ഇല്ലിക്കൽ കല്ലും നീലക്കൊടുവേലിയും!
Illikkal Kallu Travel Guide: Panoramic Views and the Legend of Neelakoduveli.
കുഞ്ഞുപ്രായത്തിൽ ഞാൻ കേട്ട അമ്മൂമ്മക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു നീലക്കൊടുവേലി. അത്ഭുത കഥാപാത്രം! സ്വർഗ്ഗത്തിലെ ചെടിയാണത്രെ! അത് ഭൂമിയിൽ എവിടെയൊക്കെയോ വീണിട്ടുണ്ടത്രെ! പ്രത്യേകത ഉള്ളവർക്കേ അത് കാണാൻ കഴിയൂ!
The Mystical Powers of Neelakkoduveli: A Herbal Treasure from Folklore
എന്റെ അമ്മൂമ്മ പറഞ്ഞത് പ്രകാരം നീലക്കൊടുവേലിക്കു പല കഴിവുകൾ ആണുള്ളത്. ഈ ചെടി ഔഷധ സസ്യമാണ്. ഇരുട്ടത്തും പ്രകാശം ചൊരിയും, ഇതിന്റെ വേരും കമ്പും ഇരുമ്പിനെ സ്വർണ്ണമാക്കി മാറ്റും. വേര് ആണ് പ്രധാനി, ഇത് അരച്ച് കഴിച്ചാൽ മരണത്തെവരെ തോൽപ്പിക്കാൻ കഴിയും, ഇലകളും പൂക്കളും ഉണങ്ങുകയില്ല, നീലക്കൊടുവേലി കയ്യിൽ വന്നാൽ സമ്പത്തു കുമിഞ്ഞു കൂടും…അങ്ങനെ പലതും.
നീലക്കൊടുവേലി ലഭിക്കണമെങ്കിൽ ചെമ്പോത്തിന്റെ (ഈശ്വരൻ കാക്ക, ചകോരം, ഉക്കൻ, ഉപ്പൻ എന്നിങ്ങനെ പലപേരുകൾ) കുഞ്ഞിനെ പിടിച്ചുവെക്കണം. കുഞ്ഞിനെ തിരികെ കിട്ടാനായി ചെമ്പോത്ത് നീലക്കൊടുവേലി കൊണ്ടുവന്നു തരുമത്രെ. കിഡ്നാപ്പിംഗിനോടു താല്പര്യം ഇല്ലാത്തതിനാൽ ഞാനത് പരീക്ഷിച്ചില്ല.
മറ്റൊരു വഴി, ചെമ്പോത്തിന്റെ കൂട് ഇളക്കി കൊണ്ടുവന്നു വെള്ളത്തിൽ ഇടുക എന്നുള്ളതായിരുന്നു. ഈ കൂട് വെള്ളത്തിൽ മുകളിലേക്ക് ഒഴുകുമത്രേ. കാരണം കൂടു നിർമ്മിച്ചിരിക്കുന്നത് നീലക്കൊടുവേലിയുടെ കമ്പുകളും വേരുകളും കൊണ്ടാണുപോലും. എന്തായാലും കൂടു തിരക്കി നടന്ന് നടന്ന് ഞാൻ വലുതായി. കൂട് മാത്രം കാണാൻ കഴിഞ്ഞില്ല.
Guarded by Serpents: The Mystical Herb Beneath the Falls of Irappan Chal
അങ്ങനെ കുറച്ചു വലുതായപ്പോൾ അമ്മൂമ്മ പുതിയ ഒരു കഥ പറഞ്ഞു. എന്റെ വീടിനടുത്തു ഇരപ്പൻ ചാൽ എന്നൊരു വെള്ളച്ചാട്ടം ഉണ്ട്. ഫേമസ് ആണ്, മാപ്പിൽ കാണാം. അതിനടുത്ത് ഒരക്കുഴി എന്നപേരിൽ മറ്റൊരു വെള്ളച്ചാട്ടം കാണാം. ഒരക്കുഴി തട്ടുകൾക്ക് പഴയ സൗന്ദര്യം ഇല്ല. മണ്ണും കല്ലും നിരന്നു തുടങ്ങി. ഇരപ്പൻ ചാൽ ഇപ്പോഴും മഴക്കാലത്ത് രൗദ്രമാണ്. പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും പറയാറുമുണ്ട്.
