നക്ഷത്ര ചിഹ്നങ്ങളുടെ ചരിത്രവും പ്രാധാന്യവും
History and Significance of Star Signs and symbols
മതങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ നേർത്തതായി തുടരുന്ന ഇടങ്ങളിൽ എല്ലാ മതങ്ങളുടെയും ആഘോഷങ്ങളിൽ എല്ലാവരും പൊതുവായി ഇടപഴകുന്ന മനോഹരദൃശ്യങ്ങൾ കാണാൻ കഴിയും. എന്നാൽ ഇക്കാലത്തു ഇത്തരം അതിർ വരമ്പുകളുടെ ഘനം വല്ലാതെ കൂടിയിരിക്കുന്നു. History of Star Signs and Symbols
ഇപ്പോഴും റംസാൻ വ്രതമാക്കുന്ന മറ്റു മതസ്ഥർ ഉണ്ട്, ക്രിസ്തുമസും ഈസ്റ്ററും ആഘോഷമാക്കുന്ന മറ്റു മതസ്ഥരുണ്ട്, നവരാത്രിയും, ദീപാവലിയും, വിഷുവും ആഘോഷിക്കുന്ന മറ്റു മതസ്ഥരുണ്ട്. അങ്ങനെയുള്ള ആഘോഷങ്ങളുടെ കൂട്ടത്തിൽ വരുന്ന ക്രിസ്തുമസ്സ് പടിവാതിൽക്കലെത്തി നിൽക്കുകയാണ് ഇപ്പോൾ.
ഇന്നത്തെ കരോൾ ഗാനങ്ങൾക്കും അപ്പൂപ്പന്റെ ഡാൻസിനും ഒരു “യോ-യോ” ഛായയൊക്കെ വന്നിട്ടുണ്ടെങ്കിലും കരോളിന് അടിസ്ഥാനപരമായി വലിയ മാറ്റമൊന്നും വന്നിട്ടില്ല.
Remembering the star lights we used at Christmas
ചെറുപ്പകാലത്ത് കൂട്ടുകാരുടെ കൂടെ ക്രിസ്മസ് കരോൾ പാടാൻ പോയ ഓർമ്മകൾ ഇന്നും മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. ഒളിമങ്ങാതിരിക്കാൻ അതിനു തീയുടെ അകമ്പടിയുണ്ടായിരുന്നു.
ഫൈബർ, മെറ്റൽ ക്രിസ്മസ് വിളക്കുകൾ രംഗത്തുവരുന്നതിനുമുമ്പ് ഈറയും മുളയും ഉപയോഗിച്ചായിരുന്നു വിളക്കുകൾ എന്ന് വിളിച്ചിരുന്ന നക്ഷത്രങ്ങൾ ഉണ്ടാക്കിയിരുന്നത്.
ഇത്തരത്തിൽ ഈറ കൊണ്ട് നിർമ്മിച്ച വിളക്കിൽ വർണ്ണക്കടലാസ് ഒട്ടിച്ചു, അകത്തു ഒരു ചിരട്ടയിൽ മെഴുകുതിരിയും കത്തിച്ചുവെച്ചു യേശുക്രിസ്തു ജനിക്കാൻ പോകുന്ന സന്തോഷവർത്തമാനം പങ്കുവെക്കാൻ “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ” എന്ന പാട്ടും പാടി, വരമ്പത്തുകൂടി നടന്നുതുടങ്ങി.
അന്നൊക്കെ ഡിസംബർ രാത്രികളിൽ മഞ്ഞു പെയ്യുമായിരുന്നു. കിട്ടാൻ പോകുന്ന ചില്ലറകളുടെ കിലുക്കം ഈ മഞ്ഞിനെ ശരീരത്തു ബാധിക്കാൻ അനുവദിച്ചിരുന്നില്ല. സാമാന്യം വലിയ ഒരു നക്ഷത്രമായിരുന്നു ഞങ്ങളുടേത്. ആവേശം കൂടി ഈ നക്ഷത്രവിളക്ക് വല്ലാതെ കുലുക്കിയത് അകത്തിരുന്ന ചിരട്ടക്ക് അത്രക്കിഷ്ടപ്പെട്ടില്ല. മെഴുകുതിരിയുംകൊണ്ട് അതങ്ങുമറിഞ്ഞു. നാട്ടുകാരൊക്കെ ഓടിക്കൂടിയപ്പോൾ ഒരു നക്ഷത്രം കണ്ടത്തിൽ കിടന്നുകത്തുന്നു. കുറേപ്പേർ മേലോട്ടുനോക്കി…അല്ല…ഇതിപ്പോ ഏതു മാലാഖയാ ഈപ്പണി കാണിച്ചത്.
