കേരളത്തിലെ ആദ്യ മുസ്ലീം പള്ളി കൊടുങ്ങല്ലൂർ പള്ളിയോ അതോ മാടായിപ്പള്ളിയോ? മാലിക് ഇബ്നു ദിനാർ ജനിച്ചത് AD 658 ലോ?

Kerala’s First Mosque: Kodungalloor or Madayi? Exploring the Origins of Early Islamic Influence

ഇസ്ലാം മതപ്രചാരണം കേരളമുൾപ്പെടെ ലോകത്തു പല പ്രദേശങ്ങളിലും മുസ്ളീം പള്ളികൾ നിർമ്മിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തിലും ആദ്യകാല പള്ളികൾ എന്ന വിഭാഗത്തിൽ പത്ത്‌ പള്ളികളെയാണ് കണക്കാക്കിയിട്ടുള്ളത്. (Kerala’s First Mosque: Kodungalloor or Madayi)

Madayi mosque pazhayangadi

Madayi Mosque Should Challenge Kodungallur’s Title as Kerala’s First Mosque: My view…

പല ചർച്ചകളിലും പറഞ്ഞുകേട്ടത് കൊടുങ്ങല്ലൂർ പള്ളിയാണ് കേരളത്തിലെ ആദ്യത്തെ മുസ്ളീം പള്ളിയെന്നാണ്. എന്നാൽ കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ഭാഗത്തു കുപ്പം പുഴയുടെ തീരത്തായി നിലനിൽക്കുന്ന മാടായി പള്ളിയുടെ വിശേഷങ്ങൾ അല്പം മാറി ചിന്തിക്കാൻ പ്രേരകമാകുന്നു എന്ന് തോന്നുന്നു. ശരിയും ശരികേടും വസ്തുനിഷ്ഠമായി ആഴത്തിൽ പഠിച്ചവർ വ്യക്തമാക്കട്ടെ!

Malik Ibn Dinar: A Pioneer of Islam in Kerala

കേരളത്തിലെ ഇസ്‌ലാം ചരിത്രത്തിന്റെ തുടക്കത്തിൽതന്നെ  ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ആയിരുന്ന മാലിക് ഇബ്നു ദിനാറിന്റെ ഇടപെടൽ മുസ്ളീം സമൂഹത്തിനു ഒരു മുതൽക്കൂട്ടായിരുന്നു. ഇസ്‌ലാം മതപ്രചാരണത്തിനായി കേരളത്തിൽ എത്തപ്പെട്ട വിദേശികളിൽ പ്രധാനി ആയിരുന്നു മാലിക് ദിനാർ (സ്വഹാബിയെന്നും താബിഇൻ എന്നും പറയപ്പെടുന്നു, ഇവയിൽ ഏത് എന്ന് വ്യക്തതയില്ല).

മാലിക് ദിനാറിന്റെ സാന്നിദ്ധ്യ / പ്രവർത്തനങ്ങളെപ്പറ്റി നേരിട്ടുള്ള  ശക്തവും വ്യക്തവും ആയ ഭൗതിക തെളിവുകൾ നിലവിൽ ഇല്ലെങ്കിലും അതിനെ സാധൂകരിക്കുന്ന ഒട്ടേറെ സാഹചര്യ/വസ്തുതാ തെളിവുകൾ ഇപ്പോഴുമുണ്ട് എന്നതാണ് വാസ്തവം.

Ancient Texts Sheds Light on Kerala’s Islamic History

ഇപ്പോഴും ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അജ്ഞാത കർതൃത്വം പേറുന്ന Qissat Shakarwati Farmad എന്ന അറബിക് കൃതി ഇതിനു ഒരു ഉദാഹരണമാണ് (ചേരമാൻ വിഷയം തൽക്കാലം മാറ്റിനിർത്താം). അതോടൊപ്പം മാലിക് ദിനാർ സംഘത്തിലെ മാലിക് ഇബ്നു ഹബീബിൻ്റെ പൗത്രൻ മുഹമ്മദ് ഇബ്നു മാലിക് രചിച്ച സുവർണ്ണ ലിഖിതങ്ങളും. ഇതിന്റെ കടലാസ് കോപ്പി ഇപ്പോഴും മാടായിപ്പള്ളിയിലുണ്ട്. രിസാലത്തുൽ ഫി ളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ എന്ന ഗ്രന്ഥം മാടായിപ്പള്ളിയിൽ കാണാം.