എന്റെ ചെറുപ്പത്തിൽ, അതായത് 90 കാലഘട്ടത്തിൽ ഇരപ്പൻ ചാൽ വെള്ളച്ചാട്ടത്തിന്റെ ശബ്ദം വളരെ ദൂരെ വരെ കേൾക്കാമായിരുന്നു. അമ്മൂമ്മക്കഥയിൽ, ഈ ശബ്ദത്തിനു കാരണം, ആ വെള്ളച്ചാട്ടത്തിന്റെ അടിയിൽ നീലക്കൊടുവേലി വളരുന്നുണ്ട്, പക്ഷെ അനേകം സർപ്പങ്ങൾ അതിന് കാവലാണ്, അസാമാന്യ ധൈര്യം ഉള്ളവർക്കേ അത് പിഴുതുകൊണ്ടുവരാൻ കഴിയൂ എന്നാണ്. അമ്മൂമ്മയുടെ ഉദ്ദേശശുദ്ധിയിൽ അല്പം സംശയം തോന്നിയതിനാൽ അന്ന് ഈ വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോകാൻ ധൈര്യമുണ്ടായില്ല. പറയാൻ പറ്റൂല്ലല്ലോ, ഈ ബാലന്റെ ശല്യം അത്രയ്ക്കുണ്ടായിരുന്നു.
ഇരപ്പൻ ചാലിന് ഇപ്പൊൾ പഴയ ശബ്ദവും ഇല്ല, ഒഴുക്കുമില്ല, അമ്മൂമ്മ എന്നെ കളഞ്ഞിട്ടു പോകുകയും ചെയ്തു. ഒരു പക്ഷെ നീലക്കൊടുവേലി ഒഴുകിപ്പോയിക്കാണും.
Venturing to Illikkal Kallu: The Pursuit of the Mythical Neelakoduveli Begins
അമ്മൂമ്മക്കഥകൾക്കു നമ്മളിൽ വളരെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് മാടമ്പിള്ളിയിൽ ഗംഗ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അമ്മൂമ്മ എന്നെവിട്ട് പോയെങ്കിലും, നീലക്കൊടുവേലി മാത്രം എന്റെ മനസ്സിൽ നിന്നും പോയില്ല.
പല വർഷങ്ങൾ കഴിഞ്ഞപ്പോൾ, ആരോ പറഞ്ഞു, കോട്ടയത്ത് മൂന്നിലവിൽ ഇല്ലിക്കൽ കല്ലിൽ നീലക്കൊടുവേലിയുണ്ടെന്ന്. അത് തേടിപ്പോയവർ പലരും അവിടെത്തന്നെ മരിച്ചുപോലും. ഡ്യൂഡിനു പോലും കിട്ടിയില്ല, കിട്ടിയത് ആട് തിന്നത്രേ. ങാഹാ! എന്നാൽ അതൊന്നു കാണണമല്ലോ എന്ന് വിചാരിച്ചു എന്തിനും കൂടെ നിൽക്കുന്ന ചങ്കുകളെയും കൂട്ടി നേരെ വിട്ടു, ഇല്ലിക്കൽ കല്ലിലേക്ക്. അക്കഥയാണ് ഇനി പറയുന്നത്.
Illikkal Mala: Mother of the Meenachil River, a Majestic Peak in Kottayam
മീനച്ചിലാറിന്റെ മാതാവ് ഇല്ലിക്കൽ മല! കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ് പ്രദേശത്തെ പ്രധാന മലനിരകളിലൊന്ന്. ശരാശരി 4000 അടിയോളം ഉയരം. ഇല്ലിക്കൽ മലനിരകളിൽ ഉച്ചസ്ഥായിയിൽ നീലക്കൊടുവേലി ഉണ്ടെന്നു കരുതുന്ന ഇല്ലിക്കൽ കല്ല്. കാലാവസ്ഥ സഹായിച്ചാൽ പച്ചപ്പും, തണുപ്പും, കോടയും, മലയിൽ നിന്നും ഊറിവരുന്ന വെള്ളവും, ഇല്ലിക്കാടും, കുറ്റിയീന്തുകളും, മൂർച്ചയുള്ള നേർത്ത ഇലകളുള്ള തെരുവപ്പുല്ലുകളും ഒക്കെക്കൂടി ഇല്ലിക്കൽ മലയെ ആകെ പൊതിയും. ഈ മനോഹര കാഴ്ചകൾക്കിടയിലൂടെ തലയെടുപ്പോടെ നിൽക്കുന്ന ഇല്ലിക്കൽ കല്ല് ഒരു സഞ്ചാരിയും മറക്കാനിടയില്ല.