അന്ന് പലർക്കും വീട്ടിൽനിന്നും അടികിട്ടി. കരോളിന് പോയതിനോ, നക്ഷത്രം കത്തിച്ചതിനോ ഒന്നുമല്ല… ചെരിപ്പ് കൊണ്ടുക്കളഞ്ഞതിന്… അമ്മാതിരി ഓട്ടമായിരുന്നു അന്നോടിയത്. അപ്പൂപ്പന്റെ അവസ്ഥകണ്ട് ആരോ പറഞ്ഞത്രേ… എന്താടാ… റോമാക്കാർ കേറിമേഞ്ഞല്ലോ!
മനുഷ്യ ചരിത്രത്തിലുടനീളം സംസ്കാരങ്ങളിലും മതങ്ങളിലും സാഹിത്യത്തിലും നക്ഷത്ര ചിഹ്നത്തിന് വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. വിവിധ സംസ്ക്കാരങ്ങളിലെ ജ്യോതിശാസ്ത്ര, ആത്മീയ, സാംസ്കാരിക, വിശ്വാസ അർത്ഥങ്ങളെ ഇത്തരം നക്ഷത്ര അടയാളങ്ങൾ പ്രതിനിധാനം ചെയ്യുന്നു.
ഇപ്പോൾ പൊതുവായി കാണപ്പെടുന്ന നക്ഷത്ര ചിഹ്നങ്ങൾക്കു വേരുകൾ തേടിപ്പോയാൽ അവ നമ്മളെ ഏറ്റവും കുറഞ്ഞത് അയ്യായിരം വർഷങ്ങൾക്ക് പുറകിലേക്ക് എത്തിക്കും. കുറഞ്ഞത് മൂന്നു കോൺ മുതൽ നിരവധി കോണുകളോടുകൂടിയതായ നക്ഷത്രചിഹ്നങ്ങൾ നമുക്കറിയാം. കോണുകൾ എന്നോ, കാലുകൾ എന്നോ വിവക്ഷിക്കാം. മൂന്നും നാലും കോണുകൾ അത്ര പരിചിതമല്ലെങ്കിലും അഞ്ചും ആറും കോണുകൾ ഉള്ളവ നാം സ്ഥിരമായി കാണുന്നവയാണ്.
Religious and cultural History of Star Signs and Symbols
Three and four pointed star
ട്രൈക്വെട്ര അല്ലെങ്കിൽ ട്രിനിറ്റി നോട്ട് എന്ന ഡിസൈനിൽ നിന്നും ഉരുത്തിരിഞ്ഞ മൂന്നുകോണുകൾ ഉള്ള നക്ഷത്ര ചിഹ്നവും, കെൽറ്റിക് ഫൈവ്-ഫോൾഡ് ചിഹ്നവുമായും വിച്ച്സ് നോട്ടുമായും ബന്ധപ്പെട്ട ഡിസൈനിൽ നിന്നും വന്ന നാലുകോണുകൾ ഉള്ള ചിഹ്നവും ഇക്കാലത്തു അധികം ഉപയോഗിക്കുന്നില്ല. എങ്കിലും ചിലയിടങ്ങളിൽ ഇവ കാണാൻ കഴിയും.
ഉദാഹരണത്തിന്; മെഴ്‌സിഡസ് മൂന്നു കാലുള്ള നക്ഷത്രചിഹ്നം ഉപയോഗിക്കുന്നു. ചില ക്രിസ്ത്യൻ ഗ്രൂപ്പുകൾ നാലുകാലുള്ള ചിഹ്നത്തെ കുരിശിന്റെ പ്രതീകമായും സത്യത്തിന്റെ പ്രതീകമായും കാണുന്നു. മൂന്നുകാലുള്ളവയെ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന നിലയിൽ കാണുന്നു.
