നരബലിയും മൃഗബലിയും
Rituals to Reforms: Human and Animal Sacrifices. Cultural Practices of the Past.
ഈയിടെ മൃഗബലിയുമായി ബന്ധപ്പെട്ട ഒരു ചർച്ച കേരളസമൂഹത്തിൽ വീണ്ടും ഉയർന്നുവന്നിരുന്നു. മൃഗബലികളും നരബലികളും പലതവണ സാമൂഹിക പ്രശ്നവിഷയങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. Animal and human sacrifices in cultures
The Ancient Roots of Human and Animal Sacrifices in Global Cultures
മനുഷ്യജീവൻ ഉടലെടുത്തു നായാടി / ഗോത്ര വ്യവസ്ഥിതികളിൽ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ മൃഗബലിയും നരബലിയും അതാത് സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. ആസ്റ്റെക്സ്, ചിമു, ഇൻകാസ്, ഹവായി, ചൈനീസ്, കാർത്തജീനിയൻ, മെസൊപൊട്ടോമിയൻ, ഈജിപ്ഷ്യൻ, സെല്‍റ്റ്സ്, ഹിറ്റോബാഷിറ, മംഗോളിയൻ, സിഥിയൻസ്, “ആദിമ”സിന്ധു എന്നീ സംസ്കാരങ്ങളുടെയും സാമ്രാജ്യ രൂപവൽക്കരണങ്ങളുടെയും ഭാഗമായി നടന്ന മൃഗബലികളും, സ്വന്തം രക്തം സമർപ്പിക്കുന്ന ഭാഗിക ബലികളും, പൈശാചികമായ പൂർണ്ണ നരബലികളും ചരിത്രത്തിന്റെ ഭാഗമാണ്.
Gruesome Rituals: Decapitations, Heart Extractions, and Live Burials
തലയറുത്തുമാറ്റി ഉള്ളിലെ അവയവങ്ങൾ വേർതിരിച്ചെടുത്ത് സമർപ്പിക്കുക, തല മുതൽ വയർ വരെ ഒറ്റ വെട്ടിനു താഴേക്ക് പിളർത്തി ബലി നൽകുക, ജീവനോടെ കുഴിച്ചു മൂടുകയും ചുട്ടെരിക്കുകയും ചെയ്യുക, ജീവനോടെ വെട്ടിപ്പിളർത്തി ഹൃദയം പറിച്ചെടുത്തു സമർപ്പിക്കുക, പർവ്വതമുകളിൽ കിടത്തി മരവിപ്പിച്ചു കൊല്ലുക, തടാകങ്ങളിൽ എറിഞ്ഞു കൊല്ലുക, പ്രകൃതിദത്ത കിണർ പോലെയുള്ള കുഴികളിൽ എറിയുക, ശിലാഫലകങ്ങളിൽ ഇരുത്തി ഹൃദയം കീറിയെടുക്കുക മുതലായ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ നരബലികൾ പല സംസ്കാരങ്ങളിലും നിലനിന്നിരുന്നു.
Religious Texts and the Evolution of Sacrificial Practices
മത രൂപീകരണ തുടക്കകാലത്തു ചില ബലികൾ മതങ്ങൾ ഉൾക്കൊണ്ടതായി കാണപ്പെടുന്നു. പിന്നീട് വന്ന മത ഗ്രന്ഥങ്ങൾ അവയെക്കുറിച്ചു പ്രതിപാദിക്കുകയും ചെയ്യുന്നു. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളിൽ സൂചിപ്പിക്കപ്പെടുന്ന ബലിസന്നദ്ധതകളും പിന്നീട് കടന്നുവന്ന സ്വയം പീഡനങ്ങളും ഒക്കെ ഉദാഹരണങ്ങളാണ്.
ഷിയകളുടെ ആയുധങ്ങൾ കൊണ്ട് സ്വയം മുറിവേല്പിച്ചുള്ള ചോരബലിയും, ഉർസ് ആഘോഷത്തിൽ സൂഫികൾ നടത്തുന്ന സ്വയം പീഡനവും, ക്രൈസ്‌തവ സമൂഹത്തിൽ നില നിൽക്കുന്ന സെൽഫ് ഫ്ലാഗെലേഷൻ എന്ന് വിളിക്കുന്ന സ്വയം പീഡന ചടങ്ങുകളും തുടങ്ങി, കനലാട്ടം, ആഴി, തൂക്കം, ഭാരം ചുമക്കൽ, ഉരുളൽ, ദീർഘ പദയാത്രകൾ, ഉപവാസം, നൊയമ്പുകൾ എല്ലാം തന്നെ ഓരോ തരത്തിൽപ്പെട്ട ബലിയർപ്പിക്കലാണ്. മൃഗ/പക്ഷി ബലികൾ പല മതവിഭാഗങ്ങളിലും നിലനിൽക്കുന്നു.
