രാക്ഷസക്കഥയിലെ പാറക്കെട്ടുകൾ

Rakshasan Para, a majestic rock formation is a geological marvel and vital ecosystem

രാക്ഷസൻപാറ എന്നപേരിലുള്ള ഒരു വലിയ പാറക്കെട്ട് എന്റെ നാടായ കൂടലിലുണ്ട്. രാക്ഷസൻപാറ മാത്രമല്ല അതിനോട് ചേർന്നുള്ള തട്ടുപാറ, പാറമേൽ വിശ്രമിക്കുന്ന കുറവൻ, കുറത്തിപ്പാറകൾ, അല്പദൂരത്തുള്ള കോട്ടപ്പാറ, പടപ്പാറ, പോത്തുപാറ, പത്തേക്കർപ്പാറ, പുലിപ്പാറ, കള്ളിപ്പാറ നിരകൾ എല്ലാം തന്നെ എന്റെ നാടിന്റെയും കലഞ്ഞൂർ, മുറിഞ്ഞകൽ, അതിരുങ്കൽ എന്നിങ്ങനെ അനേകം പ്രദേശങ്ങളുടെയും ജീവസ്പന്ദനത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു. (Save Rakshasan Para: A Geological Treasure).

rakshasan-para-quarry-koodal-inchappara-kerala

രാക്ഷസൻ പാറയും കൂട്ടരും

ഇക്കൂട്ടത്തില് ഏറ്റവും ഭീമാകാരൻ രാക്ഷസൻപാറതന്നെ. ഏകദേശം 60 ഏക്കറോളമാണ് ഈ പാറയുടെ വിസ്തൃതി. എന്നാൽ കാരക്കാക്കുഴി, മൂഴിപ്പടി മുതൽ, ഇങ്ങ് ഇഞ്ചപ്പാറ പാക്കണ്ടം വരെയുള്ള വലിയ പാറനിരകൾ കണക്കിലെടുത്താൽ ഈ വലിപ്പം ഇതിലും എത്രയോ മടങ്ങായിരിക്കും. കൂട്ടത്തിൽ പടപ്പാറയും, കള്ളിപ്പാറയും, പോത്തുപാറയുമൊക്കെ ചേർന്നാലോ!

thattupara-rakshasan-para-koodal-kalanjoor-panchayath

രാക്ഷസൻ പാറയുൾപ്പെടെയുള്ള ഈ പാറക്കൂട്ടങ്ങൾക്ക് ചില ഐതിഹ്യകഥകളും പറയാനുണ്ട്. കേരളത്തിലെ ഒട്ടുമുക്കാലും പാറക്കെട്ടുകൾക്കും (ഉദാ: ജടായുപ്പാറ , ചുട്ടിപ്പാറ), ഗുഹകൾക്കും പാണ്ഡവ വനവാസകഥകൾ പറയാനുള്ളതുപോലെ ഇവിടെയും അത്തരം ഒരു കഥയാണുള്ളത്.

ഐതിഹ്യം

പാണ്ഡവർ തങ്ങളുടെ ചെറിയ കൂട്ടവുമായി പടപ്പാറയിൽ എത്തി വിശ്രമിച്ചിരുന്ന സമയത്തു, അന്ന് രാക്ഷസരുടെ അധീനതയിൽ ആയിരുന്ന ഇന്നത്തെ ഇഞ്ചപ്പാറ വനത്തിൽ നിന്നും, രാക്ഷസപ്പട, പാണ്ഡവ പുരുഷപ്രജകളെ കൊന്നൊടുക്കാനും സ്ത്രീ ജനങ്ങളെ അടിമകൾ ആക്കാനും തീരുമാനിച്ചു പടപ്പാറയിലേക്ക് പടനയിച്ചു.

Rakshasan para

വനദുർഗ്ഗാ ഭാവത്തിലുള്ള കൂടൽ ശ്രീദേവി മൂർത്തിയും കലഞ്ഞൂർ മഹാദേവനും ചേർന്ന് വില്ലൂന്നിത്തറയിൽ നിന്നും വില്ലുകുലച്ച് അമ്പെയ്ത് അതിശക്തനായിരുന്ന അസുരരാജാവിനെ വീഴ്ത്തുകയും ശരീരത്തിന്മേൽ ഒരു വലിയ പാറ സൃക്ഷ്ടിച്ച് കയറ്റിവെച്ച് ചങ്ങലയാൽ വരിഞ്ഞുമുറുക്കുകയും ചെയ്തു. പാറയുടെ താഴെക്കാണുന്ന മൂക്കിന്റെ രൂപത്തിലുള്ള രണ്ടു വലിയ ഗുഹകൾ ഈ രാക്ഷസന്റേതാണ് എന്നുള്ളതാണ് വിശ്വാസം. ഗുഹകളും അനേകമുണ്ട്. അന്ന് രാക്ഷസപട തോറ്റോടിപ്പോയ വഴിയിൽ “തോട്” കുറുകെ കടക്കാനായി മുറിച്ചിട്ട മരത്തടി പിൽക്കാലത്തു കൊണ്ടോടിപ്പാലം എന്നും പ്രശസ്തമായിരുന്നു.