Five pointed star
ഏറ്റവും കൂടുതൽ കാണപ്പെടുന്ന നക്ഷത്ര ചിഹ്നത്തിന് അഞ്ചുകോണുകൾ ആണുള്ളത്. പെന്റഗ്രാം എന്നും വിളിക്കും. ബാബിലോണിയ, മെസൊപ്പൊട്ടേമിയ, പുരാതന ഈജിപ്ത്, ഗ്രീസ്, ലിയാങ്‌സു-ചൈന എന്നിവിടങ്ങളിലെ വിവിധ സംസ്കാരങ്ങളിലും നാഗരികതകളിലും കണ്ടെത്തിയ ഒരു പുരാതന ചിഹ്നമാണിത്. BC 3500 വരെ പഴക്കം പറയുന്ന സുമേറിയൻ മൺപാത്രങ്ങളിൽ ഇങ്ങനുള്ള ചിഹ്നം കണ്ടെത്തിയിരുന്നു.
ഏകദേശം BC 300 മുതൽ BC 150 വരെ, പെന്റഗ്രാം, 5 ഹീബ്രു അക്ഷരങ്ങളാൽ അടയാളപ്പെടുത്തി ജറുസലേമിന്റെ പ്രതീകമായി നിലകൊണ്ടിരുന്നു. യേശുവിന്റെ ജനനത്തെ അടിസ്ഥാനപ്പെടുത്തി വഴികാട്ടിയായി നിലകൊണ്ട നക്ഷത്രത്തെ പിന്നീട് ജന്മാഘോഷത്തിലുൾപ്പെടുത്തി ക്രിസ്ത്യാനികൾ നെഞ്ചോടുചേർത്തു. ക്രിസ്മസ് അല്ലാത്ത അവസരങ്ങളിൽ ക്രിസ്തുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധീകരിക്കാനും പെന്റഗ്രാം ഉപയോഗിച്ചുതുടങ്ങി.
ചില പാരമ്പര്യങ്ങളിൽ പെന്റഗ്രാം പ്രാഥമികമായി തീ, വായു, ജലം, ഭൂമി, ആത്മീയ ഊർജ്ജം എന്നീ ഘടകങ്ങളെയും അവയ്ക്കിടയിൽ നിലനിൽക്കുന്ന പരസ്പര ബന്ധത്തെയും പ്രതിനിധീകരിക്കുന്നു. നക്ഷത്രക്കോൺ മുകളിലേക്ക് അഭിമുഖീകരിക്കുമ്പോൾ, അത് ഭൗതിക മണ്ഡലത്തിനു മേൽ ആത്മീയ മണ്ഡലം വിജയിച്ചതായി സൂചിപ്പിക്കുന്നു, താഴേക്കാണെങ്കിൽ തിരിച്ചും. പിൽക്കാലത്ത് ജനിച്ച ബഹായ്, സാത്താൻ മതങ്ങൾ പോലെയുള്ളവയിലും ഈ ചിഹ്നം ഉപയോഗിക്കപ്പെടുന്നുണ്ട്.
Six pointed star
ആറ് കോണുകളുള്ള നക്ഷത്രം, ഹെക്സാഗ്രാം എന്നും അറിയപ്പെടുന്നു, വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും കാണപ്പെടുന്ന ഒരു പുരാതന ചിഹ്നമാണിത്. ഹിന്ദുമതത്തിൽ, ഇത് ഷട്കോണം അല്ലെങ്കിൽ ശിവ-ശക്തി നക്ഷത്രം എന്നും യഹൂദമതത്തിൽ ദാവീദിന്റെ നക്ഷത്രം എന്നും ഇസ്ലാമിൽ ഖാതിം-സുലൈമാൻ (സോളമന്റെ മുദ്ര) എന്നും അറിയപ്പെടുന്നു. ഈ ചിഹ്നം ബുദ്ധമതത്തിൽ വജ്രയോഗിനി മാതയുമായി ബന്ധപ്പെടുത്തി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു, എങ്കിലും പിൽക്കാല ഉൾപ്പിരിവുകൾ ഇതിൽ അത്രകണ്ട് താല്പര്യം പ്രകടിപ്പിക്കുന്നില്ല.
