മൂകാംബികയുടെ മടിത്തട്ടിലേക്ക്: ഒന്നാം ഭാഗം

1200-Year-Old Mookambika Sanctuary: A Three-fold Goddess’ Habitation

മൂകാംബികാ പരിസരം ഒരു പാട് മാറിയിരിക്കുന്നു. ക്ഷേത്രത്തിനും പരിസരത്തിനും ചുറ്റുവട്ടമുള്ള റോഡുകളുടെ വശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളം. ക്ഷേത്രനദിയായ സൗപർണികയിലേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽനിന്നും ദുർഗന്ധം. എന്താണിങ്ങനെ?

Mookambika temple travelogue

Cosmic Mother – Kollur Mookambika

കോസ്മിക് മദർ (ആദിപരാശക്തി) എന്ന ഭാവത്തിലാണ് മൂകാംബികാദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആസുരികാംശം ശക്തി പ്രാപിച്ചിട്ടുള്ള പല ഘട്ടങ്ങളിലും ദേവീ ഭാവങ്ങൾ ഉദയം ചെയ്യുകയും ആസുരികതയെ നിഗ്രഹിക്കുകയും ചെയ്ത ഐതിഹ്യ കഥകൾ ധാരാളം നമ്മൾ കേട്ടിട്ടുണ്ട്. ദൈവികതയുടെ സ്ത്രീരൂപ ആരാധന ഇന്ത്യയിൽ ധാരാളമുള്ളതായി കാണാം. അതിൽ ഏറ്റവും പ്രാധാന്യം ഒരു പക്ഷെ കൊല്ലൂർ മൂകാംബികാദേവിക്കാവും.

ഇവിടെ ക്ഷേത്രാചാരങ്ങൾ നിരവധിയാണ്. പൂജകളും, ശീവേലികളും, ആരതികളും പല വിധമുണ്ട്. ഔഷധമായി കണക്കാക്കപ്പെടുന്ന ആയുർവേദ കഷായം വൈകിട്ട് എട്ടുമണികഴിഞ്ഞു നൽകും.

Mookambika temple kashayam travelogue

Salam Mangalarathi – Offered by Tipu Sultan

വൈകിട്ടുള്ള ഒരു പ്രത്യേക ആരതി, ടിപ്പു സുൽത്താന്റെ ഓർമ്മ നിലനിർത്തുന്ന ആരതിയാണ് എന്ന് പറയപ്പെടുന്നു. പ്രദോഷ പൂജയുടെ ഭാഗമാണിത്, സലാം മംഗളാരതി എന്നാണ് ഇതിന്റെ പേര്. ആയതിനാൽ അത് നിർത്തലാക്കണം എന്നെല്ലാം ആവശ്യപ്പെട്ട് ഇടക്കാലത്തു ചില സംഘടനകൾ പരാതികൾ ഉന്നയിച്ചിരുന്നു. സലാം എന്ന പേരിൽ ആരതിയില്ല, അത് തുർത്തു മംഗളാരതിയാണ് എന്ന് ക്ഷേത്ര ഉടമസ്ഥതയുള്ള സർക്കാർ സംവിധാനം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഈ പ്രശ്‍നം പൂർണ്ണമായും കെട്ടടങ്ങിയിരുന്നില്ല.

ടിപ്പു സുൽത്താൻ, ദേവീ ചൈതന്യത്തിൽ ആകൃഷ്ടനായി തന്റെ ആയുധങ്ങൾ താഴെവച്ച് ദേവിയെ സലാം ചെയ്തു വണങ്ങി എന്നുള്ള ചരിത്രവസ്തുതയാണ് സലാം ആരതിക്ക് പിന്നിലുള്ളത്. 1763 മുതൽ ഇത്തരത്തിൽ ഒരാരതി ദേവിക്ക് മുൻപിലും വീരഭദ്രന്റെ മുൻപിലും നടക്കുന്നുണ്ട് എന്ന് മേൽശാന്തികളിൽ ഒരാളായ ശ്രീധര അഡിഗ പറഞ്ഞതായി പത്രറിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. എന്നാൽ 63 ൽ ടിപ്പുവിന് 12 വയസ്സ് മാത്രം പ്രായമേ വരികയുള്ളൂ എന്നതും ടിപ്പു സൈനിക/ഭരണ കാര്യങ്ങളിൽ ആദ്യമായി ഇടപെടുന്നതു പതിനഞ്ചാം വയസ്സിലാണെന്നതും കല്ലുകടി ആയി അവശേഷിക്കുന്നു.