വെള്ളിടി മിന്നലിൽ തകർന്നെന്ന് കരുതുന്ന ഇല്ലിക്കൽ കല്ലിന്റെ ഒരു ഭാഗം ഇപ്പോഴും അല്പം ചെഞ്ചോര നിറത്തിൽ കാണാം. (ലോഹത്തിന്റെ അയിരുകൾ ഉള്ളതുകൊണ്ടാണ് ഈ ചെഞ്ചോര നിറം, പണ്ട് ഈ മലയെ അയിരുമല എന്നും വിളിച്ചിരുന്നു)
From Kudakkallu to Illickal Kallu: The Mystical Rock Formations
പ്രാധാന്യമുള്ള മൂന്ന് പാറക്കെട്ടുകൾ ആണ് ഈ മലയിൽ ഉള്ളത് (മൊത്തത്തിൽ അഞ്ച് എണ്ണം കാണാം). ഏറ്റവും മുന്നിലെ കുടക്കല്ല്, അല്പം പുറകിലായി കൂനൻ കല്ല്, അതിന്റെ തൊട്ടുപിറകിലായി ഇല്ലിക്കൽ കല്ല് (ഈ കല്ലിനെ ഇപ്പോൾ കുരിശിട്ട കല്ല് എന്നാണ് പറയുന്നത്, കാരണം അതിന്റെ മുകളിൽ ഒരു കുരിശു സ്ഥാപിച്ചിട്ടുണ്ട്. കുരിശിട്ട കല്ല് മുതൽ, അടുത്തുള്ള ഏതോ ഒരു പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പട്ടയപ്രകാരം തുടങ്ങുകയാണത്രേ, ഉറപ്പില്ലാത്തതുകൊണ്ടാണ് “ത്രേ”, അറിയാവുന്നവർ പറയട്ടെ).
ഈ പാറകൾക്കടിയിലൂടെ പ്രകൃതി നൽകിയ ഒരടി വഴിയിൽ വീണുപോയവർ ധാരാളം. കയറിയവരോ, പത്തോളം പേർക്ക് കഷ്ടിച്ച് ഇരിക്കാൻ കഴിയുന്ന ഗുഹയും കടന്ന്, പടിയില്ലാത്ത കിണറിൽ നിന്ന് കയറുന്നതുപോലെ മുകളിലേക്ക് കയറി കുരിശുകല്ലിലെത്തും. അവിടെനിന്നും കൂനൻ കല്ലിലും. കയറിച്ചെന്ന പലരുടെയും ജീവനെടുത്ത, ഒരു പാദം മാത്രം വെക്കാൻ കഴിയുന്ന നരകപ്പാലത്തിലൂടെ കുടക്കല്ലിലും.
The Mysteries Surrounding the Neelakoduveli and Olakkappara Stream
നരകപ്പാലത്തിന്റെ അടിയിൽ ഭീമസേനൻ (ഐതിഹ്യകഥയാണ്) ഉലക്ക എടുത്തെറിഞ്ഞു ഉണ്ടാക്കിയ ഇരുപതടി താഴ്ചയുള്ള ഒലക്കപ്പാറ തോട് എന്ന ഗർത്തവും ഉണ്ട്. എത്തിപ്പെട്ടവർ വിരളം. കേട്ട കഥകൾ പേടിപ്പെടുത്തുന്നവ. പക്ഷെ അവരിൽ ആർക്കും കുടക്കല്ലിനു മുകളിലെ ചെറിയ കുളത്തിൽ നിന്നും നീലക്കൊടുവേലി കിട്ടിയില്ലത്രേ. പ്രത്യേകത ഇല്ലാത്തവർ ആകാം. കുളത്തിൽ നീലക്കൊടുവേലി ഉണ്ടെന്നും മനുഷ്യപാദസ്പർശം അറിഞ്ഞാൽ കുളം താഴ്ന്നു പോകുമെന്നും കോട്ടയം കഥകൾ, കഥകൾ പലവിധം!