ഭാരതത്തിൽ ഗോത്രപരമായും, നിധി കണ്ടെത്തുന്നതിന്റെ ഭാഗമായും, യുദ്ധസന്നാഹമായും, പ്രധാന നിർമ്മാണ സംബന്ധിയായും, പ്രവിശ്യാപരമായുമൊക്കെ നര / മൃഗ ബലികൾ നിലനിന്നിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും താത്കാലിക ആരാധനാകേന്ദ്രങ്ങൾ തയ്യാറാക്കിയും ബലികൾ നൽകപ്പെട്ടു. പരിഷ്‌ക്കരിക്കപ്പെട്ട അഹിംസാവാദ സിദ്ധാന്തം നിലവിൽ വരുന്നതിനു മുൻപേ തന്നെ മൃഗങ്ങളെ 250 ആയി തരം തിരിക്കുകയും അതിൽ 50 ഓളം മൃഗങ്ങൾ ബലി നൽകപെടാൻ അനുയോജ്യരാണെന്നു പ്രഖ്യാപിക്കുകയും ചെയ്യപ്പെട്ടു.
Symbolism and Reform: How Sacrifices Were Gradually Replaced
മനുസ്‌മൃതി പോലെയുള്ള ചില ഗ്രന്ഥങ്ങൾ ഒരേസമയം നരബലിയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു. എങ്കിലും അനുകൂലിക്കുന്നത് നരബലി യഥാർത്ഥ ബലിയല്ല, ആലങ്കാരികമായി ചെയ്യേണ്ട ഒന്നാണ് എന്ന രീതിയിൽ ആണ്. ഒരു വാചകം അല്ല അർത്ഥമാക്കേണ്ടത്, അതിന്റെ വിശദീകരണമാണ് എന്ന് കരുതാം.
Human Sacrifices in Ancient India: Rituals, Myths, and Reality
നരബലിയും നരഭോജനവും ഭാഗവത പുരാണത്തിൽ വ്യക്തമായി അപലപിക്കപ്പെട്ടിരിക്കുന്നു. ഛാന്ദോഗ്യ ഉപനിഷത്ത് പറയുന്നത് പുരുഷമേധം (നരബലി, നരമേധം) യഥാർത്ഥത്തിൽ മനുഷ്യൻ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ ജീവിച്ചു തീർക്കുന്നതാണ് എന്നാണ്. ശതപഥബ്രാഹ്മണത്തിലും നരബലിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഹവനകുണ്ഡം എരിഞ്ഞുതുടങ്ങുമ്പോൾ എല്ലാവരെയും പരിക്കില്ലാതെ സ്വതന്ത്രർ ആക്കണം എന്ന് അശരീരിയാൽ സാക്ഷ്യപ്പെടുത്തുന്നു.
ശ്രീ മഹാഭാഗവതം പഞ്ചമസ്കന്ദത്തിൽ നരകഭേദം വിവരിച്ചിരിക്കുന്നത് നരമേധം, ജന്തുമേധം എന്നിവ ചെയ്യാൻ പാടില്ല, ജന്തുക്കളെ പിടിച്ചു അടിമയാക്കി വളർത്തുന്നത് പോലും പാപമാണ് എന്നാണ്. വൈദിക നിയമങ്ങളാൽ നടത്തുന്ന അശ്വബലി യജ്ഞം അല്ലെങ്കിൽ പശു ബലി യജ്ഞം മൃഗങ്ങളെ കൊല്ലുന്ന പ്രക്രിയയായി തെറ്റിദ്ധരിക്കരുത്. നേരെമറിച്ച്, യജ്ഞത്തിനായി അർപ്പിക്കപ്പെട്ട മൃഗങ്ങൾ വേദ സ്തുതികൾ ശരിയായി ആലപിക്കുന്നതിന്റെ അതീന്ദ്രിയ ശക്തിയാൽ ഒരു പുതിയ ജീവിതത്തിലേക്ക് പുനരുജ്ജീവിപ്പിക്കപ്പെടും എന്നാണു.