Madayi palli history

ക്വിസ്സാത്ത് ശാകാർവതി ഫർമാദ് എന്ന പുരാതന ഗ്രന്ഥം മുതൽ ഡോ: സി കെ കരീം, സി എൻ അഹമ്മദ് മൗലവി എന്നിവരാൽ എഴുതപ്പെട്ട പിൽക്കാല ചരിത്രരചനകൾ വരെ, അനേകം എഴുത്തുകൾ മാലിക് ദിനാറിന്റെയും സംഘത്തിന്റെയും വരവിനെയും പ്രവർത്തനങ്ങളെയും പ്രതിപാദിക്കുന്നുണ്ട്.

Malik Ibn Dinar’s Legacy in Mosque Building Across Kerala

ഇവപ്രകാരം മാലിക് ദിനാറിന്റെ സംഘം കേരളത്തിന്റെ പല ഭാഗത്തായി പത്ത്‌ പള്ളികൾ ആണ് നിർമ്മിച്ചത്. കലങ്കല്ലുർ/കദങ്കല്ലൂർ  എന്ന കൊടുങ്ങല്ലൂർ, കുലം എന്ന കൊല്ലം, ഹിലി/ ഹേൽവി-മാറാവി  എന്ന മാടായി, ഭാക്കനൂർ/ചേകന്നൂർ എന്ന ബർകൂർ, മഞ്ഞളൂർ എന്ന മംഗലാപുരം, കഞ്ഞാർകുട്/കാങ്കർകോത്ത്‌ എന്ന കാസർഗോഡ്, ജൂർഫാത്താൻ/ജാർഹത്തെൻ/ജൻഫത്തൂർ എന്ന കണ്ണൂർ ശ്രീകണ്ഠാപുരം, ധർമാഫ്ത്താൻ എന്ന ധർമ്മടം, ഫണ്ടാരിനാ/ഫൻദവൻ  എന്ന  പന്തലായനി, ഷാലിയത്/ശിലിശാത്ത്  എന്ന ചാലിയം എന്നിവയാണ് ഈ പള്ളികൾ.

കൊടുങ്ങല്ലൂർ പള്ളിയെ സംബന്ധിച്ചു AD 629 എന്നൊരു നിർമ്മാണ വർഷം ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പിന്നീട് പ്രതിപാദിക്കാം.

Malik Ibn Dinar’s Network: Ten Mosques Across Kerala

മാലിക് ദിനാർ സംഘത്തിലെ മുഹമ്മദ് ഇബ്നു മാലിക് (ഖബർ – തിരുവിതാംകോട് പള്ളി) AD 765 ൽ കുടുംബ രേഖകൾ ക്രോഡീകരിച്ച്  രചിച്ചതുപ്രകാരം ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ ഹിജ്‌റ 21 റജബ് പതിനൊന്നിന് (AD 642 ജൂൺ 15) മാലിക് ഇബ്നു ദിനാർ പൂർത്തീകരിച്ചതെങ്കിൽ മറ്റു പള്ളികൾ എല്ലാം സ്ഥാപിച്ചത് മാലിക് ദിനാറിന്റെ നിർദ്ദേശത്താൽ മാലിക് ഇബ്നു ഹബീബ് എന്ന മാലിക് ദിനാറിന്റെ അനന്തരവനാണ് (ചില ഗ്രന്ഥങ്ങളിൽ സഹോദരൻ എന്നും പറയുന്നുണ്ട്).

Kodungallur Mosque’s Construction

കൊടുങ്ങല്ലൂർ പള്ളിയുടെ നിർമ്മാണം ഹിജ്‌റ 23 റജബ് പതിനൊന്നിനാണ് എന്ന് മാടായി പള്ളിക്കമ്മറ്റി പുറത്തിറക്കിയ ഒരു ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്, വസ്തുതകളുടെ ക്രോണോളോജിക്കൽ ഓർഡർ പ്രകാരം കണക്കിലെടുക്കാൻ കഴിയില്ല.

കൊടുങ്ങല്ലൂരെ ആദ്യപള്ളിയിൽ ഖാളി/ഖാദി/ഖാസി ആയി അവരോധിക്കപ്പെട്ടത് മുഹമ്മദ് ഇബ്നു മാലിക് ആയിരുന്നു. മക്കയിൽ നിന്നും കൊണ്ടുവന്ന മൂന്നു വെൺമാർബിൾ ഫലകങ്ങളിൽ ഒന്ന് ഈ പള്ളിയിൽ സ്ഥാപിക്കപ്പെട്ടു. ഏകദേശം പതിനയ്യായിരം2   ആശാരിക്കോൽ സ്ഥലമാണ് അന്ന് പള്ളിക്കുവേണ്ടി കണ്ടെത്തിയത്. സെന്റർ പോയിന്റിൽ നിന്നും ഓരോ ദിശകളിലേക്കും ഇത്ര ആശാരിക്കോൽ എന്ന കണക്കിൽ – ആധുനിക രീതിയിൽ സ്ക്വയറിലേക്ക് മാറ്റിപ്പറഞ്ഞു എന്നുമാത്രം. സ്ഥലക്കണക്ക് ഏകദേശമാണ് എന്ന്  ഓർമ്മിപ്പിക്കുന്നു.

