ചത്തുകഴിഞ്ഞാൽ തല തെക്കുപോലും, വടക്കുപോലും… Be a CADAVER

Cadavers: The Silent Teachers of Medicine

പഠിക്കുന്ന കാലത്തു ഒരു ഡോക്ടർ ആകണമെന്നായിരുന്നു ഉള്ളിലിരുപ്പ്. MD ഡിഗ്രിയുള്ള ഡോക്ടർ. എന്നാൽ കുടുംബ, സാമ്പത്തിക സാഹചര്യം കാരണം ആഗ്രഹം രഹസ്യമായിരുന്നു.

Pay respect to cadaver

അന്നത്തെക്കാലത്ത്‌ MBBS ഡോക്ടർമാർക്ക് നല്ല വിലയായിരുന്നു. ഇന്നത്തെപ്പോലെ മിനിമം MD യും കൂടെ DM ഉം ഇനി DNB പരീക്ഷ പാസായതും ആണെങ്കിലേ ആളിന്റെ അടുത്തുപോകൂ എന്ന നിർബന്ധമൊന്നും ആർക്കും ഇല്ലായിരുന്നു. അധികമാരും ഇത്തരം ഡിഗ്രികൾ ഒന്നും കേട്ടിട്ടുപോലും ഇല്ലായിരുന്നു. നാട്ടിലെ ആശുപതികൾ പോലും കേൾവിപ്പെട്ടിരുന്നത് MBBS ന്റ്റെ ആശുപത്രി എന്നായിരുന്നു. മുൻതലമുറക്ക് അറിയാം.

പിന്നെങ്ങനെയാണ് എനിക്ക് MD ഡോക്ടർ ആകണമെന്ന പൂതിയുണ്ടായത്?

ഒരിക്കൽ പനികൂടി MBBS ന്റ്റെ ആശുപത്രിയിൽപ്പോയി. അവിടെ വെളിയിൽ കാത്തിരിക്കുന്നതിനിടയിൽ MBBS ഡോക്ടർ വന്നു. എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനം കാണിക്കുന്നു. ചില മുണ്ടു താഴ്ത്തിയിടുന്നു, തലയിൽ ചുറ്റിയ ചെറിയ നേര്യത് അഴിച്ചു മാറ്റുന്നു. മിക്കവാറും എല്ലാവരും ഒരു ദൈവത്തെ കണ്ടപോലെ രണ്ടുകൈയ്യും കൂപ്പി തൊഴുന്നു. ഞാനാകെ വണ്ടറടിച്ചതുപോലെയായി.

ഒരു ഡോക്ടർക്കു ഇത്രയും ബഹുമാനമോ! സ്കൂളിലെ സാറൻമ്മാരെക്കുറിച്ചോർത്തുപോയി. പലരുടെയും യഥാർത്ഥ പേരുപോലും ഓർമ്മ വരുന്നില്ല. മുഴുവൻ ഇരട്ടപ്പേരുകൾ. സാറുമ്മാര് പേടിക്കുന്ന ഭീകരനായ ഹെഡ്മാസ്റ്റർക്കാണ് ഏറ്റവും ആകർഷകമായ ഇരട്ടപ്പേരുള്ളത്. കുട്ടികൾ സാറുമ്മാരെയൊക്കെ ബഹുമാനിക്കുമോ എന്നൊക്കെ ചോദിച്ചാൽ ഒന്നുരണ്ടു തുള്ളിയൊക്കെ ബഹുമാനിക്കും എന്ന് പറയാം.

ആ സ്ഥാനത്തു ഒരു ഡോക്ടർക്കു കിട്ടിയ ബഹുമാനം ഭയങ്കരം തന്നെ. അപ്പോഴേ ഉറപ്പിച്ചു, വലുതാകുമ്പോൾ MBBS ഡോക്ടറാകണം.