The Vedic Perspective: Symbolic vs. Literal Sacrifices in Hinduism
വേദങ്ങളിൽ നരബലിയും മൃഗബലിയും ആയി ബന്ധപ്പെടുത്തി വിവരങ്ങൾ ഉള്ളതിൽ, തൈത്തിരീയ സംഹിതയിലെ മൃഗബലിയും, ശുക്ല യജുർവേദത്തിലെ നരമേധ അനുകൂല ചിന്തകളും അവയ്ക്കു ഉപയോഗിക്കേണ്ട ആയുധങ്ങളെപ്പറ്റിയും വിവരണം ഉണ്ടെങ്കിലും ബലികർമ്മം സിംബോളിക് ആയിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.
കാളികാ പുരാണത്തിൽ നരബലിയെക്കുറിച്ചുള്ള അസാധാരണമായ ചർച്ചകളിലൂടെയാണ് രുധിരാധ്യായ ഭാഗം ശ്രദ്ധേയമാകുന്നത്. ദേവിയെ പ്രീതിപ്പെടുത്താൻ നരബലി നടത്താം, എന്നാൽ യുദ്ധത്തിനോ ആസന്നമായ അപകടസാധ്യതകൾക്കോ മുമ്പായി രാജാവിന്റെ സമ്മതത്തോടെ മാത്രമേ നടത്താവൂ.
ശാരീരിക വൈകല്യമുള്ള, ബ്രാഹ്മണനുമായി ബന്ധമുള്ള, അല്ലെങ്കിൽ യാഗത്തിലൂടെ “മരിക്കാൻ തയ്യാറല്ലാത്ത” ആൾ ആചാരത്തിന് യോഗ്യനല്ല. എന്നാൽ ബലിക്ക് പകരമായി അരിമാവ് കുഴച്ചു ബലി പ്രതീകാത്മകമായി നടത്താം എന്നും വിവരിക്കുന്നു. ഇതിൽത്തന്നെ പത്തിൽ കൂടുതൽ അധ്യായങ്ങളിൽ മൃഗബലി, വാമാചാര താന്ത്രികം എന്നിവയെക്കുറിച്ചും പറയുന്നു.
The Transition from Blood Sacrifices to Symbolic Offerings in India
സാൻസ്ക്രിറ്റ് ആൻഡ് ഇൻഡോളജി പ്രൊഫസ്സർ ആയ പോൾ എമൈൽ ഡുമോണ്ട് നേതൃത്വം നൽകിയ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ടീം ഇന്ത്യയിലെ പണ്ഡിതന്മാരുടെ കൂടെചേർന്ന് നടത്തിയ വേദശാസ്ത്ര പഠനങ്ങളിൽ ഇത്തരം ബലി ചരിതങ്ങൾ പ്രതീകാത്മകമായാണ് വേദ സംഹിതകളിൽ വിവരിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്നു. H T കോൾ ബ്രൂക്ക്, ദയാനന്ദ സരസ്വതിയും വിവിധ മഠങ്ങളും, ഹെൽമർ റിങ്ഗ്രെൻ, ജാൻ E.M. ഹൗബെൻ, ഒലിവർ ലീമാൻ, തുടങ്ങിയ പ്രതിഭകളുടെ വാക്കുകൾ ഇതിനടിവരയിടുന്നു.
ഐത്രേയ ബ്രാഹ്മണത്തിലും അർപ്പണ നരബലിയെ അനുകൂലിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ബലി നടക്കാതെ തടുക്കപ്പെടുകയായിരുന്നു.
Historical Examples of Human Sacrifice in Ancient India
ആചാര/അനാചാര ഭാഗമായി പൗരാണിക ഭാരതത്തിൽ നരബലി നടന്നതിന്റെ ഉദാഹരണങ്ങൾ ബാണഭട്ടനും, ഹരിഭദ്രനും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആചാരങ്ങൾ ശാക്തേയ സമ്പ്രദായത്തിൽ പിൽക്കാലത്തുണ്ടായ മാഹാത്മ്യ കൃതികളിലൂടെ (“നരരക്തപ്രിയാം മായാം” എന്ന ശ്ലോകം) വ്യാപിച്ചിരുന്നു. ശാക്തേയത്തിൽ മാത്രമല്ല, തന്ത്രമാതാവായ കൗള മാർഗ്ഗത്തിലെ താന്ത്രിക വിദ്യകളിലും വേദങ്ങളിലെ താന്ത്രിക കർമ്മങ്ങളായ പലവിധ യാഗ/യജ്ഞങ്ങളിലും മൃഗബലി പരാമർശങ്ങൾ ഉണ്ട്.