ക്രൈസ്തവരീതികളിൽ ആറുകോണുള്ള നക്ഷത്രത്തിന് അത്ര പ്രാധാന്യമില്ല. AD 300 കളിൽ ചില അർമേനിയൻ പള്ളികളും ശവകുടീരങ്ങളും ഇത്തരം ആറുകോൺ ചിഹ്നങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ആറുകാലുള്ള നക്ഷത്രം സൃക്ഷ്ടിയുടെ ചിഹ്നമാണ് എന്ന് വാദിക്കുന്ന ക്രിസ്ത്യൻ ദൈവശാസ്ത്രവക്താക്കളുടെ വാക്കുകൾക്കും വലിയ പ്രാധാന്യം ലഭിച്ചിട്ടില്ല.
മധ്യകാലഘട്ടത്തിന് മുമ്പുള്ള ഹനഫി അനറ്റോലിയൻ ബെയ്‌ലിക്കുകൾ പതാകയിൽ ഈ നക്ഷത്രം ഉപയോഗിച്ചിരുന്നു. ഹെയ്‌റെദ്ദീൻ ബാർബറോസയുടെ പതാകയിലും ഈ ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്. ആറ് കാലുള്ള ഈ നക്ഷത്രചിഹ്നം ഇന്ന് ചില മുസ്ലിം പള്ളികളിലും അറബിക്, ഇസ്ലാമിക പുരാവസ്തുക്കളിലും കാണാം. അഹമ്മദീയ പതാകയിലും ഈ ചിഹ്നം കാണാൻകഴിയും.
Seven pointed star
ഹെപ്‌റ്റാഗ്രാം അഥവാ സെപ്റ്റാഗ്രാം എന്നറിയപ്പെടുന്ന ഏഴ് കോണുകളുള്ള നക്ഷത്രം സംസ്കാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തമായ അർത്ഥങ്ങളാൽ സമ്പന്നമാണ്. പുരാതന ബാബിലോണിൽ, അത് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഏഴ് ഗ്രഹങ്ങളെ പ്രതിനിധീകരിച്ചിരുന്നു. ഹിന്ദുമതത്തിൽ, സൂര്യദേവന്റെ ഏഴ് കുതിരകൾ ഏഴ് നിറങ്ങളെ പ്രതീകപ്പെടുത്തുന്നു. അതിനാൽ, ഏഴ് കോണുകളുള്ള നക്ഷത്രത്തെക്കൊണ്ട് സൂര്യനെയും സൗരോർജ്ജത്തെയും പ്രതിനിധീകരിച്ചു കാണപ്പെടുന്നു. മന്ത്രവാദത്തിലും പൗരാണിക രാസവിദ്യയിലുമെല്ലാം ഈ ചിഹ്നം ഉപയോഗിച്ചിരുന്നു.
സൃഷ്ടിയുടെ ഏഴ് ദിവസത്തെ പ്രതീകപ്പെടുത്താൻ ക്രിസ്തുമതത്തിൽ ഏഴ് കോൺ ചിഹ്നം ഉപയോഗിക്കുകയും ഇത് തിന്മയെ തടയുന്നതിനുള്ള പരമ്പരാഗത രൂപമായി മാറുകയും ചെയ്തു.
Eight pointed star
എട്ട് കോണുകളുള്ള നക്ഷത്ര ചിഹ്നത്തിനും ധാരാളം കഥകൾ പറയാനുണ്ട്. രണ്ട് ചതുരങ്ങളാൽ എട്ടുകോണുകൾ ഉള്ള നക്ഷത്രം വരയ്ക്കുമ്പോൾ അവ ഹിന്ദുമതത്തിലെ അഷ്ടലക്ഷ്മിയുടെ പ്രതീകമായി മാറുന്നു. പുരാതന അറബി ചിഹ്നമായ റബ്-എൽ-ഹിസ്ബിനും ഇത്തരം രൂപകൽപ്പനയുണ്ട്. പുരാതന സുമേറിയൻ ദേവതകളായ ഇനാന്നയുടെയും ഇഷ്താറിന്റെയും, റോമൻ വീനസിന്റെയും പ്രതീകം ഈ ചിഹ്നമാണ്.