കൊടുങ്ങല്ലൂർ പള്ളിയുടെ പണി നടക്കുന്ന സമയത്തുതന്നെ കൊടുങ്ങല്ലൂരിൽ താമസമാക്കിയ മാലിക് ഇബ്നു ദിനാറിന്റെ നിർദ്ദേശപ്രകാരം മാലിക് ഇബ്നു ഹബീബും സംഘവും കേരളത്തിൽ തുടർന്ന് സഞ്ചരിക്കുകയും മതപ്രബോധനവും പള്ളിനിർമ്മാണവും തുടരുകയും ചെയ്തു.

Kerala’s Second Mosque in Jonakapuram, Kollam 

കൊല്ലം ജില്ലയിലെ ജോനകപ്പുറത്തു ഹിജ്‌റ 21 റമദാൻ 27 (AD 642 ഓഗസ്റ്റ് 29) നു രണ്ടാമത്തെ പള്ളിയുടെ ശിലാസ്ഥാപനം നടക്കപ്പെട്ടു. മകൻ ഹസ്സൻ ഇബ്നു മാലിക് ആയിരുന്നു ഖാളി. വെണ്ണക്കല്ലിൽ രണ്ടാമത്തേത് ഈ പള്ളിയിൽ സ്ഥാപിച്ചു. ഏകദേശം എണ്ണായിരത്തോളം ആശാരിക്കോൽ2 സ്ഥലമാണ് പള്ളിക്കു ലഭിച്ചത്. ഇവിടെ ശാഹ്ബന്ദരായി (അധികാരസ്ഥാനമുള്ള പ്രധാനി) അബ്ദുൽ അസ്സീസ് ഇബ്നു സൈനുദ്ദിൻ സിമാനായിയെ നിയമിക്കുകയും ചെയ്തു.

Third Mosque Established in Helvi-Maravi or Madayi: (Renovation of old Mosque?)

മൂന്നാമത്തെ പള്ളി ഹേൽവി-മാറാവി എന്ന മാടായി പ്രദേശത്താണ് സ്ഥാപിച്ചത് (നിലവിലുള്ള പള്ളി പുനരുദ്ധരിച്ചതാണ്). ഹിജ്‌റ 21 ശഹബാൻ 10 (AD 642 നവംബർ 9) ൽ ആയിരുന്നു പള്ളി പുനരുദ്ധാരണം പൂർത്തിയാക്കിയത്. മൂന്നാമത്തെ വെണ്ണക്കല്ലു ഈ പള്ളിയിൽ ആണ് സ്ഥാപിച്ചത്. ഖാളി അബ്ദുൽ റഹിമാൻ ഇബ്നു മാലിക് ആയിരുന്നു. ഏകദേശം എണ്ണായിരത്തോളം ആശാരിക്കോൽ2  സ്ഥലം അന്ന് പള്ളിക്ക് കണക്കാക്കിയിരുന്നു.

Madayi old mosque
New Mosque Built in Barkur

പിന്നീട് ബർക്കൂറിൽ ഇബ്രാഹിം ഇബ്നു മാലിക്കിന്റെ ഖാളി സ്ഥാനത്തിൽ ഹിജ്‌റ 22 റബീഉൽ അവ്വൽ പത്തിന് (AD 643 ഫെബ്രുവരി 6) ഏകദേശം പതിനൊന്നായിരത്തോളം ആശാരിക്കോൽ2 സ്ഥലത്തു പുതിയപള്ളി നിർമ്മിച്ചു.

Construction of Mosque in Mangalore

അടുത്തതായി മംഗലാപുരത്തു, ഹിജ്‌റ 22 ജമാദുൽ അവ്വൽ 21 (AD 643 ഏപ്രിൽ 17) നു മൂസ ഇബ്നു മാലിക്കിനെ ഖാളിയാക്കി ഏകദേശം പതിനാലായിരത്തിനാനൂറോളം ആശാരിക്കോൽ2 സ്ഥലം സ്വീകരിച്ച് പള്ളി നിർമ്മിച്ചു. ഇവിടെ ശാഹ്ബന്ദരായി നൂറുദ്ദീൻ ഇബ്നു നാസിറുദ്ദീൻ മിസ്‌രിയെ നിയമിക്കുകയും ചെയ്തു.

