ഗ്ലോബിഷ് (ഗ്ലോബൽ ഇംഗ്ലീഷ്)
Want to speak in English? Learn Globish, the Global English
ഗ്ലോബിഷ് (ഗ്ലോബൽ ഇംഗ്ലീഷ്) എന്ന് കേട്ടിട്ടുണ്ടോ? ഇംഗ്ലീഷ് ഭാഷ അനായാസമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഒരു രീതിയാണത്. ഇന്ന് ലോകത്തു ഒരുപാട് പേർ ഈ രീതി അവലംബിക്കുന്നുണ്ട്.
What is Globish?
എന്താണ് ഗ്ലോബിഷ്? ലോകത്തു പൊതുവായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഒന്നുകിൽ ബ്രിട്ടീഷ് ഇംഗ്ലീഷ് അല്ലെങ്കിൽ അമേരിക്കൻ ഇംഗ്ലീഷ് അല്ലെങ്കിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇംഗ്ലീഷ് വകഭേദങ്ങൾ ആണ്. ഇവയെല്ലാം ഭാഷയാണ്. സംസ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നവ. പദ സമ്പത്ത്, ഉച്ചാരണം, വ്യാകരണം, ശൈലികൾ, പ്രയോഗങ്ങൾ, സംസാരത്തിനിടയിൽ കൊടുക്കേണ്ട ചോദ്യ രീതി, കോമ, ഫുൾ സ്റ്റോപ്പ് മുതലായവ ഒക്കെയാണ് ഈ ഭാഷകളെ പൂർണ്ണമാക്കുന്നത്.
എന്നാൽ ഗ്ലോബിഷ് (ഗ്ലോബൽ ഇംഗ്ലീഷ്) ഒരു പ്രത്യേക ഭാഷയല്ല. ലോകം മുഴുവൻ ഉള്ള ആൾക്കാർ തമ്മിൽ പൊതുവായി കടുപ്പം കുറഞ്ഞ ഇംഗ്ലീഷ് ഉപയോഗിച്ച് എങ്ങനെ ആശയവിനിമയം സാധ്യമാക്കാം എന്ന പഠനത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു രീതിയാണ് ഇത്. (lingua franca – enable communication between people of different mother tongues).
Examples set by Notables
ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങൾ കേട്ടുനോക്കൂ. ഇംഗ്ലീഷ് ലിറ്ററേച്ചർ പാസായിട്ടുള്ളവർക്കു പോലും മനസ്സിലാക്കാൻ പ്രയാസമാണ്. അതിന്റെ കൂടെ ഓരോ പുതിയ വാക്കുകളും വരും. അദ്ദേഹം ശീലിച്ച രീതിയാണത്. പക്ഷെ വലിയൊരു സമൂഹവുമായുള്ള ആശയവിനിമയത്തിന് ഈ രീതി പറ്റില്ല. ഇന്ത്യയിൽ ഉള്ളവരിൽ തന്നെ എത്ര ശതമാനത്തിനു ഇത് മനസ്സിലാകും?
അതെ സമയം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബരാക് ഒബാമയുടെ പ്രസംഗം കേട്ടുനോക്കൂ. പ്രത്യേകിച്ച് ബിൻലാദന്റെ മരണം ലോകത്തെ അറിയിച്ച പ്രസംഗം. യൂട്യൂബിൽ ലഭ്യമാണ്. അദ്ദേഹത്തിന് അമേരിക്കൻ ശൈലിയിൽ സംസാരിക്കാൻ അറിയാത്തതു കൊണ്ടല്ല അങ്ങനെ പ്രസംഗിക്കുന്നത്. അത് ഗ്ലോബിഷ് രീതിയാണ്. പൂർണ്ണമായ ആശയവിനിമയം ആണ് അതിലൂടെ ലക്ഷ്യമിടുന്നത്. ജപ്പാനിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒബാമയുടെ പ്രസംഗങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലീഷ് നന്നായി അറിയാവുന്നവർക്ക് ഗ്ലോബിഷ് രീതിയിൽ സംസാരിക്കുമ്പോൾ അറിയാതെ ഒറിജിനൽ ഇംഗ്ലീഷ് രീതികൾ കടന്നുവരും. എന്നാൽ പുതുയായി പഠിക്കുന്നവർക്ക് അതൊരു പ്രശ്നമല്ല.
