വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ തെയ്  തെയ്: ആറന്മുള വള്ളസദ്യ!

Aranmula Vallasadya – Biggest vegetarian offering feast in India.

ആറന്മുള വള്ളസദ്യ കഴിച്ചിട്ടുള്ളവർ ഉണ്ടാകും. 250 രൂപ കൊടുത്ത് കൂപ്പൺ എടുത്തു കഴിക്കുന്ന “വള്ളസദ്യ” എന്നപേരിൽ വിളിക്കപ്പെടുന്ന സദ്യയാകും ഭൂരിപക്ഷം പേരും കഴിച്ചുണ്ടാകുക. എന്നാൽ കഴിക്കേണ്ടത് ആ സദ്യയല്ല, മറിച്ച്, കരക്കാരുടെ കൂടെ, അല്ലെങ്കിൽ വഴിപാടുകാരുടെ കൂടെ, സാധ്യമെങ്കിൽ വള്ളത്തിൽ സഞ്ചരിച്ചു, വള്ളപ്പാട്ടിൽ ലയിച്ചു, ആറന്മുളയപ്പനെ ധ്യാനിച്ച്, ഭക്തിപുരസ്സരം സദ്യ ആഹരിക്കണം.

aranmula vallasadya

ഒരേ ജില്ല ആയിട്ടും കരക്കാരുടെ കൂടെയോ, വഴിപാടുകാരുടെ കൂടെയോ ഉള്ള യഥാർത്ഥ വള്ളസദ്യ ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണത്തെ അഷ്ടമി രോഹിണിക്ക് ശേഷമുള്ള ആദ്യദിനംതന്നെ ആ അവസരം ലഭിച്ചു. പാട്ടിലൂടെ ചോദിച്ചു ചോദിച്ച്… ഓരോ വിഭവവും കഴിച്ച്… 

ആചാരങ്ങളും അനുഷ്ഠാനങ്ങളും

ആറന്മുള ക്ഷേത്രത്തിൽ പോയ സമയങ്ങളിൽ അവിടത്തെ ആചാരങ്ങളും രീതികളും വള്ളസദ്യയും അതിനു പിന്നിലെ ഐതിഹ്യങ്ങളും ഇപ്പോൾ കണ്ടുവരുന്ന മാറ്റങ്ങളുമൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കാനുള്ള അവസരം ലഭിച്ചിരുന്നു.

Aranmula temple

വള്ളസദ്യയിലെ അടിസ്ഥാന വിഭവങ്ങൾ 36 എണ്ണമാണെങ്കിലും നാലെണ്ണം വീതം കൂട്ടിക്കൂട്ടി 64 എണ്ണം വരെ പോകാറുണ്ട്. ഒരു പ്രാവശ്യം അതിനും മുകളിലേക്ക് 70 (68+2) വിഭവങ്ങൾ വരെയുണ്ടായതായി കേട്ടിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ദിവസം 64 തരം  വിഭവങ്ങൾ ആണ് തയ്യാറാക്കുന്നത്. 63 എന്നൊരു ഭാഷ്യവും പ്രചാരത്തിലുണ്ട്.

aranmula parthasarathy kshethram

മിക്കവാറും, 68 വിഭവങ്ങൾക്ക് പുറമെ അധികവിഭവമായി, പമ്പാതീർത്ഥവും അമ്പലപ്പുഴ പാൽപ്പായസവും ഉണ്ടാകാറുണ്ട്. പാൽപ്പായസം തയ്യാറാക്കുന്നത് അമ്പലപ്പുഴക്കാർ തന്നെയാണ്. യഥാർത്ഥ ആദ്യകാല വള്ളസദ്യകളിൽ വിഭവങ്ങൾ വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു… പിൽക്കാലത്താണ് വിഭവസമൃദ്ധം എന്ന വിചാരങ്ങൾ ഉണ്ടായത്.

vallasadya aranmula

ഉള്ളിയും, വെളുത്തുള്ളിയും, കൈതച്ചക്കയും, കാരറ്റുമൊന്നും ഉപയോഗിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇക്കാലത്ത് അതിൽനിന്നും മാറ്റങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഉള്ളി വർഗ്ഗങ്ങളോട് ഇപ്പോഴും അത്ര മമതയില്ല എന്നും പറഞ്ഞുകേട്ടെങ്കിലും എനിക്ക് ലഭിച്ച കറികളിൽ ധാരാളം ഉള്ളി ചേർത്തിരിക്കുന്നത് കണ്ടു.