Debate Surrounds Completion Date of Historic Mosque in Kasaragod

പിന്നീട് കാസർകോട്ട് എത്തുകയും മാലിക് ഇബ്നു മുഹമ്മദിന്റെ ഖാളി സ്ഥാനത്തിൽ ഹിജ്‌റ 22 റജബ് പതിനെട്ടിന് ( (AD 643 ജൂൺ 12) ഏകദേശം പതിനായിരത്തോളം ആശാരിക്കോൽ2 സ്ഥലത്തു പുതിയപള്ളി നിർമ്മിച്ചു പൂർത്തീകരിച്ചു. എന്നാൽ പള്ളിയിലെ ലിഖിതപ്രകാരം ഹിജ്‌റ 22 റജബ് പതിമൂന്നിന് പള്ളി നിർമ്മാണം പൂർത്തിയായി എന്ന് വായിച്ചിരുന്നു. പതിമൂന്നിന് പൂർത്തീകരിച്ച പള്ളിയിൽ പതിനെട്ടിന് ആദ്യപ്രാർത്ഥന നടത്തപ്പെട്ടു എന്നൊരു പ്രഭാഷണത്തിൽ കേൾക്കാനിടയായിട്ടുണ്ട്. തളങ്കരക്കാരേ, എന്താണ് പറയാനുള്ളത്?

The Seventh Mosque Constructed in Kannur, Sreekandapuram

ഏഴാമത്തെ പള്ളി കണ്ണൂരിൽ ആണ് നിർമ്മിച്ചത്. ശ്രീകണ്ഠാപുരം. സൈനദ്ദിൻ ഉമർ ഇബ്നു മാലികിന്റെ ഖാളി സ്ഥാനത്തിൽ ഹിജ്‌റ 22 ൽ ശഹ്ബാൻ മൂന്നിന് (AD 643 ജൂൺ 27) ഏകദേശം ഏഴായിരത്തോളം ആശാരിക്കോൽ2 സ്ഥലത്തു പുതിയപള്ളി നിർമ്മിച്ചു.

The Famous Dharmadom Mosque

എട്ടാമത്തെ പള്ളി ധർമ്മടത്തു ഹിജ്‌റ 22 ൽ ശഹ്ബാൻ 29 (AD 643 ജൂലൈ 23) നു, ഹുസൈൻ ഇബ്നു മുഹമ്മദ് ഇബ്നു മാലികിന്റെ ഖാളി സ്ഥാനത്തിൽ ഏകദേശം ആറായിരത്തോളം ആശാരിക്കോൽ2 സ്ഥലത്തായിരുന്നു നിർമ്മിച്ചത്.

The Ninth Mosque Built in Panthalayani

ഒൻപതാമത്തെ പള്ളി പന്തലായനിയിൽ ആണ് നിർമ്മിച്ചത്. ഹിജ്‌റ 22 ൽ ശവ്വാൽ 21(AD 643 സെപ്റ്റംബർ 12) നു സൈദുദ്ദിൻ ഇബ്നു മാലിക് ആയിരുന്നു ഖാളി. ഏകദേശം അയ്യായിരത്തോളം ആശാരിക്കോൽ2 സ്ഥലമായിരുന്നു പള്ളിവക.

The 10th Mosque Built in Chaliyam

പത്താമത്തെ പള്ളി ചാലിയത്തു ആണ് നിർമ്മിക്കപ്പെട്ടത്.സൈനുദ്ദിൻ ഇബ്നു മുഹമ്മദ് ഇബ്നു മാലിക് അല്‌മേനിയെ ഖാളിയാക്കി ഹിജ്‌റ 22 ൽ തന്നെ ഏകദേശം ആറായിരത്തോളം ആശാരിക്കോൽ2 സ്ഥലത്ത്  പള്ളിനിർമ്മാണം പൂർത്തിയാക്കുകയും മാലിക് ഇബ്നു ഹബീബും സംഘവും തുടർന്ന് ആറുമാസക്കാലം ചാലിയതു താമസിക്കുകയും ചെയ്തു. പിന്നീടവർ കൊടുങ്ങല്ലൂരിൽ മാലിക് ഇബ്നു ദിനാറിന്റെ അടുത്തേക്ക് തിരിച്ചുപോയി. മാലിക് ഇബ്നു ദിനാർ എല്ലാ പള്ളികളിലും പിന്നീട് എത്തിച്ചേർന്നു പ്രാർത്ഥന നടത്തി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Historical Insights on the Madayi Mosque

മൂന്നാമത്തെ പള്ളിയായ ഹേൽവി-മാറാവി എന്ന മാടായിപ്രദേശത്തെ പള്ളി നിലവിൽ ഉണ്ടായിരുന്നതിനാലാണ് പുതിയപള്ളി എന്ന് പറയാത്തത്. നിലവിൽ ഉള്ള പള്ളിയെ തായ്പ്പള്ളിയാക്കി പുനഃരുദ്ധാരണം നടത്തുക മാത്രമായിരുന്നു മാലിക് ഇബ്നു ഹബീബ് ചെയ്തത്. പഴയപള്ളിയിലെ പഴയ ക്വിബ്‌ല ദിശാസൂചകവും അത്ര പഴക്കമില്ലാത്ത മിംബിറും എല്ലാം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. 