അപ്പോഴാണ് നീട്ടക്കുറിയും കണ്ണാടിയും കഴുത്തിൽ വള്ളിയുമായി വേറൊരാൾ അവിടേക്കു കയറിവന്നത്. അവിടെ ഇരുന്ന എല്ലാവരും കറണ്ടടിച്ചതുപോലെ ചാടിയെഴുന്നേറ്റു മേൽപ്പറഞ്ഞ ബഹുമാനങ്ങൾ കൊടുത്തുതുടങ്ങി. അതിൽ ഒരു പരിചയക്കാരൻ ഉണ്ടായിരുന്നതിനാൽ ഈ വന്നയാൾ അതിയാനോട് സംസാരിക്കാൻ തുടങ്ങി.

അത്ഭുതം എന്ന് പറയട്ടെ, അകത്തിരുന്ന MBBS ഡോക്ടർ ദാ പുറത്തേക്കു ചാടിയിറങ്ങി ഭയഭവ്യതയോടെ വന്നയാളിന്റെ മുൻപിൽ നിൽക്കുന്നു. ശ്ശെടാ, ഇതാരപ്പാ എന്ന് വിചാരിച്ചപ്പോഴേക്കും വന്നയാൾ MBBS ഡോക്ടറുടെ തോളിൽ തട്ടുന്നു, നിർദ്ദേശങ്ങൾ കൊടുക്കുന്നു, ഒരു പേപ്പർ പരിശോധിക്കുന്നു, എന്തെല്ലാമോ ചോദിക്കുന്നു. MBBS ഡോക്ടർ മൊത്തം കിളിപോയ അവസ്ഥയിലായോ എന്നൊരു സംശയം.

അല്പം കഴിഞ്ഞാണറിഞ്ഞത് ഈ വന്നയാൾ MD ഡോക്ടറാണ് എന്ന്. അതായത് MBBS ഡോക്ടറെപ്പോലും പഠിപ്പിക്കുന്ന ഇമ്മിണി വലിയ ദൈവം. നേരത്തെ തീരുമാനിച്ചത് പിന്നെയും മാറ്റി, വലുതാവുമ്പോൾ MD ഡോക്ടർ ആവണം.

പക്ഷെ നമ്മൾ പറയുന്നതുപോലെ സമയവും കാലവും ജീവിതവും ഒന്നും പോകില്ലല്ലോ.

സ്കൂളും കോളേജും കഴിഞ്ഞു വേറെ റൂട്ടിലൂടെ ഓടിയോടി മലയാളികളുടെ ശരാശരി ആയുസ്സിന്റെ പകുതിയും പിന്നിട്ടു, ഇപ്പോൾ സ്വസ്ഥമായി ഇരുന്നു, കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അസാമാന്യ സംതൃപ്തിയുള്ള ഒരു ജീവിതമാണ് കിട്ടിയിരിക്കുന്നത് എന്ന് മനസ്സിലായി.

ബെൻസ്, ബി ആം ഡബ്ള്യു തരത്തിൽപ്പെട്ട ആഗ്രഹങ്ങൾ ഒന്നുംതന്നെ ഒരിക്കലും മനസ്സിനെ അലട്ടിയിരുന്നില്ല. ഒരു സാധാരണക്കാരന് എന്തൊക്കെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ചിന്തിക്കാമോ, അത്രമാത്രം. അതെല്ലാം ഒന്നൊഴിയാതെ സാധിച്ചു. അതിനു വാമഭാഗത്തുനിന്നും കിടുക്കാച്ചി പിന്തുണയും കിട്ടി, തിരിച്ചും കൊടുത്തു. പക്ഷെ MD ഡോക്ടർ ആകണം എന്ന ചിന്ത ഇനിയും എന്നേ വിട്ടു പോകലെ എന്ന് മനസ്സിലായി. എന്നാൽപ്പിന്നെ ഇനി അങ്ങനെയാകട്ടെ എന്ന് തീരുമാനിച്ചു.

