ്ട വിഷയം….
വ്യവസ്ഥ 5.
മേൽപ്പറഞ്ഞ അളവുകൾ എടുക്കാൻ പറ്റാതെ വരിക. അല്ലെങ്കിൽ ദേശത്തിനു അനുസൃതമായി പൊതുവായ അളവ് എടുക്കുക എന്നൊരു സന്ദർഭം വന്നാൽ അതാത് ദേശത്തുള്ള മഹാ ക്ഷേത്രങ്ങൾക്ക് ഉപയോഗിച്ച അളവുകൾ ഉപയോഗിക്കുന്ന രീതി. പല ക്ഷേത്രങ്ങളിലും ഇവ കൊത്തി വെച്ചിട്ടുണ്ടാകും. കേരളത്തിലെ മധ്യകാല ഗൃഹ നിർമ്മിതികൾ പലതും ഇത് അനുസരിച്ചു ചെയ്തവ ആയിരുന്നു (കിഷ്ക്കു കോൽ ആയാലും, പ്രാജാപത്യ കോൽ ആയാലും, ധനുർമുഷ്ട്ടി കോൽ ആയാലും). ഈ കാലത്തു ഇത് ഭൂരിപക്ഷത്തിനും പ്രയോഗത്തിൽ വരുത്താൻ ബുദ്ധിമുട്ട് ഉണ്ടാകാം….
Note: കേരളത്തിലെ ചില വാസ്തു വിശാദരൻമാർ 72 cm വെച്ച് ചെയ്തുകൊടുത്ത ക്ഷേത്ര ഉപാലയങ്ങൾ ക്ഷേത്ര അളവുകൾ അനുസരിച്ചുള്ളവ ആകാത്തതിനാൽ അഷ്ടമംഗല പ്രശ്നപ്രകാരം പൊളിച്ചു പണിയുന്ന ശ്രുതിയും കേട്ടു.
മേൽപ്പറഞ്ഞ പല രീതികൾ വരുമ്പോൾ അളവുകൾ മാറുമല്ലോ. ഒരംഗുലം എന്നുള്ളത് ശബ്ദതാരാവലിയിൽ 3.175 cm (തർക്കപ്രശ്നം ഉണ്ട്), ആർക്കിയോളജി റെക്കോർഡ് പ്രകാരം 1.77 cm (ലോത്തൽ), 1.763 cm (ഹാരപ്പാ), 1.75 cm (കാലിബംഗാൻ) എന്നൊക്കെയാണ്. ശില്പ ശാസ്ത്ര പ്രകാരം ചെയ്തവയിൽ പലതും ഇന്നത്തെ 3.49 cm. തഞ്ചാവൂർ മുഴകോൽ എന്ന കിഷ്ക്കു കോൽ അളവ് 83.82 cm ആണ്. തഞ്ചാവൂർ ബ്രഹദീശ്വര ക്ഷേത്രം ഈ അളവാണ്. കിഷ്ക്കുവിൽ തന്നെ മധുര മുഴക്കോൽ എന്ന അളവും ഉണ്ട്, 81.2 cm. കോൽ അളവുകൾ എട്ടോളം തരത്തിൽ ഉണ്ട്. കിഷ്ക്കു സർവ്വ സമ്മതമായ അളവുമാണ്.
വ്യവസ്ഥ 6.
മേൽപ്പറഞ്ഞിട്ടുള്ള അളവുകൾ എല്ലാം വളരെ സങ്കീർണ്ണ മായിട്ടുള്ളതും പിന്തുടരാൻ പ്രാക്ടിക്കൽ ആയി പ്രയാസം നേരിടുന്നതും ആയതു കൊണ്ട് വാസ്തുവിദ്യാവിശാരദന്മാർ ചേർന്ന് ഒരു കോൽ എന്നുള്ളത് 72 cm എന്നും ഒരംഗുലം എന്നുള്ളത് 3 cm എന്നും തീരുമാനിച്ചു….. മാനദണ്ഡം വ്യക്തമല്ലെങ്കിലും സാർവത്രികമായി ഈ അളവുകൾ ആണ് ഇപ്പൊൾ സ്വീകരിച്ചു പോരുന്നത്.