Rakshasan para

വിശ്വാസത്തിന്റെ ഭാഗമായി, കൂടലിലും പരിസരപ്രദേശങ്ങളിലും ഉള്ള ഒട്ടനവധി ക്ഷേത്രങ്ങൾ തങ്ങളുടെ മലദൈവങ്ങൾ എന്ന് വിളിച്ചപേക്ഷിക്കുന്ന പല അരൂപികളും ഈ പാറക്കെട്ടുകളുടെ പലഭാഗത്തായി ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ഐതിഹ്യം ഇവിടെ നിർത്താം.

പാറഖനനവും സമരവും

അദാനി വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം അവരുടെ കണ്ണുകൾ പതിച്ചത് ഈ പാറക്കൂട്ടങ്ങൾക്കു മേൽ ആയിരുന്നു. കൂട്ടത്തിൽ മറ്റു ജില്ലകളിലും. അതിനുമുന്പേതന്നെ പല പാറമട ലോബികളുടെയും ഗംഭീരമായ ശ്രദ്ധ ഈ പാറക്കൂട്ടത്തിലേക്ക് ഉണ്ടായിരുന്നുതാനും.

ചക്കുതറപ്പാറ, പോത്തുപാറയുടെ ഭാഗങ്ങൾ, പടപ്പാറയുടെ ഭാഗങ്ങൾ, പാക്കണ്ടം പാറ എന്നിവയെല്ലാം ഇതിനോടകം കാർന്ന് എടുക്കപ്പെട്ടിരിക്കുന്നു. ഖനനസാധ്യതകൾ ഉരുത്തിരിഞ്ഞുവന്ന തൊണ്ണൂറുകൾ മുതൽതന്നെ മേൽപ്പറഞ്ഞ ഗ്രാമങ്ങളുടെ നിലനിൽപ്പിനായുള്ള സമരവും തുടങ്ങിയിരുന്നു.

ശ്രീ നാരായണഗുരുവിന്റെ ആദ്ധ്യാത്മിക ശ്രേണിയിലെ മൂന്നാമത്തെ ഗുരുവായിരുന്ന, തദ്ദേശവാസിയുംകൂടി ആയിരുന്ന പൂർവാശ്രമ കെ. ആർ. ജയചന്ദ്രപ്പണിക്കർ എന്ന ഗുരു നിത്യചൈതന്യയതി തന്റെ എഴുപതാം വയസ്സിലും ഈ സഹനസമരത്തിന് ജ്വാല പകരാനായി പാറകൾക്കുമുകളിൽ പ്രതിഷേധിച്ചത് ഒരു വലിയ വഴിത്തിരിവായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തിന്റെ ഓർമ്മകൾ പലതും ഈ പാറക്കൂട്ടങ്ങളിൽ ആയിരിക്കും മേഞ്ഞുനടന്നിരിക്കുക.

അരുതേ അരുതേ ചെയ്യരുതേ അരുതാത്തത് ചെയ്യരുതേ…
ഗുരു നിത്യ ചൈതന്യ യതി

ഇന്ന് ആ സമരത്തിന് പുതുഛായയാണ്. പ്രദേശത്തെ ചില വ്യക്തികൾ മുൻപിട്ടുനിന്ന് ജനസമൂഹത്തെ അണിനിരത്തി, കലക്ക് പ്രാമുഖ്യം കൊടുത്തുള്ള സമരരീതി ഇതിനോടകം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

എന്നാൽ ഈ സമരം കൊണ്ട് ആത്യന്തികമായ ലക്‌ഷ്യം നേടിയെടുക്കുക ദുഷ്‌ക്കരം തന്നെ. How to Save Rakshasan Para: A Geological Treasure at Koodal

പ്രധാന കാരണം വികസനത്തിന് പാറ വേണം എന്നതുതന്നെ. ആ വസ്തുത തള്ളിക്കളയാനും കഴിയില്ല. പാറക്കും പാറപ്പൊടിക്കും പകരക്കാരായുള്ളവയിലേക്ക്‌ നമ്മുടെ ശ്രദ്ധ ഇതുവരെ പതിയാത്തതിനാൽ ഇപ്പോഴും പാറ തന്നെയാണ് നിർമ്മാണങ്ങളിലെ മുമ്പൻ.