ഒക്റ്റാഗ്രാം എന്നുവിളിക്കുന്ന ഈ ചിഹ്നത്തിനെ ദുഷിച്ച കണ്ണിൽ നിന്നും, നെഗറ്റീവ് എനർജികളിൽ നിന്നുമുള്ള സംരക്ഷണത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു. എന്നാലിത് രണ്ടു ചതുരങ്ങൾ കോണിച്ചുവെച്ച കണക്കിലല്ല, 8/3 എന്ന ജോമെട്രിയിൽ ആണെന്നുമാത്രം. ചിലർക്ക് നോർത്ത് സ്റ്റാർ എന്ന ചിഹ്നവും മറ്റൊന്നല്ല. Wiccan പോലെയുള്ള ചില പാരമ്പര്യങ്ങളിൽ, 8 കാലുള്ള നക്ഷത്രം എട്ട് പ്രധാന സീസണെയാണ് കാണിക്കുന്നത്.
ബുദ്ധമതത്തിൽ, എട്ട് കാലുള്ള ചിഹ്നം ധർമ്മ ചക്ര എന്നറിയപ്പെടുന്നു. ചില പുസ്തകങ്ങളിൽ ഈ ചിഹ്നത്തെ എട്ട് കാലുള്ള നക്ഷത്രചിഹ്നവുമായി ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. ചൈനീസ് തത്ത്വചിന്തയിൽ, ബാഗുവ ചിഹ്നത്തെ പ്രതിനിധീകരിക്കാൻ 8 കാലുള്ള നക്ഷത്രം ഉപയോഗിക്കുന്നു. അപൂർവ്വം ചില ലിഖിതങ്ങൾ, 8 കാലുള്ള നക്ഷത്ര ചിഹ്നത്തെ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പു ചിഹ്നമായും, ഇസ്ലാമിൽ ഖാതിം-സുലൈമാൻ (സോളമന്റെ മുദ്ര) മുദ്രയായും രേഖപ്പെടുത്തിയിരിക്കുന്നത് എത്രകണ്ട് ശരിയാണ് എന്നറിയില്ല.
Nine pointed star
9 കോണുകളുള്ള നക്ഷത്രം നോനാഗ്രാം എന്നും എനീഗ്രാം എന്നും അറിയപ്പെടുന്നു. ഗ്രീക്ക് പുരാണത്തിൽ, അറിവിന്റെയും പ്രചോദനത്തിന്റെയും സർഗ്ഗാത്മകതയുടെയും ദേവതകളായി കണക്കാക്കപ്പെടുന്ന ഒമ്പത് മ്യൂസുകൾ ഉണ്ട്. അവയെ കാണിക്കാൻ 9 കാലുള്ള നക്ഷത്രചിഹ്നം ഉപയോഗിക്കുന്നു. നോർസ് കഥകളിൽ 9 പ്രപഞ്ച മേഖലകൾ കാണിക്കാനും ഇത് ഉപയോഗിക്കുന്നു. ഹിന്ദുമതത്തിൽ, 9 കാലുള്ള നക്ഷത്രം പ്രതിനിധീകരിക്കുന്നത് ദുർഗാ യന്ത്രമാണ്.
9 കോണുകളുള്ള നക്ഷത്രചിഹ്നം ബഹായ് രീതികളിൽ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നു. ചില ക്രൈസ്തവ പഠനങ്ങളിൽ പരാമർശിക്കപ്പെട്ട, പരിശുദ്ധാത്മാവിന് അനുസൃതമായി ജീവിക്കുന്ന ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഒമ്പത് ഗുണങ്ങൾ, 9 കാലുള്ള നക്ഷത്രത്തിന് പ്രതിനിധീകരിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. മാലാഖമാരുടെ ഒമ്പത് ഗായകസംഘങ്ങളെയും ഈ നക്ഷത്രത്തിന് പ്രതിനിധീകരിക്കാൻ പറ്റുമെന്ന് കാണപ്പെടുന്നു.