History of Globish
മധുകർ ഗോഗേറ്റ് 1998-ൽ Globish എന്ന വാക്ക് ഉപയോഗിച്ചു ഈ രീതിയെ ഇൻട്രൊഡ്യൂസ് ചെയ്തു. IBM മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി വിരമിച്ച ജീൻ-പോൾ നെറിയേർ 2004-ൽ Parlez Globish എന്ന ഗ്ലോബിഷ് ബുക്ക് പ്രസിദ്ധീകരിച്ചു. ഇതിൽ 1500 ഇംഗ്ലീഷ് വാക്കുകളുടെ ഒരു ലിസ്റ്റും സാധാരണ ഇംഗ്ലീഷ് വ്യാകരണത്തിന്റെ ഒരു ഉപഗണവും ആണ് ഉപയോഗിക്കുന്നത്. (ഈ ബുക്കിന്റെ ഇംഗ്ലീഷ് വേർഷൻ ഇന്റർനാഷണൽ മാർക്കറ്റുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതുവരെ ഓൺലൈനിൽ കണ്ടിട്ടില്ല). ഗ്ലോബിഷ് രീതി ഉപയോഗിച്ചുകൊണ്ട്, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരല്ലാത്തവരെ പരസ്പരം നന്നായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതിന് വിവിധ പ്രസിദ്ധീകരണങ്ങളുടെ രൂപത്തിൽ അദ്ദേഹം നിയമങ്ങളും പരിശീലനവും വികസിപ്പിച്ചെടുത്തു. അദ്ദേഹം ഡസൻ കണക്കിന് അഭിമുഖങ്ങൾ നടത്തുകയും ഗ്ലോബിഷിനെ കുറിച്ച് നാല് വ്യത്യസ്ത ഭാഷകളിൽ ആറോളം പുസ്തകങ്ങൾ എഴുതുകയോ സഹ-രചയിതാവ് ആകുകയോ ചെയ്തു.
Campaign on Globish
ലോകമെമ്പാടും സ്പോക്കൺ ഇംഗ്ലീഷ് (spoken english) അക്കാദമികളും IELTS സ്കൂളുകളും (തുടക്കത്തിൽ) ഗ്ലോബിഷ് രീതി അവലംബിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പൊതുവെ എല്ലാവരും ഗ്ലോബിഷ് രീതിയിൽ ആണ് സംസാരിക്കുന്നത്. അത് വിദ്യാഭ്യാസത്തിലൂടെ ഒരു പരിധിവരെ ഇംഗ്ലീഷ് അറിവ് നേടിയത് കൊണ്ടാണ്. എങ്കിൽ കൂടിയും അതിനു കൃത്യമായ ഒരു ഫ്രെയിം ഇല്ലാത്തതാണ് പ്രശ്നം. ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ്-വിൻഗ്ലീഷ് സിനിമ കണ്ടവർക്കറിയാം അതിൽ ശ്രീദേവി ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ശ്രമിക്കുന്നത്. അത് അല്പം കൂടി ഒഴുക്കോടെയും അടുക്കും ചിട്ടയിലും സംസാരിച്ചാൽ ഗ്ലോബിഷ് ആയി.
Importance of Globish
നാം എന്തിനു ഇംഗ്ലീഷ് പഠിക്കുന്നു? അല്ലെങ്കിൽ എന്തിനാണ് മറ്റൊരു വിദേശഭാഷയായി ഫ്രഞ്ചോ, സ്പാനിഷൊ, ജർമ്മനോ, ഡച്ചോ ഒക്കെ പഠിക്കാൻ ശ്രമിക്കുന്നത്? ഒന്നുകിൽ നല്ല ജോലിക്കോ, ഉദ്യോഗകയറ്റത്തിനോ, സൊസൈറ്റി ക്രെഡിബിലിറ്റിക്കു വേണ്ടിയോ, ഉന്നത വിദ്യാഭ്യാസം നേടി എന്ന് ബോധ്യപ്പെടുത്തുന്നതിനോ, സ്വയം സംതൃപ്തിക്ക് വേണ്ടിയോ ഒക്കെയാകാം. എന്നാൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിയാത്തതു വലിയ നാണക്കേട് ആണെന്ന് കരുതുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട്. അവരോടു പറയാൻ ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് എന്നത് ആശയവിനിമയത്തിനുപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ്, അല്ലാതെ അത് നമ്മുടെ അറിവിനേയോ, കഴിവിനെയോ, ബുദ്ധിയേയോ അളക്കുന്ന ഒരു ഉപകരണം അല്ല. കമ്മ്യൂണിക്കേഷൻ ആണ് ലക്ഷ്യമെങ്കിൽ ഗ്ലോബിഷ് ശീലിക്കൂ.