പ്രത്യേക വിഭവങ്ങൾ 

കോട്ടയം ജില്ലയിലെ ചേനപ്പാടി ഗ്രാമത്തിൽ നിന്നുമുള്ള പാളത്തൈര് ആണ് ഇപ്പഴും വള്ളസദ്യക്ക് ഉപയോഗിക്കുന്നത്. ചെറുവള്ളി പ്രദേശത്തു മാത്രം കണ്ടുവന്നിരുന്ന ഒരുതരം കുള്ളൻ പശുവിന്റെ തൈരായിരുന്നു അത്. ഇന്ന് ഇത്തരം പശുക്കൾ വളരെക്കുറവാണ്. ഇടക്ക് ചേനപ്പാടിയിൽ നിന്നുള്ള തൈരുവരവ് നിലച്ചിരുന്നെങ്കിലും 2007 ഓടുകൂടി പുനഃരാരംഭിച്ചിരുന്നു.

aranmula vallasadya

പാളത്തൈരിന് മാത്രമല്ല വറുത്ത എരിശ്ശേരിക്കും, വഴുതനങ്ങാ മെഴുക്കുപിരട്ടിക്കും, ഉപ്പുമാങ്ങക്കും ഒക്കെ ഐതിഹ്യകഥകൾ പറയാനുണ്ട്. സദ്യകളിൽ സാധാരണമല്ലാത്ത മടന്തയില തോരൻ, വാഴക്കൂമ്പ് തോരൻ, പഴുത്ത മാങ്ങാക്കറി, തകര തോരൻ, ഓലൻ, അമ്പഴങ്ങ അച്ചാർ, ചീര തോരൻ, കരിമ്പ് എന്നിങ്ങനെ പല വിഭവങ്ങളും ഈ സദ്യവട്ടങ്ങളിൽ ഉണ്ട്.

കറിശ്ലോകങ്ങൾ 

വിളക്കിന് മുൻപിൽ വിളമ്പാനും അഭിഷേകം ചെയ്ത തീർത്ഥവും, കുങ്കുമവും, കളഭവും തരാനും പാട്ടിലൂടെ ആവശ്യപ്പെടുന്നതോടെ സദ്യ തുടങ്ങിയിരുന്നതുതന്നെ. പിന്നീടാണ് കറിശ്ലോകങ്ങളിലേക്ക് എത്തുക.

vallasadya aranmula

വിളമ്പാൻ താമസിച്ചാലും പാട്ടു വരുമത്രേ… വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ തെയ്  തെയ്, ഓ  തെയ് തെയ് തകതോ  തെയ് തെയ് തകതോ.

നറുനെയ് നമുക്ക് വേണ്ടാ, വെണ്ണതന്നെ തന്നീടേണം… 

ഇലക്കറികളിൽ കേമൻ, ചീരത്തോരൻ… തന്നിടേണം…

തിരുവാറന്മുളയപ്പന്റെ പൊന്നിന്‍തിടമ്പേറ്റും ശ്രീരഘുനാഥന്റെ ഇഷ്ടഭോജനമായ നീലക്കരിമ്പും ഉണ്ടശർക്കരയും…, അത് കൊണ്ടുവാ…

aranmula vallasadya

വറുത്തെരിശ്ശേരി ഭുജിച്ചിടുമ്പോള്‍, പെരുത്തുവന്നൊരു ദാഹമിപ്പോള്‍, ചതച്ച് ചുക്കിട്ട് തിളപ്പിച്ച വെള്ളം, മഹത്ത്വമേറീടുമിഹ തന്നിടേണം…

രസത്തോടെ ഭുജിപ്പാനായി രസം തന്നെ തന്നിടേണം.

ചിങ്ങാന ദേശത്തുളവായ മാങ്ങ, എങ്ങാനുമുണ്ടെങ്കില്‍ കയറിപ്പറിച്ച്, ചെമ്മേ ചമച്ച് കറിയാക്കി വിളമ്പിടേണം…

Aranmula pamba

ചേനപ്പാടി രാമച്ചാരുടെ, നീലിപ്പയ്യിന്‍ പാളത്തൈരേ, അതു കൊണ്ടുവാ… (ചിലസമയങ്ങളിൽ രാമച്ചാർ കേളുച്ചാരും ചേകവരും ഒക്കെ ആകാറുണ്ട്… കേളുച്ചാർ ആണ് ഐതിഹ്യകഥയനുസരിച്ചുള്ളത്.)

കരയനുസരിച്ച് പാട്ടിന്റെ വരികളിലും അവതരണ ശൈലിയും മാറ്റങ്ങൾ വരും.

