ശ്രീ നാരായണഗുരുവും നാരായണീയതയും

ധർമ്മമായതിനെ അനുകൂലിക്കുകയും അധർമ്മത്തെ എതിർക്കുകയും ചെയ്ത മഹാനുപ്രഭാവനായിരുന്നു ശ്രീ നാരായണഗുരു. സന്യാസം എന്ന ചര്യയിൽ മാത്രമായി സ്വന്തം ജീവിതം ത്വജിക്കാതെ ഒരു ജനതയെ, പിന്തുടർന്നവരെ ആദ്ധ്യാത്മികതയിലൂടെ ജീവിക്കാൻ പഠിപ്പിച്ച മൂല്യ നവീകരണ വക്താവ് (Sree Narayana Guru’s Vision for Universal Brotherhood and Equality)
Sree Narayana Guru
Sree Narayana Guru
ഗുരു, 1924 ലെ സർവ്വമത സമ്മേളനത്തിൽ പറഞ്ഞത്, ഇന്ന് നിലവിലുള്ള ഒരു മതത്തോടും നമുക്ക് പ്രത്യേക മമതയില്ല, നാമായി ഒരു മതത്തിലും പെടുന്നുമില്ല, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ്.

ചരിത്രം

ചരിത്രം പറയുമ്പോൾ, ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവമഹാജനസഭ രൂപീകരിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടിരുന്നു. പിന്നീട് പൽപ്പുവും, കുമാരനാശാനും, കൂട്ടരും ശ്രമം നടത്തി, അരുവിപ്പുറ ശിവക്ഷേത്രത്തിന്റെ ഭരണകാര്യ വാവൂട്ട് യോഗത്തെ (ക്ഷേത്ര യോഗത്തെ), ഗുരുവിന്റെ അനുവാദത്തോടെ ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി മാറ്റിയതോടെയാണ് സാമുദായിക ഐക്യം ഈഴവർക്കിടയിൽ രൂപപ്പെട്ടത്.
Sree Narayanaguru and disciples
Sree Narayanaguru and disciples
ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, എല്ലാ അവശസമുദായങ്ങളേയും സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളോടൊപ്പം വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു ഈ യോഗത്തിന്റെ മുഖ്യലക്ഷ്യങ്ങൾ. അക്കാലത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുമ്പോൾ “ഈഴവർ” എന്ന പദത്തിനേക്കാളും “നാരായണീയർ” എന്ന പദമാണ് കൂടുതൽ ചേർച്ച എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്റേതല്ലാത്ത മറ്റൊരു ദൈവത്തെ ഞാൻ എതിർക്കും എന്നുള്ള മതവാദചിന്തയല്ല, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പ്രപഞ്ചവാദ ചിന്തയാണ് ഗുരുവിനെ ഭരിച്ചിരുന്നത് എന്ന് എല്ലാവർക്കും അറിയാം. പരസ്യമായി തപസ്സിരിക്കാനോ, പ്രവർത്തിക്കാനോ ഗുരു ശ്രമിച്ചിരുന്നില്ല എന്നത് രഹസ്യമായ കാര്യമല്ല. ഒരുപക്ഷെ 1924 ൽ വൈക്കം സമരവുമായി ബന്ധപ്പെട്ട് മാത്രമാണ് ഗുരു പരസ്യമായി പ്രാർത്ഥിച്ചത്.

sree narayanaguru

ആദ്യകാലങ്ങളിൽ വിശ്വാസി ആയിരുന്ന ഗുരു, കെട്ടുകഥകളും പഴംപുരാണങ്ങളും നിറഞ്ഞ വിശ്വാസത്തിൽനിന്നും പിന്നോക്കം പോയി, ശിഷ്ടകാലത്ത് ജാതിയും മതവും ഉപേക്ഷിച്ച് മുന്നോട്ട് നടന്നെങ്കിലും അനുയായികളിൽ എത്രപേർ അദ്ദേഹത്തെ കൃത്യമായി അനുഗമിച്ചിരുന്നു എന്നത് സ്വയം ചോദിക്കേണ്ട വിഷയമാണ്. 1916 ൽ ഗുരു, യോഗവുമായി വിടപറയാൻ ശ്രമിച്ചത് ഇതുമായി ചേർത്തു വായിക്കാം.
 
സരസ സംഭാഷണ പ്രിയനായിരുന്ന ഗുരുവിന്റെ എല്ലാ ചിത്രങ്ങളും ബിംബങ്ങളും ഗൗരവത്തിൽ കാണുന്നതെന്താണ് എന്ന് നടരാജ ഗുരുവിനോട് ചോദിച്ചപ്പോൾ അത് ഇവിടെ ഉള്ളതല്ലേ, അതിർത്തി കടന്നാൽ സരസപ്രകൃതമാകും.. വാക്കാലുള്ള അക്രമം ഇവിടെ കൂടുതലാണ്… എന്നാണ്.
 
ഖാദറും, ജോൺ ധർമ്മ തീർത്ഥരും (പൂർവാശ്രമം: പരമേശ്വരമേനോൻ), പാന്റും ഷർട്ടും ടൈയും സന്യാസ വസ്ത്രമായി ലഭിച്ച ഏർണെസ്റ്റ് കെർക്കും ഒക്കെ ഗുരുവിന്റെ പാതകൾ പിന്തുടർന്നവർ ആണ്. ഗുരു നൽകിയ ദീക്ഷാ വസ്ത്രം ആയതിനാൽ കുളിക്കുമ്പോൾ മാത്രം ടൈ ഉൾപ്പെടയുള്ള വസ്ത്രം അഴിച്ചിരുന്ന, ആ വസ്ത്രത്തിൽ പോലും ഗുരുചിന്ത കണ്ടിരുന്ന സ്വാമി ഏർണെസ്റ്റ് കെർക്കും, പള്ളിയിലെ സ്വന്തം മുറിയിൽ ക്രിസ്തുവിനോടൊപ്പം ഗുരുവിന്റെ ചിത്രം കൂടി വെക്കുകയും ചെയ്തിരുന്ന ജോൺ ധർമ്മ തീർത്ഥരും (ഞാൻ മതം മാത്രമേ മാറിയുള്ളു, ഗുരുവിനെ മാറിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം) ഒക്കെ ഇന്നത്തെ ഗുരുധർമ്മ പഠന വിഷയങ്ങൾ ആകണം.
 