Mookambika temple travelogue

കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം, പുറ്റൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയുൾപ്പെടെ കർണാടകത്തു നിരവധി ക്ഷേത്രങ്ങളിൽ സലാം മംഗളാരതി നടക്കപ്പെടുന്നു. സലാം ആരതി, സലാം മംഗളാരതി, ദീവതിഗെ സലാം എന്നൊക്കെയുള്ള പേരുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

Changes implemented in lieu of Salam Mangalarathi

ഈയിടെ സർക്കാർ ക്ഷേത്രവകുപ്പ് ദീവതിഗെ സലാം – ദീവതിഗേ നമസ്‌കാരമായും, സലാം ആരതിയെ – ആരതി നമസ്‌കാരമായും, സലാം മംഗളാരതിയെ – മംഗളാരതി നമസ്‌കാരമായും പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ആചാരങ്ങളോടൊപ്പം അനാചാരങ്ങളും ഉണ്ടാകും എന്നുള്ളത് ഒരു പ്രകൃതിനിയമമായി മാറിയതുപോലെയാണ് പലയിടത്തും. പാറ കൊണ്ടടുക്കിയ ക്ഷേത്രശ്രീകോവിലിന്റെ ഭിത്തികളിലും പടികളിലും ഉള്ള വിടവിൽ നാണയം തിരുകുന്ന കാഴ്ച കാണാം. നാണയം തിരുകാൻ സ്ഥലം ഇല്ലാത്തതിനാൽ വിഷമിക്കുന്നവരെയും കാണാം.

Mookambika temple travelogue

Myth related to Kollur Mookambika Temple

കൊല്ലൂർ (കോലാപുര) എന്ന പേര് കോലമഹർഷിയിൽ നിന്നും ഉണ്ടായതാണെന്നും, മൂകാംബിക എന്ന പേര് മൂകാസുരനെ വധിച്ചതിനാൽ ലഭിച്ചതാണെന്നും ഐതിഹ്യം. സരസ്വതീദേവിയുടെ കൗശലത്താൽ മൂകനായി പോയ കംഹാസുര (കൗമാസുരൻ) നായിരുന്നു, മൂകാസുരൻ. അസുരനെ കൊന്ന ഊർ കൊല്ലൂർ ആയതാണെന്നും ചില വർത്തമാനങ്ങൾ ഉണ്ട്. കഥകൾ ധാരാളമല്ലേ! കൗളവിഭാഗം വന്നു താമസിച്ച സ്ഥലം പിന്നീട് കൊല്ലൂർ ആയതാണെന്നും ഒരു കഥയുണ്ട്.

വിശ്വാസപരമായ ഐതിഹ്യം, കുടജാദ്രിയിൽനിന്നും ദേവീഭാവം ശ്രീ ശങ്കരാചാര്യരുടെ കൂടെ വന്ന വഴിക്ക്, കൊല്ലൂരിൽ നിലവിലുണ്ടായിരുന്ന ശൈവപൂജാസ്ഥാനത്തിന്റെ അടുത്തെത്തിയപ്പോൾ കൊലുസ് ശബ്ദം പോലും നിശബ്ദമായെന്നും അങ്ങനെ ആചാര്യർ തിരിഞ്ഞുനോക്കിപ്പോയെന്നും, ദേവി അവിടെ കോലമഹർഷി പൂജിച്ചിരുന്ന വിഗ്രഹത്തിൽ ലയിച്ചെന്നുമാണ്.

എന്നാൽ കുടജാദ്രി മലക്ക് താഴെയുള്ള മൂലസ്ഥാനത്താണ് ദേവി ലയിച്ചത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടെനിന്നും ദേവിയെ പിന്നീട് ആവാഹിച്ച് കൊല്ലൂരിലേക്ക് കൊണ്ടുപോയതാണെന്നും ചിലർ വിശ്വസിക്കുന്നു. ഐതിഹ്യങ്ങൾ പറഞ്ഞുപറഞ്ഞു പല കഥകളായി സങ്കീർണ്ണമാകുന്ന അവസ്ഥ ഇവിടെയുമുണ്ട്.