Madayi palli mimbir

പള്ളിക്ക് അകത്തും പുറത്തുമായി മൂന്നു ഖബറുകളും ഉണ്ട്. പുറത്തെ ഖബറിലുള്ള മീസാൻ (നിഷാൻ) കല്ലുകളിലെ ലിഖിതം പഴയകാല തുളുത് ഭാഷയുടെ ആദ്യരൂപം ആണെന്നും ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കല്ലിൽ പെയിന്റ് അടിച്ചു വ്യക്തമായ ചിത്രം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.

മാടായിപ്പള്ളിയിൽ ഒരു പുരാതന മരപ്പലക ഫലകത്തിൽ അബ്ബാസിദ് കാലത്തെ അറബി എന്ന് കരുതുന്ന ഭാഷയിൽ (കുഫിക് അറബിയുടെ പഴയ ലിപി ആണെന്നും വാദിക്കപ്പെടുന്നു) സൂചിപ്പിച്ചിരിക്കുന്ന പ്രകാരം അഞ്ചിൽ (സനഖംസ-അഞ്ചാം വർഷം) ((ഹിജ്‌റ എന്ന വാക്ക് ഇല്ല എന്നാണ് എന്നെ സഹായിച്ചവർ പറഞ്ഞത്) ജമാദുൽ ആഖിർ (AD 626 കാലം) കാലത്തു നിർമ്മിക്കപ്പെട്ട ഈ പള്ളി പിന്നീട് പുനഃരുദ്ധരിച്ചതാണ് എന്ന് മനസ്സിലാക്കാം. 

Madayi palli inscriptions

Historic Mosque Renovation Marks Milestone with Notable Nikah

പള്ളി പുതിയത് ആക്കിയ സമയത്തുതന്നെ ആ പ്രദേശത്തെ നിലവിലെ മുസ്ലിം സമൂഹത്തിന്റെ ശാഹ്ബന്ദർ ആയിരുന്ന അഫീഫുദ്ദിൻ ഇബ്നു മജ്‌ദീൻ അൽകർമാനിയുടെ മകളെ അബ്ദുൽ റഹിമാൻ ഇബ്നു മാലിക്കിന് നിക്കാഹ് ചെയ്തുകൊടുത്തതായും രേഖപ്പെടുത്തിയിരിക്കുന്നു.

5[18] എന്നാണ് ലിഖിതത്തിൽ ഉള്ളതെന്നും 18 എന്നുള്ളത് ഖുർആനിലെ തൗബ അദ്ധ്യായത്തിലെ 18 ആം വാക്യം ആണെന്നും ലിഖിതത്തിലെ വാചകങ്ങൾ 18 ആം വാക്യങ്ങൾ അതേപടി പകർത്തിയതാണെന്നും അബ്ദുല്ല അഞ്ചില്ലത്ത് എന്ന ഇസ്ലാം ചരിത്രകാരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ഹിജ്‌റ ഒൻപതാം വർഷമാണ് തൗബ അദ്ധ്യായം ഖുർആൻ പാരായണത്തിന്റെ ഭാഗം ആക്കിയതെന്ന് കരുതുന്നുവെങ്കിൽ ഈ ഫലകം ഹിജ്‌റ ഒൻപതിന് ശേഷമാകാം എഴുതപ്പെട്ടിട്ടുള്ളത് അല്ലെങ്കിൽ വാക്യം കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് എന്ന് അനുമാനിക്കാം.

Madayi Mosque: Claims Regarding Ancient Copper Inscriptions 

മാടായിപ്പള്ളിയിൽ ചെമ്പുലിഖിതം ഉണ്ടെന്നും വായിക്കാൻ പറ്റാത്തതുപോലെ അക്ഷരങ്ങൾ മാഞ്ഞെന്നും ഒക്കെ ചില പ്രമുഖ ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്… വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ… 