എന്നാൽ ഞാൻ ആദ്യം പറഞ്ഞ ഡോക്ടറേറ്റ് സംഘടിപ്പിക്കാൻ സാധ്യതയുള്ള കാര്യം ആണ് ഇതിൽ പ്രധാനം. ഇപ്പോൾ വാസ്തു ആചാര്യ സ്ഥാനം വഹിക്കുന്ന എല്ലാവർക്കും ഇത് കിട്ടുണ്ടെന്നാണ് ചാനൽ വാസ്തുചർച്ചകളിൽ കണ്ടിട്ടുള്ളത്.
കേരളത്തിലെ കോൽ അളവുകൾ എടുത്താൽ
കണ്ണൂർ ഒരു കോൽ – 71 cm,
എടയന്നൂർ ഒരു കോൽ – 71.6 cm തലശ്ശേരി,കോഴിക്കോട്,മലപ്പുറം,തൃശൂർ ഒരു കോൽ – 72 cm
പന്നിയൂർ ഒരു കോൽ – 72 cm
എറണാകുളം ഒരു കോൽ – 72 നും 72.5 നും ഇടയിൽ
കോട്ടയം ഒരു കോൽ – 72.6 cm
ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ ഒരു കോൽ – 73 cm
അമ്പലപ്പുഴ ഒരു കോൽ – 73 cm
ആറന്മുള ഒരു കോൽ – 73.3 cm
കായംകുളം, മാവേലിക്കര ഒരു കോൽ – 73.6 cm
കൊല്ലം ഒരു കോൽ – 74 cm
തിരുവനന്തപുരം ഒരു കോൽ – 75 cm
തിരുവനന്തപുരത്തിന് അപ്പുറത്തേയ്ക്ക് 75.5 cm എന്നിങ്ങനെ ആണ്….
തിരുമൂഴിക്കുളം ക്ഷേത്രത്തിൽ തെക്കുഭാഗത്തിനും വടക്കുഭാഗത്തിനും വെവ്വേറെ കോൽ അളവുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ചോദ്യം ഇതാണ്.
1. കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ടു പോകുന്തോറും എന്തുകൊണ്ടാണ് ഈ അളവുകൾ കൂടി വരുന്നത്?
2. വിരൽ അളവ് നോക്കിയപ്പോൾ കാസർഗോഡ്, കണ്ണൂർ ഭാഗത്തുള്ളവർ കുറിയവരും കൊല്ലം, തിരുവനതപുരം ഭാഗത്തുള്ളവർ ആജാനു ബാഹുക്കളും ആണോ?
3. അതോ എള്ള്, നവര തുടങ്ങിയവ കൃഷി ചെയ്തപ്പോൾ മണ്ണിന്റെ ഗുണത്തിലും കൊടുത്ത വളത്തിന്റെ അളവിലും ഏറ്റക്കുറച്ചിൽ വന്നതാണോ? പ്രബന്ധ സാധ്യത ആണ്.
മറ്റ് അളവ് രീതികളായ താലം, കല, മോതിര വിരലിന്റെ വ്യാസം, കാലടി എന്നിവയെകുറിച്ചു ഇവിടെ പറയുന്നില്ല. വർണ്ണ വ്യവസ്ഥയെ കുറിച്ചും പറയുന്നില്ല. കോൽ എന്ന വാക്കു തന്നെ പിന്നീട് വന്നതാണ്. യഥാർത്ഥ വാക്കുകൾ ഹസ്തി, കിഷ്ക്കു, കരം, ഭുജം,അരത്നി… തുടങ്ങിയവ ആണ്.
ഈ വിഷയം വളരെ ചുരുക്കി ആണ് എഴുതിയിരിക്കുന്നത്. പല കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടില്ല.
Understanding Vastu Shastra Measurements
Vastu Shastra, an ancient guide to designing harmonious living spaces, can sometimes be confusing. Different texts might prescribe slightly different measurements for things and placements. This can leave some people wondering which measurement is “correct.”