രണ്ടാമത്തെ വലിയ കാരണം ഐതിഹ്യത്തെ മുൻപിൽ നിർത്തി ചരിത്രമായി അവതരിപ്പിക്കുന്നത് എപ്പോഴും വിജയം കാണില്ല എന്നതുതന്നെ. കേരളമെമ്പാടും / ഇന്ത്യയെമ്പാടും പാണ്ഡവ, ദേവീ, ദേവ ചരിതങ്ങൾ നിറഞ്ഞ പാറക്കെട്ടുകൾ ധാരാളമുണ്ട്.

rakshasan-para-kalanjoor-kerala-adani-quarry

രാക്ഷസൻപാറയും ആ ബെൽറ്റിൽ ഉൾപ്പെടുന്ന മറ്റു പാറക്കൂട്ടങ്ങളും സംരക്ഷിക്കുന്നതിന് കുറച്ചുകൂടി ശാസ്ത്രീയ സമീപനമായിരിക്കും കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറയാം. ഒരുപക്ഷെ സമരനായകർ മുൻപേ ഇത് ചെയ്തിട്ടുണ്ടാകാം. എങ്കിൽ വിട്ടുകളയുക.

പരിസ്ഥിതി

പശ്ചിമഘട്ടനിരയുടെ പടിഞ്ഞാറ് ഭാഗത്തായി, പശ്ചിമഘട്ടത്തിൽ നിന്നും അകന്ന് സാധാരണ ജനജീവിതമുള്ള പ്രദേശത്താണ് ഈ പാറക്കെട്ടുകൾ ഉള്ളത്. കൂടൽ, കലഞ്ഞൂർ പ്രദേശത്തെയും പശ്ചിമഘട്ടത്തേയും വേർതിരിക്കുന്ന വരമ്പുകൾ ആണിവ. നല്ല ഉയരമുള്ള മലകളും അതിന്റെ താഴ്വാരങ്ങളും ആണ് കൂടലിന്റെയും കലഞ്ഞൂരിന്റെയും പ്രത്യേകത.

കൂടലും കലഞ്ഞൂരും വെള്ളപ്പൊക്ക ഭീഷണി ഉള്ള പ്രദേശങ്ങളാണ്. ഇടവപ്പാതി, തുലാവർഷാ കാലങ്ങളിൽ കൂടൽ, കലഞ്ഞൂർ ജങ്ക്ഷൻ ഉൾപ്പെടുന്ന താഴ്വാരങ്ങളിൽ വെള്ളം പൊങ്ങി വയലുകളും റോഡുകളും മുങ്ങുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു.

ഈ പാറക്കെട്ടുകൾ ഇല്ലായിരുന്നെങ്കിലോ! കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിനെ നേരിടാൻ കഴിയാതെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കൂടൽ, കലഞ്ഞൂർ, മുറിഞ്ഞകൽ നിവാസികൾ ഈ നാട് തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ. ഈ പ്രദേശങ്ങളെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, വരൾച്ച എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന കോട്ടകളായാണ് ഈ പാറക്കെട്ടുകൾ സ്ഥിതിചെയ്യുന്നത്. അതോടൊപ്പം ലഭിക്കുന്ന മഴവെള്ളം അതാത് പ്രദേശത്തു മണ്ണിൽ ആഴ്ന്നിറങ്ങാനും ഈ കോട്ടകൾ സഹായിക്കുന്നു. ഈ പാറകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആദ്യ ആവശ്യകത ഇതുതന്നെ.