From the Heights of Illickal Kallu
ഞാൻ കണ്ട ഇല്ലിക്കൽ കല്ല് എന്നോട് പറഞ്ഞത്, നിങ്ങളുടെ കഥയിലെ നീലക്കൊടുവേലി ഇവിടെയില്ല. അത് തിരഞ്ഞാരും ഈ വഴി വരേണ്ടാ എന്നാണ്. യഥാർത്ഥ നീലക്കൊടുവേലിയും, തുമ്പ (വെള്ള) കൊടുവേലിയും, ചെത്തി (ചുവന്ന) കൊടുവേലിയും പല ഔഷധസസ്യ തോട്ടങ്ങളിലും ഉണ്ട്. അല്പം സമാധാനം കിട്ടാൻ അത് പോയിക്കാണുക എന്നാണ്. കറുത്ത കൊടുവേലിയും മഞ്ഞ കൊടുവേലിയും അന്യം നിന്നുപോയിതാനും.
ഇനി ഒരുപക്ഷേ നമുക്ക് കാണാൻ കഴിയാത്ത അത്ഭുത നീലക്കൊടുവേലി അവിടെയുണ്ടെങ്കിൽ ഇല്ലിക്കൽ കല്ലും അവിടെത്തന്നെ കാണും. മലഞ്ചുവട്ടിൽ നിന്നും മനുഷ്യൻ എത്ര പാറ തുരന്നാലും.
പണ്ടത്തെ കഥകളിൽ മരിച്ചവർ പോകട്ടെ. കഥയാകാം എന്ന് കരുതി സമാധാനിക്കാം. പക്ഷെ ഇപ്പോൾ? അതിസാഹസികത കാരണം പൊലിഞ്ഞ ചില ജീവനുകൾ തീർത്ത വലിയ വേലിക്കെട്ടുകൾ ഇപ്പോൾ ഇല്ലിക്കൽ മലയിലുണ്ട്. ഉമ്മിക്കുന്ന് എന്ന മലയിൽ നിന്ന് മാത്രമേ നമുക്ക് ഇല്ലിക്കൽ കല്ലിനെ ഇപ്പോൾ കാണാൻ കഴിയുകയുള്ളൂ, അതായത് നാം നിൽക്കുന്ന വേലികെട്ടിയ മല. പക്ഷെ അടുത്തുകാണാം എന്നൊരാശ്വാസം ഉണ്ടുതാനും.
Beyond the Illikkal Mountain to Majestic Landscapes
ഇല്ലിക്കൽക്കുന്നുകൾക്ക് സൗന്ദര്യം സമ്മാനിക്കുന്നത് ഉമ്മിക്കുന്ന് മാത്രമല്ല, എതിർ ഭാഗത്തുള്ള മായങ്കല്ല് മലകളും, പേഴക്കല്ല് വൻ മലയും, ചുറ്റിനുമുള്ള ഇലവീഴാപൂഞ്ചിറ കുന്നുകളും, വാഗമൺ കുന്നുകളും, കോലാനി മലകളും, ഇവയെയെല്ലാം മലകളാക്കിയ അഗാധ ഗർത്തങ്ങളും, അവിടെയുള്ള താഴ്വരകളും, അരുവികളും, വെള്ളച്ചാട്ടങ്ങളും ഒക്കെക്കൂടിയാണ്.
A Sacred Temple Where the First Rays of Sunlight Embrace the Divine
ഇല്ലിക്കൽ കല്ലിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ മങ്കൊമ്പ് എന്നൊരു സ്ഥലവും അവിടെ മങ്കൊമ്പിലമ്മ എന്നൊരു ക്ഷേത്രവും ഉണ്ട്. പത്താമുദയ സമയത്ത് ഒലക്കപ്പാറ തോടിലൂടെ വരുന്ന ആദ്യ സൂര്യകിരണങ്ങൾ മങ്കൊമ്പിലമ്മയെ തൊടും എന്നാണു വിശ്വാസം.