ക്ഷേത്രം അടങ്ങുന്ന ഘോരവനാർത്തികളിൽ ദേവിയുടെ അംഗരക്ഷകൻ എന്ന് വിശ്വസിക്കുന്ന ഭൂതഗണങ്ങൾ, നാഗം, ഗണപതി, ഘടിമാസ്തിയമ്മ എന്നിങ്ങനെ അനേകം ദേവതകൾ.

Mookambika temple travelogue

മൂകാസുരന്റെ അനന്തരവൻ മഹിഷാസുരൻ പ്രപഞ്ചത്തെ മുഴുവൻ ഭയപ്പെടുത്തിയെന്നും, അസുരനെ ഇല്ലായ്മചെയ്യാൻ ത്രിദേവീരൂപം ജന്മം കൊണ്ട്, അസുരനെ ഇല്ലായ്മ ചെയ്ത്, മൂകാംബികാ ഭാവത്തിൽ ലയിച്ചെന്നുമുള്ള ഐതിഹ്യം മൂകാംബികാ ക്ഷേത്രത്തിലെ പരാശക്തീ പ്രതിക്ഷ്ഠയുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ടിട്ടുണ്ട്. ദുർഗ്ഗയെ പരാശക്തിയായി, മഹിഷാസുരമർദ്ദിനി ആയി കണക്കാക്കുന്ന ഐതിഹ്യമാണിത്.

mookambika temple kollur

എല്ലാവരും ഇത് അംഗീകരിക്കുന്നില്ല. മൂകാസുര വധം കൊണ്ടുമാത്രം ദേവീഭാവം പൂർത്തിയായെന്നും ദേവി ത്രീദേവീരൂപം ധരിച്ചത് ആ സമയത്ത് മാത്രം ആണെന്നുമാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്.

Mookambika golden chariot

Adi Shankaracharya and Kollur Mookambika

ശങ്കരാചാര്യർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന, വലിയ ദേവീവിഗ്രഹത്തിന്റെ മുൻപിലായി ഒരു ചെറിയ വിഗ്രഹമുണ്ട്. സുവർണ്ണ രേഖയാൽ ചെറുതും വലുതുമായി ലംബമായി പകുത്തതുപോലെയുള്ള വിഗ്രഹം. വലിയഭാഗം പാർവതി, മഹാലക്ഷ്മി, സരസ്വതി എന്നീ ത്രിദേവിമാരെ പ്രതിനിധാനം ചെയ്യുമ്പോൾ ചെറിയഭാഗം ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു. ആദിപരാശക്തീ വിഗ്രഹമാണിത്. ദേവിയെ ദർശിക്കുന്നതിന് മുൻപ് വലംപിരി ഗണപതിയേയും വീരഭദ്രനെയും ദീപസ്തംഭത്തിലെ സ്തംഭഗണപതിയേയും വണങ്ങണം എന്നൊരു നിബന്ധനയുണ്ട്.

Kollur mookambika temple malayalam

ശങ്കരാചാര്യരുടെ കാലഘട്ടം എന്ന് ഭൂരിഭാഗവും വിശ്വസിക്കുന്ന AD 800 (തർക്ക വിഷയമാണിത്) മുതലാണ് ക്ഷേത്രകാലഘട്ടം പറഞ്ഞുതുടങ്ങുന്നത്. പിന്നീട് പല രാജവംശങ്ങൾ ഈ ക്ഷേത്രത്തിന് കെട്ടിലും മട്ടിലും പല സംഭാവനകൾ നൽകിയിട്ടുണ്ട്. ദേവിയുടെ സ്വർണ്ണമുഖം വിജയനഗര രാജാക്കന്മാർ നൽകിയതാണ്. എം ജി രാമചന്ദ്രൻ സ്വർണ്ണവാൾ നൽകിയിട്ടുണ്ട്. അമൂല്യ രത്നങ്ങളുടെ ശേഖരം തന്നെ ഇവിടെയുണ്ട് എന്ന് പറയപ്പെടുന്നു. ഉത്സവ ആവശ്യത്തിന് തയ്യാറാക്കിയ ആദ്യത്തെ സുവർണ്ണവിഗ്രഹം കളവുപോയപ്പോൾ റാണിചെന്നമ്മ വീണ്ടും ഒരു സുവർണ്ണവിഗ്രഹം സമർപ്പിച്ചതായി കാണപ്പെടുന്നു. ആദ്യത്തേത് തിരിച്ചു കിട്ടിയതിനാൽ ഇപ്പോൾ രണ്ടു ഉത്സവവിഗ്രഹങ്ങൾ ഉണ്ട്.