Simple methods to learn Globish or any Language
ഗ്ലോബിഷ് സംസാരിക്കുവാൻ പഠിക്കേണ്ട രീതികൾ താഴെ പറയാം. ഏറ്റവും പ്രധാനം പറയുന്ന വാക്കുകളുടെ അർഥം അറിയുക എന്നതാണ്.
1. ഏതു ഭാഷയായാലും അറിയാവുന്ന വാചകങ്ങൾ സംസാരിച്ചു ശീലിക്കാതെ മുൻപോട്ടു പഠിക്കാൻ പറ്റില്ല. തെറ്റുന്നതൊന്നും പ്രശ്നമല്ല. തെറ്റിക്കോട്ടെ, പക്ഷെ സംസാരിക്കുന്നതു നിർത്താതിരിക്കുക.
2. മറ്റുള്ളവരെ ശ്രദ്ധിച്ചു അവരെ അനുകരിച്ചു സംസാരിക്കുക.
3. സ്വയം കണ്ണാടിയിൽ നോക്കി പ്രാക്ടീസ് ചെയ്തും പഠിക്കാം.
4. ബുക്കുകൾ, പത്രങ്ങൾ, മാഗസിൻസ് എന്നിവയൊക്കെ വായിച്ചു അത് വീണ്ടും ഉറക്കെ പറഞ്ഞു പ്രാക്ടീസ് ചെയ്തു പഠിക്കാം. അതിലെ കഥാപാത്രങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് വിചാരിച്ചു അവരുമായി സംസാരിക്കുക.
5. ഒരു ടീച്ചറോടൊ സുഹൃത്തിനോടോ സ്ഥിരമായി ഇംഗ്ളീഷിൽ മാത്രം സംസാരിക്കാം.
6. വാക്കുകൾ മാത്രം ആയി പഠിക്കാതെ വാചകങ്ങൾ ആയി പഠിക്കുക. ഇംഗ്ലീഷ് ഗ്രാമർ എന്ന സാധനത്തിനെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ സംസാരം ശീലിക്കുക. ഗ്രാമർ ഒക്കെ പുറകാലെ വരും.
Route of English
ഗാർഡിയൻ പത്രം പറയുന്ന പ്രകാരം എ ഡി 5 മുതൽ 7 വരെ നൂറ്റാണ്ടുകളുടെ മധ്യത്തിൽ വടക്കുപടിഞ്ഞാറൻ ജർമ്മനി, തെക്കൻ ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ആംഗ്ലോ-സാക്സൺ കുടിയേറ്റക്കാർ ബ്രിട്ടനിലേക്ക് കൊണ്ടുവന്ന ആംഗ്ലോ-ഫ്രീഷ്യൻ ഭാഷകളിൽ നിന്ന് ഉത്ഭവിച്ച ഒരു പശ്ചിമ ജർമ്മനിക് ഭാഷയാണ് ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷയിൽ 615,000 വാക്കുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. 354 ദശലക്ഷം ആളുകൾ അവരുടെ ആദ്യ ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ വളരെയധികം വർഷങ്ങൾ എടുക്കും. എന്നാൽ ഗ്ലോബിഷ് പഠിക്കാൻ എളുപ്പമാണ്. 1.5 ബില്യൺ ആളുകൾ ഇത് രണ്ടാം ഭാഷയായി സംസാരിക്കുന്നു. globish .com എന്ന വെബ്സൈറ്റിൽ ഗ്ലോബിഷ് ഡിക്ഷനറിയും ഗ്ലോബിഷ് ടൈപ്പിംഗ് ടൂളും ലഭിക്കും. ആമസോണിൽ Robert McCrum എഴുതിയ Globish: How the English Language Became the World’s Language, Nerriere and David Hon എഴുതിയ Globish the World Over എന്നിവ ലഭിക്കും. രണ്ടും ഗ്ലോബിഷ് രീതിയിൽ എഴുതിയ ബുക്കുകൾ ആണ്.
Globish is a simplified version of English designed for international communication. It uses a limited vocabulary of around 1,500 words and a basic grammar structure. This makes it easier for people from different backgrounds to understand each other. While Globish may not be suitable for complex conversations, it’s a helpful tool for beginners to learn the basics of English communication.