തുടക്കമിട്ടത് റോബർട്ട് സ്വീവാൽ എന്ന ചരിത്രകാരൻ…പള്ളി കണ്ടിട്ടില്ല, പറഞ്ഞു കേട്ടത് എഴുതിയതാണെന്ന് ഇദ്ദേഹം ആദ്യമേ പറയുന്നുണ്ട്. പിന്നെ വില്യം ലോഗൻ അതേറ്റുപിടിച്ചു.. പള്ളി കണ്ടിട്ടില്ല. ലോഗൻ പറയുന്നത് തന്നെ പാരമ്പര്യമായി പറഞ്ഞുകേൾക്കുന്നത് പ്രകാരം എന്നാണ്. പിന്നീട് രംഗ ആചാര്യ, എം ജി എസ് എന്നിവർ അതേറ്റുപാടി… പള്ളി കണ്ടതായോ, വിവരങ്ങൾ തിരക്കിയതായോ അറിവില്ല…

ഒരുപക്ഷെ ചരിത്രപണ്ഡിതൻ എം ജി എസ് ഏറ്റവും കൂടുതൽ വിമർശനം കേട്ടതും ഇത്തരം എഴുത്തുകൾക്കായിരിക്കും. ഇത്തരം എഴുത്തുകൾ ഞാൻ ഉൾപ്പെടുന്ന പഠിതാക്കൾ എങ്ങനെ ആശ്രയിക്കും.

Roots of Islam in Kerala: Early Connections and Communities

മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തിച്ചേരുന്നതിനു വളരെ മുൻപ് തന്നെ അറേബ്യൻ, ചൈനീസ്, ജൂത, ഫിനീഷ്യൻ, പേർഷ്യൻ പ്രദേശങ്ങളിൽ നിന്നും അനേകർ മലബാർ തുറമുഖങ്ങൾ വഴി കേരളവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അറേബ്യൻ പ്രദേശങ്ങളിൽ നിന്നും വന്നവരിൽ, തുടക്കത്തിൽ തന്നെ  ഇസ്ലാം വിശ്വാസത്തിൽ എത്തിപ്പെട്ടവരും ഉണ്ടാകാം. 

അവർ കേരളത്തിൽ ബന്ധം കൂടി ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കി, പ്രാർത്ഥിക്കാൻ ഒരു സ്ഥലം തെരെഞ്ഞെടുത്തതാകാം മാടായിയിലെ തായ്പ്പള്ളി (നിസ്‌ക്കാരപ്പള്ളി).

Madayi palli qabr

ഹിജ്‌റ അഞ്ചിൽ ഇസ്‌ലാം മതമോ ഖുർആനോ ഒരു ചട്ടക്കൂടിനുള്ളിൽ പൂർണ്ണമായും എത്തിയിരുന്നില്ല. എന്നാൽ പ്രാർത്ഥനയുടെ അടിസ്ഥാന നിയമങ്ങൾ – വാക്കാലുള്ളതും എഴുതപ്പെട്ടതും – വളരെമുമ്പേ ഉണ്ടായിരുന്നു താനും.

Kerala’s First Mosque: Kodungalloor or Madayi?

അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ആദ്യ മുസ്ലിംപള്ളി എന്ന പേരിനർഹത കൊടുങ്ങല്ലൂർ പള്ളിക്കാണോ? കൊടുങ്ങല്ലൂർ പള്ളിയിലെ ഫലകം പ്രകാരം AD 629 എന്നുള്ളത് മാടായിപ്പള്ളിയുടെ AD 626 എന്ന കാലത്തിനു ശേഷമല്ലേ.

കൊടുങ്ങല്ലൂർ പള്ളിയുടെ തായ്പ്പള്ളിയെ ഇനാമേത്തല കിഴക്ക് ജമായത്ത് പള്ളി എന്നും പറഞ്ഞുകേട്ടു. രേഖകൾ കാണാത്തതിനാൽ വ്യക്തതയില്ല. ഇനി അങ്ങനെയാണെങ്കിൽ മാടായി പോലെ ഒരു ഇസ്ലാം കമ്മ്യുണിറ്റി കൊടുങ്ങല്ലൂരും മാലിക് ദിനാറിനു മുൻപേ ഉണ്ടായിരുന്നിരിക്കാം, അവരുടെ നിസ്‌ക്കാരപ്പള്ളിയായി AD 629 ലെ മേത്തലപള്ളിയും!! ചേരമാൻ ചരിതം ഇവിടെ ഉദ്ധരിക്കുന്നില്ല!

ആർക്കിയോളജിക്കൽ തെരച്ചിൽ കൊടുങ്ങല്ലൂർ പള്ളിക്കു AD 1000 മുതലുള്ള പ്രായമാണ് കൊടുക്കുന്നത്. പുനർനിർമ്മാണവും ആ സമയത്തായിരുന്നു.  AD 629ൽ  ഉണ്ടായിരുന്ന പള്ളി പൊളിച്ചു പണിഞ്ഞപ്പോൾ പഴയ പള്ളിയുടെ വസ്തുക്കൾ നശിപ്പിച്ചുകാണുമോ? തായ്പള്ളിയിലെ മിഹ്റാബും മിമ്പറും ഒക്കെ എവിടെ?  