Mookambika kshethram kollur, karnataka

Historical Evaluation on Kollur Mookambika Temple

ആദ്യകാല ചെറിയ ക്ഷേത്രം ഹലുഗല്ലു വീര സംഗയ്യ രാജാവാണ് പണികഴിപ്പിച്ചത്. AD പതിനൊന്നാം നൂറ്റാണ്ടിൽ ഹൊന്നേയക്കമ്പാളി രാജവംശത്തിലെ വെങ്കണ്ണസാവന്ത രാജാവാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ ശിലാഘടന നിർമ്മിച്ചത്. പിന്നീട് ബർക്കൂർ നാടുവാഴികളിലെ പണ്ടാരിദേവന്റെ കാലത്തു ക്ഷേത്രം വിപുലീകരിക്കപ്പെട്ടു. കേലാടി രാജാക്കന്മാരും ക്ഷേത്രത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേലാടി റാണി ചെന്നമ്മ നൽകിയ കൈപ്പത്തി വലിപ്പമുള്ള മരതകം ലോകത്തെ വലിയ രത്നങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

Mookambika chariot

കേലാടി വെങ്കടപ്പ നായകർ ആണ് ക്ഷേത്രപ്രാധാന്യം വിവിധ ദേശങ്ങളിൽ എത്തിക്കുകയും അവിടെനിന്നെല്ലാം ഭക്തരെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുകയും ചെയ്തത്. മൈസൂർ മുതൽ തിരുവിതാംകൂർ വരെ പല രാജാക്കന്മാരും മൂകാംബികാ ഭക്തർ ആയിരുന്നു.

Mookambika dance

ഒരു കാലത്തു കൊല്ലൂരിന്റെ ഉടമസ്ഥത ചിറക്കൽ രാജവംശത്തിൽ എത്തിച്ചേർന്നിരുന്നുവെന്നും അത് മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെവന്നു ചില നമ്പൂതിരി സങ്കേതങ്ങൾക്ക് അവകാശം കൈമാറിയതാണെന്നും ഒരു വിശേഷം കേട്ടിരുന്നു, എന്നാൽ ഇതിൽ പഠനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇപ്പോൾ അഡിഗ വിഭാഗം മേൽശാന്തിയായും ഭട്ട് വിഭാഗം കീഴ് ശാന്തിയായും പൂജകൾ ചെയ്തുവരുന്നു.

Mookambika pooja
How to travel to Mookambika Temple and Expenses

കുറേക്കാലത്തിന് ശേഷമാണ് വീണ്ടും മൂകാംബികക്ക് പോകാൻ ഒരവസരം ഒത്തുവന്നത്. നേത്രാവതിയിൽ കയറി നേരെ ബൈന്ദൂർ എന്ന മൂകാംബികാ റോഡ് സ്റ്റേഷനിൽ, വെളുപ്പിനെ 01.30 ന് ഇറങ്ങിയപ്പോൾ തന്നെ ധാരാളം ഓട്ടോകളും ഓമ്‌നികളും വെളിയിൽ കാത്തുകിടപ്പുണ്ടായിരുന്നു. ഓട്ടോയിൽ 600 രൂപ കൊടുത്താൽ നാലുപേർക്ക് നേരെ മൂകാംബികക്ക് പോകാം. ബസ്സ്റ്റാൻഡ് അടുത്തുതന്നെയാണ്. അഞ്ചുമണി വരെ കാത്തിരിക്കണം. താമസിക്കാൻ 500 രൂപ മുതൽ മുകളിലേക്ക് ധാരാളം സൗകര്യങ്ങൾ.

© അവിട്ടത്താൻ (ജയൻ കൂടൽ)

The Kollur Mookambika Temple in Karnataka is a revered Hindu temple dedicated to the powerful Goddess Mookambika Devi. This unique Devi is a combined form of Parvati, Lakshmi, and Saraswati. The temple, estimated to be around 1200 years old, sits on the banks of the Souparnika River amidst the foothills of the Kodachadri hills. It’s a popular pilgrimage site, especially for devotees from Kerala.

This article has been viewed: 31
43110cookie-checkമൂകാംബികയുടെ മടിത്തട്ടിലേക്ക്: ഒന്നാം ഭാഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!