Beyond the Body Bag: The Vital Role of Cadaver Donations

കഡാവർ എന്ന പേര് പലരും കേട്ടിട്ടുണ്ടാകും. വാഴക്കർഷകരെ സഹായിക്കാനുള്ള മിത്രനിമാവിരകളെ ചേർത്ത ചത്ത പുഴുക്കളായ കീടനാശിനി കഡാവർ അല്ല, ഇത് മനുഷ്യ ശവശരീരമായ കഡാവർ. അതായത് നാം മരിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരം കത്തിക്കാതെയും കുഴിച്ചിട്ടു അളിയിപ്പിക്കാതെയും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കു പഠിക്കാൻ കൊടുക്കുമ്പോൾ അവിടെ നമുക്ക് കിട്ടുന്ന പുതിയ പേരാണ്, കഡാവർ (cadaver). പുരിഞ്ചിതാ…

Cadaver lab India

അതവർ കീറിമുറിച്ചോ, വെട്ടിപ്പിളർത്തിയോ, മാന്തിപ്പിളർന്നോ എങ്ങനെ വേണമെങ്കിലും പഠിക്കട്ടെ. ചുമ്മാ പറഞ്ഞതാണ്, അങ്ങനെയൊന്നുമല്ല എന്നറിയാം. ഡിസക്ഷൻ ടേബിളിൽ കിടത്തി ഒരു പാഠപുസ്തകം കൈകാര്യം ചെയ്യുന്നതുപോലെ നമ്മോടു ചോദ്യങ്ങൾ ചോദിച്ചു നമ്മിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തിയുള്ള വിശദവും ഗഹനവുമായ പഠന രീതിയാണത്.

The Importance of Cadavers in Medical Training

മെഡിക്കൽ ജോലിയുടെ മഹത്വവും, അത് നൽകുന്ന ഭാരിച്ച ഉത്തരവാദിത്വവും കഡാവറുകളായ മൃതദേഹങ്ങൾ ഓരോ നിമിഷവും വിദ്യാർത്ഥികളെ ഓർമപ്പെടുത്തും. അപരിചിതർ ആണെങ്കിലും ഈ കിടക്കുന്നതു അവരെപ്പോലെതന്നെ ജീവിതത്തിലെ നന്മയും തിന്മയും, സത്യവും, കള്ളവും, സന്തോഷവും, ദുഃഖവും ഒക്കെ അനുഭവിച്ച പച്ചയായ മനുഷ്യരല്ലേ എന്ന ചിന്ത അവരെ അലോസരപ്പെടുത്തുന്നുമുണ്ടാകും.

അനാട്ടമി ഒരു നിഗൂഢപ്രദേശമാണ്. പല വാക്കുകളും സാധാരണ തലച്ചോറിൽ പ്രകമ്പനം സൃക്ഷ്ടിക്കുന്നവയാണ്. ആരോ പറഞ്ഞതാണ്; “ദി ടെൽ- ടെയിൽ ബ്രെയിൻ” എന്ന പുസ്തകത്തിൽ അതിപ്രശസ്തനായ ഡോ. വി.എസ്​. രാമചന്ദ്രൻ പറയുന്നുണ്ട്, കാൽപ്പാദത്തിലെ കുഞ്ഞൻ വിരൽ ചലിപ്പിക്കുന്ന മസിലിന്റെ പേര് “abductor ossis metatarsi digiti quinti” എന്നാണ് എന്ന്. അപ്പോൾ ബാക്കിയുള്ളതിന്റെ പേരൊക്കെ!