തമിഴ്നാട്ടിൽ നിന്നും മധ്യ, തെക്കൻ പുരാതന മലയാള പ്രദേശത്തേക്ക് കുടിയേറിപ്പാർത്ത ശൈവ വെള്ളാളരുടെ കൂടെ ശ്രീചക്ര രൂപത്തിൽ എത്തിയ പാർവതി (അല്ലെങ്കിൽ ഒരു തമിഴ് ദേവത) യാണ് മങ്കൊമ്പിലമ്മ എന്നാണു വിശ്വാസം. ചോളരാജ്യ സാമന്തൻ കീഴ്മലൈനാടരചൻ ശൈവ വെള്ളാളളാർക്കു നൽകിയ സംരക്ഷണം ഇവരെ കേരളഭാഗത്തു ജീവിക്കാൻ സഹായിച്ചു എന്ന് ഭാഷ്യം. മധ്യകേരളം മുതൽ തെക്കോട്ടു ഇരുപത്തിയാറോളം മങ്കൊമ്പിലമ്മ (മങ്കൈ അമ്മൻ) ക്ഷേത്രങ്ങൾ കാണാം.
Experience the Vibes: Jeep Rides and Scenic Walks to Illikkal Kallu
യാത്ര പോകുന്നവർ, മാപ്പിൽ, ഇല്ലിക്കൽ കല്ല് സെറ്റ് ചെയ്തു പോകുക. നേരെ പാർക്കിങ്ങിൽ എത്തും. ടിക്കറ്റ് എടുത്തു ജീപ്പിൽ രണ്ടു കിലോമീറ്റർ മുകളിലേക്ക്. വേണമെങ്കിൽ നടന്നും പോകാം. അതാണ് വൈബ്!
അവിടെനിന്നും 300 മീറ്റർ നടന്നാൽ ഉമ്മിക്കുന്നിന് മുകളിൽ. മുൻപിൽ, ഇല്ലിക്കൽ കല്ല്, നിങ്ങളെ സ്വീകരിക്കും. ഷൂ നിർബന്ധമില്ല, പ്ലാസ്റ്റിക് ഒഴിവാക്കുക. കടകൾ ഉണ്ട്. ഉപ്പിലും തേനിലും മുങ്ങിക്കിടക്കുന്ന ചില സാധനങ്ങൾ വേണമെങ്കിൽ രുചിക്കാം. ചായയോ വെള്ളമോ കരിക്കോ കുടിക്കാം. ചായയ്ക്ക് നല്ല രുചിയുണ്ട്. ചിലപ്പോൾ ഉയരം കൂടിയതുകൊണ്ടാകും.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary: Illikkal Kallu and Neelakoduveli
Nestled in the heart of Kottayam, Kerala, Illikkal Kallu is a breathtaking tourist destination, often linked to the enchanting legend of Neelakoduveli, a mystical herb from local folklore. According to age-old stories, Neelakoduvelli is believed to possess extraordinary powers – transforming iron into gold and even holding the key to immortality. Passed down through generations, these tales have added an air of mystery to Illikkal Kallu, with many claiming that this towering rock formation, standing at nearly 4,000 feet, conceals the magical herb atop its steep cliffs. From the summit, one can enjoy panoramic views of lush green valleys, mist-covered hills, and the meandering Meenachil River, making it a haven for nature enthusiasts and adventure seekers.
While Illikkal Kallu is known for its stunning landscapes and thrilling trekking paths, climbing up to the rock formation has been banned by the government due to safety concerns. Its iconic natural rock formations – Kudakallu (Umbrella Rock) and Koonan Kallu (Hunchback Rock) – remain a testament to nature’s artistry and challenge. The trek to these formations was once perilous, with many losing their lives trying to reach the summit, adding to the site’s mystique. Despite the risks, the legend of Neelakoduveli continues to captivate visitors, with many drawn to the mountain in search of the fabled herb. Whether or not one uncovers the mythical treasure, the journey to Illikkal Kallu offers a unique and unforgettable experience, immersing travelers in the beauty and mystery of Kerala’s rugged landscapes.