Ten-pointed star
ഡെകാഗ്രാം എന്ന് വിളിക്കപ്പെടുന്ന പത്ത് കാലുള്ള നക്ഷത്രം അത്ര ജനപ്രിയമായ ഒരു ചിഹ്നമല്ല. ഇത് ജൂത നിഗൂഢതയിലെ കബാലിസ്റ്റിക് ട്രീ ഓഫ് ലൈഫുമായി ബന്ധപ്പെടുത്തി കാണപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തിൽ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കരിയോത്തിനെയും ക്രിസ്തുവിനെ പലതവണ നിഷേധിച്ച പത്രോസിനെയും കുറവുചെയ്തു 10 ശിഷ്യന്മാരെ പ്രതിനിധീകരിച്ചു ചില ക്രൈസ്തവ സുവിശേഷങ്ങളിൽ കേട്ടിട്ടുണ്ട്. ഇസ്ലാമിക ഗിരിഹ് സ്റ്റൈൽ ടൈൽ നിർമ്മാണ രീതിയിൽ ഈ ചിഹ്നം (11 കാലുള്ളതും) ധാരാളം ഉപയോഗിച്ചിട്ടുണ്ട്.
Eleven-pointed star
11 കാലുള്ള നക്ഷത്ര ചിഹ്നം തിമൂർ വംശവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക് വരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മോമിൻ ഖാതുൻ ശവകുടീരത്തിന്റെ പുറംഭാഗത്തും ഇവ കാണാം. ജൂത കബ്ബാലാ രീതിയിൽ പതിനൊന്ന് കാലുള്ള നക്ഷത്രം അറിവിന്റെയും ആത്മീയ തടസ്സങ്ങളുടെയും വൃക്ഷത്തെ പ്രതീകപ്പെടുത്തുന്നു. സ്റ്റാച്യു ഓഫ് ലിബർട്ടി 11 കോണുള്ള നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ഒരു പീഠത്തിൽ നിലകൊള്ളുന്നു, ഇതുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളുണ്ട്. ഫ്രീമേസണായ റിച്ചാർഡ് മോറിസ് ഹണ്ട് ആണ് പീഠം രൂപകൽപ്പന ചെയ്തത്. ശിൽപിയും ഒരു ഫ്രീമേസൺ ആയിരുന്നു, അതിനാൽ ഫ്രീമേസന്റെ ഉയർന്നതലത്തിലെ നിഗൂഢ ചിഹ്നമാണ് ഇതെന്നും പറയപ്പെടുന്നു.
Twelve-pointed star
ജീവന്റെയും പ്രപഞ്ചത്തിന്റെയും വിവിധ വശങ്ങളെ പ്രതിനിധീകരിക്കാൻ പുരാതന കാലം മുതൽ ഉപയോഗിക്കുന്ന മറ്റൊരു ശക്തമായ ചിഹ്നമാണ് ഡോഡെകാഗ്രാം എന്നറിയപ്പെടുന്ന 12 കോണുള്ള നക്ഷത്രം. ചില വീക്ഷണങ്ങളിൽ ക്രിസ്തുമതത്തിൽ, യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ പ്രതിനിധീകരിക്കാൻ 12 കാലുള്ള നക്ഷത്രം വേണമെന്ന് കണ്ടിട്ടുണ്ട്. യഹൂദമതത്തിൽ, ഇത് ഇസ്രായേലിലെ 12 ഗോത്രങ്ങളെ പ്രതീകപ്പെടുത്തുന്നതായും പറയപ്പെടുന്നു.