വേദവും തന്ത്രവും രണ്ടായി കണ്ടാൽ മാത്രമേ ഇത് മനസ്സിലാകുകയുള്ളൂ. താന്ത്രിക രീതിയും വേദങ്ങളോളം പഴക്കമുള്ളവയാണ്. വൈദിക ബ്രാഹ്മണ്യം എന്നും താന്ത്രിക ബ്രാഹ്മണ്യം എന്നും രണ്ടായാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഇവ രണ്ടും കൂട്ടിക്കുഴച്ചു അജ്ഞത സൃക്ഷ്ടിക്കുകയാണ് എന്നുമാത്രം. ഇപ്പോഴുള്ള താന്ത്രികം തന്നെ ഭൂരിപക്ഷം മായം ആണെന്നും പല മഠങ്ങളും ആവർത്തിക്കുന്നു.
രാമാനുജാചാര്യരും ആദിശങ്കരാചാര്യരും മൃഗബലിയെ പിന്തുണക്കുന്ന രീതിയിലുള്ള ശ്ലോകങ്ങൾ രചിച്ചിട്ടുണ്ട് എന്ന വാദവുമുണ്ട്. അതിനെ ഹിംസ എന്നരീതിയിലല്ല കാണേണ്ടത് എന്നർത്ഥത്തിലാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
പിൽക്കാലത്ത് തമിഴ്നാട്ടിൽ മധുരൈവീരൻ ദൈവത്തിനു നരബലി നടത്തിയിട്ടുണ്ട് എന്ന കഥകളോ / വസ്തുതകളോ പ്രചരിച്ചു. ഒഡീഷയിലെ ഖോണ്ട് വംശജർ, കൃഷിക്കുവേണ്ടി നരബലി നടത്തിയ കഥകൾ എഴുതപ്പെട്ടിട്ടുണ്ട്. മധ്യ ഭാരതത്തിലെ ബസ്താർ ട്രൈബുകൾക്കിടയിലെ ബലികൾ കാണപ്പെട്ടിട്ടുണ്ട്.
The Shocking Practice of Thuggee: Ritual Strangulation for Sacrifice
14-ആം നൂറ്റാണ്ട് മുതൽ 19-ആം നൂറ്റാണ്ട് വരെ ഇന്ത്യയിൽ സജീവമായിരുന്ന കൊള്ളക്കാർ എന്ന് കണക്കാക്കാവുന്ന തഗ്ഗി കൾട്ട്, റുമാൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ബലി നല്കാറുണ്ടായിരുന്നു. പല രാജാക്കന്മാരും രാജ്യവിസ്തൃതിക്ക് വേണ്ടി നടത്തിയ ബലികൾ എഴുതപ്പെട്ടിട്ടുണ്ട്. പ്രാദേശിക വൻകിട നിർമ്മാണങ്ങൾക്കു നൽകിയ ബലികളും ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവും പലരുടെയും ജീവൻ അപഹരിച്ചിട്ടുണ്ട്.
Ritual Sacrifices to Modern Superstitions: The Changing Face of Sacrificial Acts
എങ്കിലും കാലം കഴിഞ്ഞപ്പോൾ നരബലിയും മൃഗബലിയും നിർത്തലാക്കി വിവിധ നിയമങ്ങൾ വന്നു. ആചാരങ്ങൾ രഹസ്യമാക്കിയും ദുർമന്ത്രവാദത്തിന്റെ മറവിലും ബലികൾ തുടർന്നെങ്കിലും എണ്ണം ക്രമേണ കുറഞ്ഞുവന്നു. ഹിന്ദുമതത്തിൽ ബലികൾക്കു പകരം സങ്കൽപ്പ ബലികൾ നടന്നു.
കേരളത്തിൽ കാളിക്കും, നീലിക്കും, ചാത്തനും, വീരഭദ്രനുമൊക്കെ ആടിനും കോഴിക്കും പകരം കുമ്പളങ്ങയും കരിക്കും തേനുമായി. വിചിത്രമായ കാര്യം എന്തെന്നാൽ, ഇവിടങ്ങളിൽ മാത്രം മൃഗപക്ഷികളെ ബലി നൽകി ആഹരിക്കുന്നതിൽ നിരോധനം ഉണ്ടെങ്കിലും വർഷത്തിൽ ആഹാരമായി ലക്ഷക്കണക്കിന് മൃഗപക്ഷികളെ കൊന്നൊടുക്കി കറിവെച്ചു കഴിക്കുന്നതിനു നിരോധനം ഇല്ല.