ഞാൻ കണ്ട ധർമ്മടത്തെ പള്ളിയിൽ അങ്ങനൊരു പ്രശ്‍നം ശ്രദ്ധിച്ചിരുന്നു.എല്ലാം കോൺക്രീറ്റ് ആക്കാനുള്ള വ്യഗ്രതയിൽ പഴയവ കുഴിച്ചിടുന്ന അല്ലെങ്കിൽ മറ്റ് എവിടെയെങ്കിലും കൊണ്ടുക്കളയുന്ന പ്രവണത!

Exploring the Conflicting Historical Accounts of Malik Ibn Dinar

മാലിക് ഇബ്നു ദിനാർ മരണപ്പെട്ടത് AD 748 ൽ, തന്റെ തൊണ്ണൂറാം വയസ്സിൽ ആയിരുന്നു എന്നാണു പല ചരിത്രമെഴുത്തുകളിലും കാണപ്പെടുന്നത്. അപ്പോൾ അദ്ദേഹം ജനിച്ചത് AD 658 ൽ ആകില്ലേ?. കൊടുങ്ങല്ലൂർ പള്ളിയുടെ ശിലാസ്ഥാപനം, ഇനി, AD 642 ൽ ആണ് നടത്തിയതെങ്കിൽ പോലും മാലിക് ദിനാറുമായി ബന്ധം വരാൻ സാധ്യതയുമില്ല. എവിടെയാണ് പിഴവ് സംഭവിച്ചത്? വ്യക്തത ആവശ്യമല്ലേ?

മാലിക് ഇബ്നു ദിനാർ ജീവിച്ചത് രണ്ടാം ഖലീഫാ ഉമറിന്റെ കാലത്താണ് എന്ന് ചില ചരിത്രത്താളുകളിൽ കണ്ടു. അങ്ങനെയെങ്കിൽ AD 642/43/44 കാലം ശരിയുമാണ്. അങ്ങനെയങ്കിൽ മാലിക് ദിനാറിന്റെ മരണം AD 748 എന്നുള്ളത് പിഴവുതന്നെയാണ്! അങ്ങനെയാണ് എനിക്ക് തോന്നുന്നത്! ഏതോ ഒരു ബുക്കിൽ AD 648 ലാണ് മരണം എന്ന് കണ്ടിരുന്നു. പേര് ഓർക്കുന്നില്ല! അങ്ങനെയെങ്കിൽ പിഴവില്ലതാനും. അങ്ങനെ വന്നാൽ അദ്ദേഹം നിസ്സംശയം സ്വഹാബി ആണെന്നും പറയാം.

ആദ്യകാല പള്ളികൾ പത്തല്ല, പതിനെട്ടെണ്ണമാണ്. ഉമര്‍ബിന്‍ മുമ്മദ് സുഹ്ര്‍വര്‍ദിയുടെ രിഹ്ലത്തുല്‍ മുലൂക്ക് എന്ന ഗ്രന്ഥത്തിൽ ഇവയുടെ വിശദവിവരങ്ങൾ ഉണ്ട്.

Reflections on My Recent Journey to Kannur: Insights, Observations, and Gratitude for the Iftar Invitation

ഈയിടെ നടത്തിയ കണ്ണൂർ യാത്രയുടെ ഭാഗമായ സന്ദർശനങ്ങളും പഠനങ്ങളും കുറിപ്പുകളുടെ ഭാഗമാക്കി വെച്ചുവെന്ന് കരുതുക. കണ്ണൂരിലെ മറ്റു സ്ഥലങ്ങളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും തുടർന്നും എഴുതാം. ഇഫ്‌താർ വിരുന്നിൽ പങ്കെടുക്കാൻ അപ്രതീക്ഷിത ക്ഷണം തന്നതിനു മാടായിപ്പള്ളിക്കമ്മറ്റിക്ക് നന്ദി രേഖപ്പെടുത്തുന്നു. വിവരശേഖരണം –  വായന, നിരീക്ഷണം, കൂടിക്കാഴ്ചകൾ എന്നിവയിൽനിന്നും ക്രോഡീകരിച്ചതാണ്.

madayi iftar

ചരിത്ര എഴുത്തുകളിൽ വൈരുദ്ധ്യം കടന്നുകൂടുക പതിവാണ്. മാലിക് ദിനാർ സംഘത്തിലെ മുഹമ്മദ് ഇബ്നു മാലിക് രചിച്ച രേഖകൾ തന്നെയാകാം ഏറ്റവും അഭികാമ്യം എന്ന് കരുതുമ്പോഴും മറ്റു ചില രചനകൾ നല്കുന്ന വ്യത്യസ്തവിവരങ്ങൾ ചരിത്രപഠിതാക്കളിൽ ആശയക്കുഴപ്പം സൃക്ഷ്ടിക്കും.