Thirteen-pointed star
ചില ക്രൈസ്തവ സുവിശേഷങ്ങളിൽ ട്രെസ്റ്റെല്ല ക്രോസ് എന്ന 13 കോൺ നക്ഷത്രത്തിലെ പതിമൂന്ന് കാലുകൾ അന്ത്യ അത്താഴം “അവസാന അത്താഴമല്ല” എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഉന്നതനായ ക്രിസ്തു തന്റെ സ്വർഗ്ഗരാജ്യത്തിൽ വാഗ്‌ദാനം ചെയ്‌ത ഭാവിഭക്ഷണത്തെക്കുറിച്ച് നമ്മോടു പറയുന്നതാണ് ഈ 13 കാലുള്ള നക്ഷത്രം. അമർത്യതയുടെ പ്രതീകമായി കണ്ട ഈ ചിഹ്നത്തിന്റെ തിയറി അത്രകണ്ട് പ്രചരിക്കപ്പെട്ടില്ല എന്നുതോന്നുന്നു..
Fourteen-pointed star
ചർച് ഓഫ് നേറ്റിവിറ്റി തിയറി പ്രകാരം 14 കാലുള്ള നക്ഷത്രചിഹ്നം യേശുക്രിസ്തുവിന്റെ വംശാവലിയിലെ 14 തലമുറകളുടെ മൂന്ന് തലമുറകളെ പ്രതിനിധീകരിക്കുന്നു.
Sixteen-pointed star
15 കോണുകളുള്ള നക്ഷത്രത്തെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലെങ്കിലും 16 കോണുകൾ ഉള്ളവക്ക് ചില ചരിത്രങ്ങൾ ഉണ്ട്. സ്റ്റാർ ഓഫ് വെർജീന, മാസിഡോണിയൻ സ്റ്റാർ, അല്ലെങ്കിൽ അർജേഡ് സ്റ്റാർ എന്നും അറിയപ്പെടുന്നത് ഇത്തരമൊരു ചിഹ്നമാണ്. പുരാതന ഗ്രീക്ക് പട്ടാളക്കാരുടെ കവചങ്ങളിൽ 16 കാലുള്ള ഈ ചിഹ്നം കാണാൻ കഴിയും. അതേപോലെ ഇൻക സാമ്രാജ്യം 16 കാലുള്ള ഒരു നക്ഷത്രത്തെ പ്രധാന ചിഹ്നമായി സ്വീകരിച്ചു. ചക്കന എന്നാണു ഇത് അറിയപ്പെട്ടത്.
ഇസ്ലാമിക വാസ്തുവിദ്യയുടെ സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ പലപ്പോഴും 16 കാലുള്ള നക്ഷത്രത്തിന്റെ രൂപം അവതരിപ്പിക്കുന്നു. “കുഫിക് നക്ഷത്രങ്ങൾ” അല്ലെങ്കിൽ “നക്ഷത്ര ബഹുഭുജങ്ങൾ” എന്നറിയപ്പെടുന്ന ഈ നക്ഷത്രങ്ങൾ, സമചതുരങ്ങളും സമഭുജ ത്രികോണങ്ങളും പരസ്പരം ബന്ധിപ്പിച്ച് രൂപപ്പെട്ടതാണ്.
16 കാലുള്ള നക്ഷത്രങ്ങൾക്ക് മുകളിലേക്ക് വിവരണം വ്യാപിപ്പിക്കുന്നില്ല. അതുപോലെ ഇപ്പറഞ്ഞ നക്ഷത്ര ചിഹ്നങ്ങളിൽപ്പലതും മന്ത്രവാദം, നിഗൂഢതന്ത്രങ്ങൾ, പുരാതന ചികിത്സാരീതികൾ, പോപ്പ് സംസ്‌കാരങ്ങൾ, പുതിയതലമുറ മതങ്ങൾ, നിർമ്മാണ രീതികൾ, പാർട്ടിചിഹ്നങ്ങൾ എന്നിവകളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ജ്യാമിതികളിലും നിറങ്ങളിലും മാറ്റം വരുത്തി ഉപയോഗിക്കുന്നവയും ഉണ്ട്. വിസ്താരഭയം… അതോടൊപ്പം മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും സങ്കീർണ്ണതകൾക്കും, കാലവും ദേശവും വ്യത്യാസപ്പെടുന്നതോടെ രൂപമാറ്റം സംഭവിക്കുന്ന തത്വശാസ്ത്രങ്ങൾക്കും ദൈവശാസ്ത്രങ്ങൾക്കും മറ്റു പലതും കൂട്ടിച്ചേർക്കാനുണ്ടാകും.