Cadaver Dogs

കഡാവർ എന്ന പേര് ഇതിനുമുൻപും മറ്റു പല കാര്യങ്ങളോട് ചേർത്ത് നാം കണ്ടിട്ടുണ്ടാകും. അത് എഴുതപ്പെട്ട നോവലിന്റെ രൂപത്തിലും (ബോഡിലാബ്, കാറ്റിന്റെ മരണം), സിനിമകളുടെ പേരിന്റെ രൂപത്തിലും, കഡാവർ നായ്ക്കൾ എന്ന പരിശീലനം സിദ്ധിച്ച നായ്ക്കളുടെ രൂപത്തിലും, ഇടുക്കിയിലെ ഒരു സ്ഥലനാമത്തിലും ഒക്കെയുണ്ടാകാം. ഒരു മൃതശരീരം ജീർണിക്കുമ്പോൾ 400 തരത്തിലുള്ള രാസസംയുക്തങ്ങൾ ഉണ്ടാകുമത്രേ. ഇവ മണത്തു ശരീരം കണ്ടത്തി സാന്നിധ്യവും / കുറ്റങ്ങളും തെളിയിക്കുന്ന നായ്ക്കളാണ് കഡാവർ നായ്ക്കൾ.

Cadaver Transplant

മസ്തിഷ്കമരണം സംഭവിച്ച ആളിന്റെ അവയവങ്ങള്‍ മറ്റൊരാളിലേക്ക് ശസ്ത്രക്രിയ ചെയ്തു വെച്ചുപിടിപ്പിക്കുന്നതിനെയാണ് കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്നുപറയും. അതിനു ദാതാവ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യണം. പക്ഷെ നമ്മുടെ കാര്യം ഇങ്ങനെയെല്ല. പിള്ളാർക്ക് പഠിക്കാൻ എല്ലാം വേണം. സർവ്വ അവയവവും. എന്നാൽ പകർച്ച വ്യാധി പിടിപ്പെട്ടതും, അഴുകിത്തുടങ്ങിയതും, പോസ്റ്റ് മോർട്ടം ചെയ്തതുമായ ശരീരങ്ങൾ സ്വീകരിക്കില്ല.

Cadaver Certificate

ദാനസമ്മതം 200 രൂപ (രണ്ടു 100 രൂപ പത്രം) പത്രത്തിൽ നിശ്ചിത രീതിയിൽ വിൽ (വിൽ കമെന്റിൽ പോസ്റ്റാം) എഴുതി, കുടുംബത്തിലെ ഏറ്റവും അടുത്ത രണ്ടു ബന്ധുക്കളെ സാക്ഷിയാക്കി, ആധാർ കോപ്പിയും അറ്റാച്ച് ചെയ്തു, മൂന്നു ഫോട്ടോയും കൊടുത്താൽ, അവർ അത് സന്തോഷത്തോടെ സ്വീകരിച്ചു ഒരു സർട്ടിഫിക്കറ്റ് നൽകും. അതിൽ ഉണ്ടാകും, “bequeathed the body to Department of Anatomy after death for Medical Education purpose” എന്ന്.

How Cadavers Shape Future Healthcare Professionals

Gray’s anatomy, Cunningham’s manual of practical anatomy, ഗൈഡായ Chaurasia’s Anatomy എന്ന പുസ്തകങ്ങളാണത്രെ അനാട്ടമി വിദ്യാർത്ഥികൾ പഠിക്കുന്ന ആധികാരിക പാഠങ്ങൾ. കൈയിലെ തൊലിയിൽ നിന്നും ആരംഭിച്ചു തൊലിയുടെ ആഴത്തിലെ അടുക്കായ കൊഴുപ്പ്, പിന്നീട് മസിലുകൾ, നെർവുകൾ, ആർട്ടെറി, വെയ്‌നുകൾ എന്നിങ്ങനെ ക്രമമായി പഠിക്കുന്ന രീതി. ഒരു ഡോക്ടർ പറഞ്ഞതാണ് കേട്ടോ. ഇവയെല്ലാം സൂക്ഷ്മതയോടെ കണ്ടും തൊട്ടും ശസ്ത്രക്രിയ നടത്തിയും മനസ്സിലാക്കണം. പിന്നീടാണ് ശരീരത്തിന്റെ ആഴങ്ങളിലേക്ക് ഇവർ ഊളിയിടുന്നത്.