Animal Sacrifices Continue in Kerala and India, While Modern Human Sacrifices Take Darker Forms
ഇപ്പോഴും കേരളത്തിലും, ഭാരതത്തിൽ മറ്റു പല സംസ്ഥാനങ്ങളിലും മൃഗബലി നടത്തുന്നതിന്റെ വാർത്തകൾ കാണാറുണ്ട്. പല മതങ്ങളിലും പ്രധാന ഓർമ്മ / ആഘോഷ ദിനങ്ങളുടെ ഭാഗമായി മൃഗ,പക്ഷികളെ ബലി നൽകി ആഹരിക്കുന്നുണ്ടല്ലോ. കറി നേർച്ചകൾ ചില പള്ളികളിലും അപൂർവ്വം ചില ക്ഷേത്രങ്ങളിലും നിലനിൽക്കുന്നുണ്ട്. അതൊരു തെറ്റായ കാര്യമായി തോന്നിയിട്ടില്ല!
ഇന്നത്തെ നരബലികൾ മറ്റു ചിലതാണ്. ആസക്തികളുമായി ബന്ധപ്പെടുത്തിയുള്ള അധമക്രിയകൾ നടത്തുക, ഇല്ലാക്കഥകൾ പറഞ്ഞുവിശ്വസിപ്പിച്ചു കുരുതികൾ നടത്തുക, തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലേക്ക് ആളെ ചേർത്ത് കൊല്ലാനും ചാവാനും പ്രേരിപ്പിക്കുക, പ്രാദേശിക പൊളിറ്റിക്കൽ ലാഭത്തിനുവേണ്ടി പദ്ധതി തയ്യാറാക്കി ജനങ്ങളെ കൊന്നൊടുക്കുക മുതലായവ ഒരിക്കലും ശമനമില്ലാത്ത പ്രക്രിയയായി തുടരുന്നു.
Ancient Blood Rites to Modern-Day Superstitions: Example
ചരിത്രപ്രസിദ്ധമായ പന്തളം കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ അടവി എന്നപേരിൽ ഒരു ബലി നടക്കാറുണ്ട്. ചിത്രങ്ങൾ മുകളിൽ കാണാം . ദ്രാവിഡ കാലഘട്ടങ്ങളിൽ ഒരുപക്ഷെ നിലനിന്നിരുന്ന ബലിച്ചടങ്ങുകളുടെ പ്രതീകാത്മക ചടങ്ങാകാം ഇത്. അഞ്ചു വർഷത്തിലൊരിക്കൽ ഒരു ദേശത്തെ പുരുഷപ്രജകൾ കൂർത്ത മുള്ളുകളാൽ വലയം ചെയ്യപ്പെട്ട വള്ളിച്ചൂരലിൽ സ്വന്തം ശരീരം ചുറ്റി മുള്ളു കിഴിഞ്ഞിറങ്ങുന്ന മുറിവുകളിൽ നിന്നുള്ള രക്തം ദേവിക്ക് സമർപ്പിക്കുന്ന അപൂർവ്വ ചടങ്ങ്. ഭക്തിയിൽ നിറഞ്ഞു നിൽക്കുന്ന ഭക്തൻ സ്വന്തം ശരീരം മുറിയുന്നതു അറിയാറില്ലത്രേ. മറ്റൊരാളിന്റെ പ്രേരണയില്ലാതെ സ്വയം തീരുമാനിച്ചു, സ്വയം നടത്തേണ്ട ചടങ്ങായതിനാൽ ഇതിൽ തെറ്റ് പറയുന്നത് ഉചിതമല്ല താനും.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary: Animal and human sacrifices in cultures
Recently, a debate around animal sacrifices has resurfaced in Kerala, drawing attention to the historical and cultural significance of such practices. Throughout history, various cultures have engaged in animal and human sacrifices, including civilizations like the Aztecs, Incas, Egyptians, and many others. These acts, often tied to religious or societal customs, were performed to appease gods, ensure prosperity, or prepare for war. While these practices may seem barbaric today, they were once an integral part of spiritual and communal life, though they gradually declined with the rise of new moral and philosophical ideas.
In India, sacrificial customs, including both animal and human offerings, were practiced in different contexts, such as tribal rituals, warfare preparations, and even during major constructions. Over time, religious and social reforms led to the decline of these practices, with symbolic offerings replacing the actual sacrifices. Hindu texts like the Vedas and Puranas provide varied perspectives, sometimes endorsing sacrifices, but often presenting them symbolically. Modern legal and ethical norms have largely eliminated such practices, though remnants of them can still be observed in certain rituals or under the guise of superstitions.