സസ്യ / ജന്തുജാലം, ഫലവർഗ്ഗങ്ങൾ

ഒട്ടനവധി അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ ഏകദേശം അയ്യായിരത്തോളം സസ്യജാലങ്ങളാണ് കേരളത്തിൽ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇവയിൽ ആയിരത്തോളം എണ്ണം മരുന്ന് ശ്രേണിയിൽ പെടുന്നവയാണ്. ഇവയിൽത്തന്നെ അറുന്നൂറോളം എണ്ണം വന ആവാസവ്യവസ്ഥയിൽ മാത്രം കണ്ടുവരുന്നവയാണ്. ആയുർവേദവും, സിദ്ധ വൈദ്യവും ഒക്കെ ഇക്കൂട്ടത്തിൽ പല മരുന്നുകളും ഉൾക്കൊള്ളുന്നുവെങ്കിലും ചില ഗോത്ര, നാടോടി, ലാട വൈദ്യന്മാർ അപൂർവങ്ങളായ മറ്റു ചില വനസസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ പാറക്കെട്ടുകളിൽ ഏതൊക്കെ സസ്യങ്ങൾ, എത്ര എണ്ണം എന്ന ഒരു ഡാറ്റാബേസ് ഗുണകരമാകും. ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവ്വ സസ്യങ്ങളും ഈ പ്രദേശത്തു കാണാതിരിക്കില്ല.

രാക്ഷസൻ പാറയുൾപ്പെടുന്ന ഈ വലിയ പാറപ്പാടം ഒരു ഇക്കോസിസ്റ്റമാണ്. സസ്യജാലങ്ങൾ കൂടാതെ പാമ്പ്, പല്ലി, തവള, അട്ട, ചിതൽ, ഉറുമ്പ്, മണ്ണിര, ഒച്ച്, കാക്ക, പരുന്ത്, മൂങ്ങ, കൊക്ക്, മൈന, തത്ത, വവ്വാൽ, തേനീച്ച, ചിത്രശലഭം, വണ്ട് എന്നുവേണ്ട ഒരു ഇക്കോസിസ്റ്റത്തിൽ വേണ്ട എല്ലാത്തരം പക്ഷി-പ്രാണികളും ഇവിടുണ്ട് എന്ന് എനിക്ക് അനുഭവമുണ്ട്. അണ്ണാൻ, എലി, മുയൽ, കുറുക്കൻ, മരപ്പട്ടി എന്നിങ്ങനെ സാധാരണ ആവാസവ്യവസ്ഥിതിയിൽ കാണപ്പെടുന്ന പല ജന്തു-ജീവികളും ഇവിടങ്ങളിൽ ധാരാളമായുണ്ട്. പന്നികളുടെ കാര്യം എടുത്തുപറയേണ്ടല്ലോ! വിരുന്നുവരുന്ന പക്ഷികളും ജന്തുക്കളും ഉണ്ട്.

ഇവയുടെയൊന്നും ഡാറ്റാബേസ് തയ്യാറാക്കപ്പെട്ടിട്ടില്ല എന്നാണു അനുമാനിക്കുന്നത്. വലിയ പഠനം ആവശ്യമാണ്. വേണമെങ്കിൽ കണ്ണൂരിലെ സമാനമായ മാടായിപ്പാറയെ കണ്ടുനോക്കാം. ഈയിടെ മാടായിക്കാവ് സന്ദർശിച്ചപ്പോൾ അവിടെ മാടായിപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന പേരിൽ വലിയ ഫ്ളക്സ് അടിച്ചു മാടായിപ്പാറയിലെ ഓരോ സസ്യങ്ങളുടെയും ജീവികളുടെയും ചിത്രങ്ങളും പേരും കൊടുത്തിരിക്കുന്നത് കണ്ടിരുന്നു.

quarry-koodal-kalanjoor-adani-vizhinjam

ചക്കയും മാങ്ങയും മാത്രമല്ല മറ്റു പല ഫലവർഗ്ഗങ്ങളും ഈ പ്രദേശങ്ങളിൽ ഉണ്ട്. മനുഷ്യൻ കഴിക്കുന്നതും ചിലപ്പോൾ മൃഗങ്ങളും പക്ഷികളും മാത്രം കഴിക്കുന്നവയും. കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. 1987 ൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ബൊട്ടാണിക്കൽ സർവ്വേ നടത്താൻ പശ്ചിമഘട്ടം സന്ദർശിച്ചപ്പോൾ കൂടെ സഹായത്തിനു വന്ന കാണി ഗോത്രക്കാർ ഒരുതരം പഴം ക്ഷീണം അകറ്റാനായി കഴിക്കുന്നത് കണ്ടു. വളരെ നിർബന്ധിച്ചിട്ടാണത്രെ അന്ന് “കാണി”ക്കൂട്ടുകാർ ആ പഴത്തിന്റെ ഉറവിടം കാണിച്ചുകൊടുത്തത്. ഫോറസ്റ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ ഇതുണ്ട്.