2023 ഓഗസ്റ്റ് അഞ്ചാം തീയതി എന്നെ സംബന്ധിച്ചു പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് തിരുവനന്തപുരം അനാട്ടമി വിഭാഗത്തിൽ കഡാവർ അദ്ധ്യാപകൻ ആകാനുള്ള അപേക്ഷ നൽകിയത്. എന്ന് അദ്ധ്യാപകൻ ആകാൻ കഴിയും എന്നറിയില്ല. അതും സമയത്തിന്റെയും കാലത്തിന്റെയും കയ്യിൽ. സാധിക്കാൻ ഇനി ആഗ്രഹങ്ങൾ ഇല്ലാത്ത സ്ഥിതിക്കും, ബോണസ് ലൈഫിൽ ജീവിക്കുന്ന ഒരു പ്രതീതി ഉള്ള അവസ്ഥയിലും, അല്പം നേരത്തെ അദ്ധ്യാപകജോലി ലഭിച്ചാലും സന്തോഷം തന്നെ.

Cadaver Certificate

Cadaver Availability

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഓരോ 10 വിദ്യാർഥികൾക്കും ഒരു ശവശരീരം പഠനത്തിനായി നൽകണമെന്ന നിബന്ധന വെച്ചതോടെ മൃതദേഹങ്ങളുടെ ആവശ്യം കുത്തനെ ഉയരുകയും, മൃതദേഹങ്ങൾ വാങ്ങാൻ സ്വകാര്യ മെഡിക്കൽ കോളജ് അധികൃതർമാർ നിർബന്ധിതരാകുകയും ചെയ്തു. സർക്കാർ മെഡിക്കൽ കോളേജുകളിൽ എത്തുന്ന മൃതശരീരങ്ങളിൽ അവിടുത്തെ ആവശ്യത്തിന് ശേഷം വരുന്നവ വിൽക്കാൻ തുടങ്ങി.

ഒരു ശരീരത്തിന് 40,000 രൂപ വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് ലഭിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ എക്സ്പ്രെസ്സിൽ ഒരു വാർത്ത കണ്ടിരുന്നു. ഒരു വർഷത്തിൽ നല്ലൊരു തുകയും. ചിലപ്പോൾ നമ്മുടെ സ്വന്തം ശവശരീരത്തിനും ഏതെങ്കിലും ഉന്നത സ്വകാര്യ മെഡിക്കൽ കോളേജിലെ തണുപ്പും ഫൈവ്സ്റ്റാർ സുഖവും അനുഭവിക്കാൻ യോഗം കാണും!

How to Respect a Cadaver

കുറെ വർഷങ്ങൾക്ക് മുൻപ് ഒരു പരാതി വായിച്ചിരുന്നു. പഠനത്തിന് ശേഷം മൃതദേഹഭാഗങ്ങൾ വലിച്ചെറിയപ്പെട്ട രീതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കണ്ടിരുന്നു എന്ന്. ഏതോ ഒരു വ്യക്തി ചെയ്ത തെറ്റ്. ഇതൊന്നും ഒരിക്കലും ആവർത്തിക്കപ്പെടുകയില്ല. മണ്ണോ വെള്ളമോ ഒന്നും മലീമസമാക്കാതെ ബാക്കി വരുന്നവ ഇപ്പോൾ പ്രോസസ്സ് ചെയ്യപ്പെടുകയാണ്.

Cadaver History

ഈ കഡാവർ പരിപാടി അങ്ങ് അമേരിക്കയിൽ ആണ് ആദ്യമായി ചെയ്യപ്പെട്ടത് എന്ന് കരുതുന്നു. 1968 ൽ. ഒഫീഷ്യൽ റൂൾ പ്രകാരം.Uniform Anatomical Gift Act (UAGA) ആണത്. ശരീരം ദാനം ചെയ്യാൻ താല്പര്യമുള്ള വ്യക്തിയുടെ ആഗ്രഹം, ബന്ധുക്കളുടെ ഇഷ്ട്ടാനിഷ്ടങ്ങൾക്കു മുകളിൽ നിൽക്കപ്പെടും എന്നാണു ഈ നിയമം പറയുന്നത്. 1968 നു മുൻപ് എവിടെയെങ്കിലും ഇത്തരം നിയമം ഉണ്ടായിരുന്നോ എന്നറിയില്ല.