ഗുരുചിന്ത – Sree Narayana Guru’s Vision for Universal Brotherhood and Equality

ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന മഹാഗുരു തൈക്കാട്ട് അയ്യാവുസ്വാമികളുടെ വാക്കുകൾ കടമെടുത്ത് ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ശിഷ്യനായിരുന്ന നാരായണ ഗുരുവും, ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന് ശിഷ്യനായിരുന്ന വൈകുണ്ഠ സ്വാമിയും ഏറ്റു പറഞ്ഞത് ഇന്ന് അർത്ഥതലം മാറ്റി പ്രചരിപ്പിക്കുന്നുണ്ടോ എന്ന് പലരും സംശയിക്കുന്നു. ഒരുപക്ഷെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞത് ആകാം കൂടുതൽ വ്യക്തത നൽകുന്നത്.
 
 
ആദ്യശാഖകളായ നീലംപേരൂർ, ചങ്ങനാശ്ശേരി ആനന്ദാശ്രമം ശാഖകളിൽ തുടങ്ങി പിന്നീട് ആയിരക്കണക്കിന് ശാഖകളിലൂടെ പടർന്ന പരിപാലന യോഗം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ പ്രാധാന്യമുള്ള സ്ഥാനത്താണ് ഇന്ന് നിൽക്കുന്നത്.
ഏതു സമുദായ സംഘടന രൂപീകരിച്ചാലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നും, ആദ്ധ്യാത്മികതയിൽ നിന്നും, സഹിഷ്ണുതയിൽ നിന്നും വ്യതിചലിച്ചു സഞ്ചരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. കേരളത്തിന്റെ മുഖ്യധാരയിലെ പല സംഘടനകളും ഇത്തരമൊരു ആരോപണം നേരിടുന്നുണ്ട്.
ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളൊടെ സ്ഥാപിക്കപ്പെട്ട പരിപാലനയോഗവും “നാരായണീയത” നഷ്ടപ്പെടാതെ മുൻപോട്ട് കുതിക്കട്ടെ എന്നാശംസിക്കുന്നു. 1928 ൽ ശ്രീ ടി കെ മാധവൻ സംഘടനയെ അതിശക്തമായി നയിച്ച സമയത്തുപോലും നാരായണീയത നഷ്ടപ്പെടാതെ കാത്തുസംരക്ഷിച്ചിരുന്നു.

ആത്മോപദേശശതകം

ശ്ലോകം 78

മരണവുമില്ല, പുറപ്പുമില്ല വാഴ്വും,
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്ന്ന മരീചിനീരുപോല് നില്
പൊരു പൊരുളാം പൊരുളല്ലിതോര്ത്തിടേണം

വായിച്ചിട്ടുള്ള ഒരു കഥ കൂടിപറയാം.

ജസ്റ്റിസ് ഈ. കെ. അയ്യാക്കുട്ടി, ഗുരുവുമായി സംവദിക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഗുരുവിനോട് ചോദിച്ചത്രേ… നമ്മൾ മരിക്കുമ്പോൾ ശവശരീരം ദഹിപ്പിക്കുന്നതാണോ നല്ലത് അതോ മണ്ണിൽ കുഴിച്ചു മൂടുന്നതോ… ഏതായിരിക്കും നല്ലതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഇതുകേട്ട് ഗുരു പറഞ്ഞത് രണ്ടിനേക്കാളും നല്ലത് ചക്കിലിട്ടാട്ടി വളമായിട്ടത് കൃഷിക്ക് ഉപയോഗിക്കുന്നതാണ്. ജഡ്ജിക്ക് അത് കേട്ട് സങ്കടമായതു കണ്ട് ഗുരു ചോദിച്ചത്രേ… എന്താ നോവുമോ? ആ സംവാദം ചിരിയിൽ അവസാനിച്ചെങ്കിലും ഗുരു പറഞ്ഞുവെച്ച വിഷയത്തിന്റെ ഔന്നത്യം ഗംഭീരം തന്നെ.
നാരായണൻ എന്ന പേരിൽ ശരീരം സ്വീകരിച്ച്, അറിവിന്റെ വെളിച്ചമായി പൂർണ്ണതയെ പ്രകാശിപ്പിച്ച്‌, നീണ്ട എഴുപത്തിരണ്ട് വർഷങ്ങൾ ജ്ഞാന സാഗരത്തിൽ ആറാടിയ മഹിമയെ പഠിക്കുന്നതാകട്ടെ ഓരോ ശ്രീ നാരായണഗുരു ജയന്തിയും.
Sree Narayana Guru, a visionary social reformer, advocated for universal brotherhood and equality. His teachings of “One Caste, One Religion, One God for all mankind” remain highly relevant today. However, contemporary society’s persistent casteism, religious divisions, and social inequalities reflect a stark contrast to his ideals. His dream of a harmonious and just society, while yet to be fully realized, continues to inspire movements for social justice and equality.
This article has been viewed: 1
33720cookie-checkശ്രീ നാരായണഗുരുവും നാരായണീയതയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!