Cultural representations and modern usage
മതപരമായ സന്ദർഭങ്ങൾക്കപ്പുറം, വിവിധ സംസ്കാരങ്ങളിലും ആധുനിക പ്രയോഗങ്ങളിലും നക്ഷത്രചിഹ്നങ്ങൾ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത് തുടരുകയാണ്.
പല രാജ്യങ്ങളും തങ്ങളുടെ പതാകകളിലും ദേശീയ ചിഹ്നങ്ങളിലും നക്ഷത്രങ്ങളെ ഉൾപ്പെടുത്തുന്നു. ഐക്യം, സ്വാതന്ത്ര്യം, മെച്ചപ്പെട്ട ഭാവിക്കായുള്ള അഭിലാഷങ്ങൾ തുടങ്ങിയ ആശയങ്ങളെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. ഏകദേശം 35 ഓളം രാജ്യങ്ങളുടെ പതാകകളിൽ അഞ്ച് കോണുള്ള നക്ഷത്രചിഹ്നമുണ്ട്. അതിനുമുകളിലും നക്ഷത്രക്കാലുകളുള്ള പതാകകൾ കാണാം. അറുബ, പോർട്ട് ലാൻഡ് പ്രദേശങ്ങളുടെ പതാകയിൽ നാലുകാലുള്ള ചിഹ്നമാണുള്ളത്, നാറ്റോയുടെയും.
നക്ഷത്ര ചിഹ്നങ്ങൾ പലപ്പോഴും സാഹിത്യത്തിലും കലയിലും മാർഗനിർദേശങ്ങൾ, സ്വപ്നങ്ങൾ, അഭിലാഷങ്ങൾ എന്നിവയെ പ്രതീകപ്പെടുത്തുന്നു. പ്രത്യേകിച്ച് മധ്യകാല സാഹിത്യകൃതികളിൽ. ഈ ചിഹ്നം സർഗ്ഗാത്മകതയെയും ഭാവനയെയും പ്രചോദിപ്പിക്കുകയും അതേസമയം അത്ഭുതത്തിന്റെയും നിഗൂഢതയുടെയും മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.
സ്ഥാനം, പ്രശസ്തി, മികവ്, നേട്ടം എന്നിവയെ പ്രതിനിധീകരിക്കുന്ന മേഖലകളിൽ നക്ഷത്രങ്ങൾ പ്രതീകാത്മക ചിഹ്നങ്ങളായി ഉപയോഗിക്കപ്പെടുന്നു. അവ ലോഗോകൾ, അവാർഡുകൾ, ബ്രാൻഡ് ഐഡന്റിറ്റികൾ എന്നിവയിലും കാണപ്പെടുന്നു. ടെക്നോളജി മേഖലകളിലും നക്ഷത്രചിഹ്നങ്ങൾക്കു പല അർത്ഥങ്ങൾ കല്പിക്കപ്പെടുന്നു.
മതപരവും സാംസ്കാരികവും കാലികവുമായ അതിർവരമ്പുകൾക്കതീതമായി, ചരിത്രത്തിലൊതുങ്ങാതെ, നക്ഷത്രചിഹ്നങ്ങൾ അതിന്റെ യാത്ര തുടരുകയാണ്…
History of Star Signs and Symbols
Our fascination with stars stretches back millennia, and so does our use of them as symbols. Early sky watchers connected the twinkling dots into constellations, weaving stories of gods and heroes. These constellations served not just for entertainment, but also as practical tools. Sailors used them to navigate the vast oceans, while farmers relied on them to predict seasonal changes. The star symbol itself took on many meanings across cultures, representing divinity, hope, and even the elements themselves. From the guiding Star of Bethlehem to the protective Star of David, these celestial shapes continue to hold a powerful place in our world, reminding us of our connection to the vast unknown.