ഗോത്ര അവശേഷിപ്പുകൾ

കേരളത്തിൽ സഹ്യനിരയുമായി ബന്ധപ്പെട്ട് അനേകം ഗോത്രങ്ങൾ വസിച്ചിരുന്നതായി നമുക്കറിയാം. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ സമൃദ്ധിയുടെ കലവറ ആയിരുന്നു. ആ സമൃദ്ധി കാരണമാണ് പാണ്ഡ്യവംശങ്ങൾ അച്ചൻകോവിൽ മുതൽ കോന്നിയൂർ വരെയുള്ള വനങ്ങളിൽ തമ്പടിച്ചത്. തെക്കുനിന്നുള്ള കാണിവംശമോ, വടക്കുനിന്നുള്ള മലയരയന്മാരോ, മലമ്പണ്ടാരങ്ങളോ, പളിയരോ അവരുടെ പൂർവ്വ ഗോത്രങ്ങളോ, ഇനി തനതായ ഏതെങ്കിലും ഗോത്രമോ ഈ പാറക്കൂട്ടങ്ങളിൽ അവശേഷിപ്പിച്ചു പോയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ടാകും.

പല പാറക്കെട്ടുകളും ഗുഹകളും തങ്ങളുടെ കഥപറയുന്നത് ചിത്രങ്ങളിലൂടെയാണ്. രാക്ഷസൻപാറയിൽ നിന്നും തട്ടുപാറയിലേക്കോ മറ്റോ ഗുഹകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇല്ല എന്ന് അതിനർത്ഥമില്ല. ഉണ്ടെങ്കിൽ അവിടെ ഗുഹാചിത്രങ്ങളോ, മറ്റു അടയാളവരകളോ, ഇനി പാറയുടെ വശത്തോ, പുറത്തോ ഉള്ള വരകളും കുറികളും ഉണ്ടെങ്കിൽത്തന്നെ ഈ പാറകളുടെ തലവരതന്നെ മാറിമറിയും.

പാറയുടെ ഘടനയും ജലലഭ്യതയും

അദാനിയുടെ ഒരു റിപ്പോർട്ട് കണ്ടിരുന്നു. രാക്ഷസൻപാറയിലെ ഖനനവുമായി ബന്ധപ്പെട്ട് 2019 ൽ സമർപ്പിച്ച പ്രീ-ഫീസിബിലിറ്റി സ്റ്റഡി ആണത്. പാറയുടെ വർഗ്ഗീകരണമൊക്കെ പറഞ്ഞിരിക്കുന്ന ഭാഗത്തു അവസാനം പറഞ്ഞിരിക്കുന്നത് Almost the formations in the lease area are having the strike parallel to the Western Ghats which is trending deeply and there are no other structural features like fault, folding and joints… അറിയാവുന്നവർ തല പുകക്കട്ടേ… ആ റിപ്പോർട്ടിൽ മറ്റു ചില വിവരങ്ങൾ കൂടിയുണ്ട്:

ഇക്കോളജിക്കൽ സെൻസിറ്റിവിറ്റി, ക്വാറിയിൽ നിന്നും 2.5 km അകലെ കോന്നി വനവും, 6 km അകലെ അച്ചൻകോവിലാറും. ഏറ്റവും അടുത്തുള്ള വാട്ടർബോഡിയും 6 km അകലെയുള്ള അച്ചൻകോവിലാറാണ്. അതായത് ഇതിനിടയിലുള്ള ഒരു വാട്ടർ ബോഡികളും അദാനിക്ക് വേണ്ടി സർവ്വേ നടത്തിയവർ മൈൻഡ് ചെയ്തില്ല. പാറക്കെട്ടിന്റെ ചുറ്റുമുള്ള കന്യാർകുഴി, ഇരട്ടത്തോട് പോലെയുള്ള അനേകം ചെറു അരുവികൾ ഒരു പ്രദേശത്തിന്റെ വർഷം മുഴുവനുമുള്ള ജലസേചനമല്ലേ നടത്തുന്നത്?

ടൂറിസം

സമരത്തിന്റെ ബാക്കിപത്രമായി ജനപ്രതിനിധികൾ മുൻകൈ എടുത്ത് അൻപത് സെന്റ് സ്ഥലം ടൂറിസത്തിനായി രാക്ഷസൻപാറയിൽ വിട്ടുകൊടുത്തതായി കണ്ടിരുന്നു. എന്റെ അഭിപ്രായത്തിൽ 50 സെന്റ് ഒന്നുമില്ല. കുട്ടികളുടെ പാർക്കും അനുബന്ധ സൗകര്യങ്ങൾക്ക് പോലും 50 സെന്റിൽ കൂടുതൽ വേണം. രാക്ഷസൻപാറ സമുച്ചയം 60 ഓളം ഏക്കറാണ്.