Discrepancies in Historical Accounts: The Arrival of Malik Ibn Dinar and Early Islamic Influence in Kerala

കേരളമുസ്ലീം ചരിത്രമുൾപ്പെടെ പല എഴുത്തുകളിലും മാലിക് ദിനാർ സംഘത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള ഇരുപത് പേർക്ക് പുറമെ മറ്റു ബന്ധുക്കളും, ഇരുപത്തിരണ്ട് മതപണ്ഡിതന്മാരും, പതിമൂന്നു വെൺമാർബിൾ ഫലകങ്ങളും വന്നിരുന്നതായി പറയുന്നു. എത്തിയത് AD 642 ൽ ആണെന്നതിൽ അഭിപ്രായവ്യത്യാസം ഇല്ലതാനും. 

മറ്റു ചില എഴുത്തുകൾ AD 624 നാണ് ഊന്നൽ കൊടുക്കുന്നത്. എന്നാൽ ഏഴാം നൂറ്റാണ്ടിന്റെ അവസാനമാണ് മാലിക് ദിനാർ വന്നതെന്നുള്ള നിരീക്ഷണങ്ങളും നിലവിലുണ്ട്. എട്ടാം നൂറ്റാണ്ടെന്നും, ഒൻപതാം നൂറ്റാണ്ടെന്നും രേഖപ്പെടുത്തിയവരും ഉണ്ട്. ചരിത്രവ്യാഖ്യാനം വഴിമുട്ടുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണ്.

മൂന്നു പള്ളികളിൽ മാത്രമല്ല വെൺമാർബിൾ സൂക്ഷിച്ചിരിക്കുന്നത്, മറ്റു പല പള്ളികളിലും ഉണ്ട്. പല എഴുത്തുകളിലും കാണാം.…

Madayi pally marble

ചരിത്ര ആഖ്യായികകളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കേരളത്തിലെ പ്രശസ്തരായ പല ചരിത്ര പണ്ഡിതന്മാരും വിഷയങ്ങളെ വിശകലനം ചെയ്തിട്ടുള്ളത് വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ്. 

The Intricacies of History

പതിനഞ്ചാം നൂറ്റാണ്ടിനും പുറകിലേക്ക് സഞ്ചരിക്കുമ്പോൾ ഭൗതിക തെളിവുകളുടെ അഭാവവും ഐതിഹ്യത്തിന്റെയും വിശ്വാസത്തിന്റെയും കടന്നുകയറ്റവും ചരിത്രപഠനത്തിലെ രസംകൊല്ലികളാണ്. ഇത്തരം ഏടുകൾ വലിയ ചരിത്രപണ്ഡിതന്മാരെപ്പോലും കുഴപ്പത്തിലാക്കിയിട്ടുണ്ട്. സ്വാഭാവികമായും, അവരെക്കണ്ടു പഠിക്കുന്ന നമുക്കും ഇത്തരം കുഴപ്പം ഉണ്ടാവാം.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

The origin of the first Muslim mosque in Kerala is a subject of much debate. While the Kodungalloor mosque is widely regarded as the first, the significance of the Madayi mosque, located along the banks of the Kuppam River in Kannur district, raises questions about this claim. Malik Ibn Dinar, an influential Islamic scholar and missionary, is often credited with establishing Islam in Kerala. However, there is no concrete physical evidence of his activities, though various historical references suggest his involvement. Several early mosques, including the one in Kodungallur, are attributed to his followers, such as Malik Ibn Habib.

The debate around which mosque came first—Kodungallur or Madayi—is further complicated by differing historical records. The Kodungallur mosque is said to have been completed in 642 AD, while some claim the Madayi mosque predates it, with evidence pointing to 626 AD. Moreover, inconsistencies in historical accounts regarding Malik Ibn Dinar’s life, including his birth and death dates, add to the confusion. Some historians suggest that Malik Ibn Dinar was born in 658 AD, making it unlikely that he built these mosques, raising further questions about the true timeline of early Islamic influence in Kerala.

This article has been viewed: 31
50530cookie-checkകേരളത്തിലെ ആദ്യ മുസ്ലീം പള്ളി കൊടുങ്ങല്ലൂർ പള്ളിയോ അതോ മാടായിപ്പള്ളിയോ? മാലിക് ഇബ്നു ദിനാർ ജനിച്ചത് AD 658 ലോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!