Body donation medical history

എന്നാൽ അതിനുമുൻപ്‌ ബർക്കിങ് രീതി എന്നൊരു (ഒന്നല്ല, പലസ്ഥലത്തു പലരീതിയിൽ) അനീതി നടന്നിരുന്നു. 1820 കാലഘട്ടത്തിൽ ബ്രിട്ടനിൽ ഒറ്റയ്ക്ക് ജീവിച്ചിരുന്ന വൃദ്ധരെ കൂട്ടിക്കൊണ്ടുപോയി മദ്യവും, ഭക്ഷണവും മറ്റും നൽകി ശ്വാസം മുട്ടിച്ചു കൊന്ന്, ഈ മൃതദേഹങ്ങൾ എഡിൻബറോ മെഡിക്കൽ സ്കൂളിന് വിറ്റു കാശാക്കിയിരുന്നു. ചെയ്തവർ വില്യംസ് ബർക്കെയും വില്യം ഹാരെയും. ബർക്കേ എന്ന പേരിൽ നിന്നുമാണ് ബർക്കിങ് എന്ന പേരുവന്നത്.

Body Donation – Encouragement

അതൊക്കെ നമുക്ക് വിടാം. ധാരാളം ആൾക്കാർ ഇപ്പോൾ ശരീരദാനം നടത്തുന്നുണ്ട്. ഇനിയും പലർക്കും മുൻപോട്ടു വരണമെന്നുണ്ട്. അങ്ങനെയുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഈ അനുഭവം പങ്കുവെച്ചത്. ഇനി മെഡിക്കൽ കോളേജ് ഇത് സ്വീകരിക്കാതെ വന്നാൽ ഒരു ചടങ്ങുമില്ലാതെ കുഴിച്ചിട്ടോട്ടെ. കർമ്മമോ, കർമ്മിയോ, ശ്ലോകമോ, ബലിയോ ഒന്നും വേണ്ട. പൂക്കളും, കായും, ഇലയും, കോടിയും വേണ്ട. ഇഡ്ഡലിയും സാമ്പാറും വേണ്ടേ വേണ്ട.

ജീവിച്ചിരിക്കുമ്പോൾ സ്വർഗത്തിലാണോ നരകത്തിലാണോ ജീവിച്ചത് എന്നുള്ളതാണ് പ്രധാനം. മരിച്ചുകഴിഞ്ഞാൽ സ്വർഗം കിട്ടുമോ, നരകം കിട്ടുമോ എന്നുള്ള ചിന്ത, അല്ല ഇവയൊക്കെ ഉണ്ടോ ആവോ? എന്തായാലും അതുവരെ ജീവിച്ച വീട്ടിൽപ്പോലും അധികനേരം കിടക്കാൻ പറ്റില്ല. വീട്ടുകാർ ഒഴിവാക്കും!

Being a cadaver may seem like an unusual idea, but it’s a powerful reminder of our purpose in life. Donating our body for scientific or medical research can lead to groundbreaking discoveries, helping doctors save lives and improve health. Embracing this selfless act can inspire us to live with a purpose, knowing that even in passing, we can make a lasting impact on the world.

© അവിട്ടത്താൻ (ജയൻ കൂടൽ)

Cadavers, or human bodies donated for science, play a vital role in medicine. They allow medical students to learn anatomy through dissection, gaining a hands-on understanding of the body’s structures. This knowledge is crucial for doctors, surgeons, and other healthcare professionals to diagnose diseases, perform surgeries, and provide proper treatment.

This article has been viewed: 12
46580cookie-checkചത്തുകഴിഞ്ഞാൽ തല തെക്കുപോലും, വടക്കുപോലും… Be a CADAVER

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!