സദ്യയും ചെലവും 

വള്ളസദ്യ പാർത്ഥസാരഥിക്കുള്ള  വഴിപാടാണ്. എന്നാൽ ചെലവ് വളരെക്കൂടുതലാണ്. വഴിപാടായി വള്ളസദ്യ നടത്തുമ്പോൾ 250 പേർക്കുള്ള സദ്യ ഉണ്ടാകണം എന്നൊരു തീരുമാനം ഇപ്പോൾ ഉണ്ട്. സദ്യയും, മാലിന്യ സംസ്കരണവും, സുരക്ഷാ ചെലവും, വള്ളത്തിന്റെ ദക്ഷിണയും ഒക്കെയായി ലക്ഷത്തോളം രൂപ ചെലവുവരും.

vallasadya song

250 പേർക്കാണ് സദ്യയെങ്കിലും അടുത്തപന്തിയായി അൻപതോളം പേർക്കുകൂടി സദ്യ വിളമ്പാറുണ്ട്.

മൂന്നുതരത്തിലാണ് സദ്യകൾ ഉണ്ടാവുക. ഒന്ന്, യഥാർത്ഥ വള്ളസദ്യ… ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ. രണ്ട്, ക്ഷേത്രം നടത്തുന്ന സമൂഹസദ്യ, മൂന്ന്, ക്ഷേത്രത്തിന് പുറത്ത്, വള്ളസദ്യ എന്ന പേരിൽ നടത്തുന്ന ഉടായിപ്പ് കച്ച”ക”പടസദ്യ.

കച്ചവട സദ്യ 

ഭക്തിയിലൂടെ കച്ചവടം നടത്തുക എന്നതും ഒരു തന്ത്രമാണല്ലോ. ആറന്മുളയപ്പനെ ജീവവായുവായി കൊണ്ടുനടക്കുന്നവർക്ക് ഉണ്ടാകുന്ന മാനസിക പ്രയാസം പറയാതെ വയ്യ. പുറത്തുള്ള സദ്യക്ക് ആചാരങ്ങളുമായോ അനുഷ്ഠാനങ്ങളുമായോ  ഒരു ബന്ധവുമില്ല. വള്ളസദ്യ എന്ന പേരുപോലും അവർ ഉപയോഗിക്കാൻ പാടുള്ളതല്ല. അത് ബിസിനസ്സ് മാത്രമാണ്. 250 രൂപ കൊടുത്തു കഴിക്കുന്ന ഒരു വെജിറ്റേറിയൻ സദ്യ… അത്ര മാത്രം. ഇതിൽ ആർക്കൊക്കെയോ പങ്കും കാണും.

എന്നാൽ സദ്യ മോശമല്ലതാനും. ആറന്മുള ക്ഷേത്രം കാണാൻ പോകുന്ന ദൂരെദിക്കിൽ നിന്നുള്ളവർ ഒരു വെജിറ്റേറിയൻ സദ്യയും കൂടി കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത് നല്ല ആശയം തന്നെ. എന്നാൽ ഇത് വള്ളസദ്യ അല്ല എന്ന് മനസ്സിലാക്കി കഴിക്കുക… അത്രമാത്രം. അല്ലാതെ അഭിപ്രായവ്യത്യാസം ഒന്നുമില്ല.

vallasadya pass coupon

സരസനായ ഒരു വ്യക്തി അവിടെവച്ചു പറഞ്ഞത് ഓർക്കുന്നു. പണം മുടക്കി പാസ് വാങ്ങി കഷ്ടപ്പെട്ട് അകത്തുകയറി സദ്യ കഴിക്കുന്നത് ഹോട്ടലിൽ കയറി ശാപ്പാട് കഴിക്കുന്നതുപോലെയാണ്. വള്ളസദ്യ കഴിക്കണമെങ്കിൽ വഴിപാട് നടത്തുന്നവരുടെയോ, കരക്കാരുടെയോ കൂടെ കഴിക്കണം. 

© അവിട്ടത്താൻ (ജയൻ കൂടൽ)

Aranmula Vallasadya is a grand feast celebrated with religious fervor in Kerala. Known for its elaborate spread and unique culinary traditions, it attracts devotees and food enthusiasts alike. It promotes local agriculture, supports the community, and preserves centuries-old culinary heritage. On the other hand, the Aranmula Valla Sadya committee should prioritize the cultural and spiritual essence of the event, rather than treating it as a commercial venture. The thousands of devotees who visit the temple during this period should leave feeling fulfilled and spiritually uplifted

This article has been viewed: 69
40300cookie-checkവിശക്കുന്നു നമുക്കതു സഹിച്ചുകൂടാ തെയ്  തെയ്: ആറന്മുള വള്ളസദ്യ!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!