എന്തുപറഞ്ഞാലും അമേരിക്കയിലേക്ക് പോകും എന്ന് കരുതില്ലെങ്കിൽ, അമേരിക്കയിലെ ഒരു കഥപറയാം. മൗണ്ട് റഷ്മോർ എന്ന പാറക്കെട്ടിൽ ഒരു വശത്തായി George Washington, Thomas Jefferson, Theodore Roosevelt and Abraham Lincoln എന്നിവരുടെ രൂപങ്ങൾ Gutzon Borglum എന്നയാൾ കൊത്തിയുണ്ടാക്കി. മാക്രോ ഡൈനാമിറ്റ്, ഹണികോംബ് ഡ്രില്ലിങ് ഒക്കെയായിരുന്നു നിർമ്മാണ രീതി. ഇന്നത് നാഷണൽ മെമ്മോറിയൽ ആണ്. വർഷത്തിൽ ഇരുപതുലക്ഷം പേരാണത് സന്ദർശിക്കുന്നത്. ഇവിടെ നമുക്കും മഹാത്മാഗാന്ധിയെയും, സുഭാഷ് ചന്ദ്ര ബോസിനെയും, ഗുരു നിത്യചൈതന്യ യതിയെയും ഒക്കെ കൊത്തിയുണ്ടാക്കാം…

വിശാലമായ ക്യാൻവാസിലുള്ള ഒരു ടൂറിസത്തിനു രാക്ഷസൻപാറയിലും സമീപ പാറകളിലും വലിയ സ്കോപ് ആണുള്ളത്. കനത്തകാറ്റും കോടമഞ്ഞും കുളിരും നനുനനുത്ത മഴയും മാറി മാറി നിറഞ്ഞുനിൽക്കുന്ന ഈ പാറസമുച്ചയങ്ങളെ കൂട്ടിയിണക്കി ഒരു ടൂർ സർക്യൂട്ട് വേണമെങ്കിലും ആവാം.

നിർമ്മാണങ്ങൾക്ക് പാറ വേണ്ടേ എന്നൊരു ചോദ്യം വരാം… വേണം എന്നുതന്നെയാണ് ഉത്തരവും. പക്ഷെ അതിന് ഒരു ചെറിയ പ്രദേശത്തെ മുഴുവൻ പാറയും തുരന്ന് എടുക്കുന്നതിലെ അപാകതയാണ് ഇവിടെയുള്ള വിഷയം.

കോടതിവിധികൾക്ക് നാം വളരെ പ്രാധാന്യം കൊടുത്തേ മതിയാകൂ. രാക്ഷസൻപാറയുടെ ഖനന വിഷയത്തിൽ കോടതികൾ ശാസ്ത്രീയമായ രീതിയിൽ മാത്രമേ കാര്യങ്ങൾ അപഗ്രഥിക്കുകയുള്ളൂ എന്നും നമുക്ക് അറിയാവുന്നതാണ്. ഐതിഹ്യകഥകൾക്ക് അവിടെ അത്ര തൂക്കം ഉണ്ടാവില്ല. എന്നാൽ അതിനോടൊപ്പം മേല്പറഞ്ഞതും കൂടി പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതിക്ക് ബോധ്യം വന്നാൽ രാക്ഷസൻപാറയും മറ്റു പാറക്കെട്ടുകളും അവിടെത്തന്നെകാണും. എല്ലാ മാനസിക പിന്തുണയും…

© അവിട്ടത്താൻ (ജയൻ കൂടൽ)

Save Rakshasan Para: A Geological Treasure

Rakshasan Para, a majestic rock formation in Koodal, is a geological marvel and vital ecosystem. Its preservation is crucial for maintaining ecological balance, protecting biodiversity, and safeguarding the region from potential landslides. We protest the proposed mining of Rakshasan Para, as it would irrevocably destroy this natural treasure and endanger the lives of local communities. Let us unite either physically or mentally to conserve this invaluable heritage for future generations.

This article has been viewed: 3
38270cookie-checkരാക്ഷസക്കഥയിലെ പാറക്കെട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

auto undefined
auto undefined
auto undefined
error: Content is protected !!