പൗരാണിക നിർമ്മിതികളിലെ രഹസ്യക്കൂട്ടുകൾ!

Ancient Natural Building Materials, Techniques and Methods

പുരാതനകാലത്തെ വീടുകളും ക്ഷേത്രങ്ങളും ഉൾപ്പടെയുള്ള പല നിർമ്മിതികളിലും ഉപയോഗിച്ചിരുന്ന വസ്തുക്കൾ പ്രകൃതിദത്തമായി ലഭിക്കുന്നവ ആയിരുന്നു. അവയെ നിർമ്മാണവസ്തുക്കളായി മാറ്റിയെടുത്ത് ഉപയോഗിച്ചിട്ടുള്ള ഏതാണ്ടെല്ലാ നിർമ്മാണങ്ങളും അനേകകാലം നിലനിന്നിരുന്നു. ഇന്നും ഇത്തരം രഹസ്യക്കൂട്ടുകളുടെ വിവരങ്ങൾ തേടി അലയുന്നവർ പലരുമുണ്ട്. ഇന്നത്തെ തലമുറ അത്‌ഭുതത്തോടുകൂടി കാണുന്ന ഇത്തരം പഴയ നിർമ്മാണ രീതിയെപ്പറ്റി വിശകലനം ചെയ്യാം. (Discovering Ancient Natural Building Materials and Techniques). ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കിയതോടെ നാം പുരാതന നിർമ്മാണവിദ്യകൾ മറന്നുപോയിരിക്കുന്നു.

Traditional homes in Kerala

Nature’s Pesticide: Ancient Pest Control Techniques

ചില പഴക്കം ചെന്ന വീടുകൾ പൊളിക്കുമ്പോൾ അതിന്റെ മച്ചുൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നും നിരത്തിവെച്ച രീതിയിൽ ധാരാളം ഇലകൾ കിട്ടാറുണ്ട്. ചിതൽശല്യം ഒഴിവാക്കാനായി കരിങ്ങോട്ട അഥവാ ഇലമംഗലം എന്ന സസ്യങ്ങളുടെ ഇലകൾ ഇത്തരം രീതിയിൽ ഉപയോഗിക്കാറുണ്ടായിരുന്നു. പായ പോലെ നെയ്താണ് സാധാരണ ഇവ നിരത്താറുള്ളത്. ചുണ്ണാമ്പിന്റെയും ചെങ്കല്ല് പൊടിച്ച പൊടിയുടെയും മിശ്രണം തേച്ചുപിടിപ്പിക്കുന്നതാണ് ഇലകളുടെ അടിയിലും മുകളിലുമായി മണ്ണ് പോലെ കാണുന്നത്.

Beyond Timber: Karingotta and Ilamangalam

പണ്ടുകാലത്ത് കുമ്പിൾ, വെള്ളീട്ടി, കരിങ്ങോട്ട എന്നീ മരങ്ങൾ കൊണ്ടാണ് മെതിയടി  നിർമ്മിച്ചിരുന്നത്. കരിങ്ങോട്ടയുടെ ഔഷധഗുണം കാൽപാദങ്ങൾക്ക് നല്ലതായിരുന്നു. ഇതിന്റെ വേര്, തൊലി എന്നുവേണ്ട, കായകൾ വരെ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമായിരുന്നു. നമ്മൾ വയണയില ഉപയോഗിച്ച് കുമ്പിളപ്പം ഉണ്ടാക്കാറില്ലേ. ആ വയണയുടെ കുടുംബത്തിലുള്ളതാണ് ഇലമംഗലം. 

The Art of Brick Making: Ancient Techniques

ഇഷ്ടിക നിർമ്മിക്കാനായി, നല്ല ചുവപ്പുനിറത്തിലുള്ള മണ്ണ് വൃത്തിയാക്കി എടുത്ത്, വെള്ളനിറത്തിലുള്ള മണലുമായി കൂട്ടി സംയോജിപ്പിച്ച്, വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് മൃദുവാക്കിമാറ്റും. ഈ മിശ്രിതത്തെ താന്നി, മാവ്, അരയാൽ, കടുക്ക, കടമ്പ് എന്നിവയുടെ തൊലി ചതച്ച നീര് ചേർത്ത്, ത്രിഫല അരച്ച വെള്ളംകൊണ്ട് നനച്ചു, ഒരു മാസത്തോളം നന്നായി ചവിട്ടിക്കുഴച്ച്, ഇഷ്ടികരൂപത്തിലാക്കി, ചുട്ട് എടുക്കുമായിരുന്നു.

Three types of Sands 

മണലിനെ മൂന്നായാണ് തരം തിരിച്ചിരുന്നത്. കരാള, മുദ്ഗി, ഗുല്മഷം എന്നിങ്ങനെയായിരുന്നു പേരുകൾ. യഥാക്രമം, വലിപ്പമുള്ള മണൽ, പയറിന്റെ വലിപ്പം വരുന്ന ചെറിയ മണൽ, താമരനൂലിന്റെ രണ്ടിരട്ടി മാത്രം വലിപ്പമുള്ള തീരെച്ചെറിയ മണൽ.

Mortar Magic: Ancient Formulas for Strong Structures

ഇങ്ങനെയുള്ള മൂന്നുതരത്തിലുമുള്ള മണൽ ചുണ്ണാമ്പുമായി കൂട്ടിച്ചേർത്ത് കൽക്കയാക്കി, വീണ്ടും തുടർച്ചയായി കുഴച്ചു ചിക്ന എന്ന ദ്രവരൂപത്തിലാക്കി, വീണ്ടും മേമ്പൊടിയായി ചുണ്ണാമ്പുചേർത്ത് സാധാരണ ചാന്ത് നിർമ്മിക്കാമായിരുന്നു. നിർമ്മിക്കപ്പെട്ട ഇഷ്ടികയുടെ തരം നോക്കിയാണ് വേണ്ട ചാന്ത് ഉണ്ടാക്കിയിരുന്നത്. മണലിന്റെ തരങ്ങളിൽ അളവുകൾ ക്രമപ്പെടുത്തിയാണ് ഇത്തരം ചാന്തുകൾ തയ്യാറാക്കിയിരുന്നത്.

traditional home nadumuttam style

Special Ingredients in mortar

ഈ ചാന്തിന് കൊഴുപ്പും, നല്ല ബലവും കിട്ടാനായി, താന്നി, ക്ഷീരദ്രുമം, കടുക്ക, മാവ്, കടമ്പ് നീരുകളും, ത്രിഫലയുടെ ചാറും, ഉഴുന്നുവെള്ളവും ചേർത്ത് കുതിരകളെ കൊണ്ട് ചവിട്ടി കുഴമ്പുരൂപത്തിലാക്കും. ഏറ്റവും നല്ല ചാന്ത് ഇങ്ങനെ നിർമ്മിക്കുന്നതായിരുന്നു. ഇതേ ചാന്തുതന്നെ അരിച്ചെടുത്ത്, മിനുസപ്പണിക്കുള്ള ചാന്തായും ഉപയോഗിക്കാം.

Ancient Other Mortar Recipes

ഉഴുന്നുവെള്ളത്തിന്റെ അഞ്ചുഭാഗവും, തൈരിന്റെ എട്ടുഭാഗവും, പാലിന്റെ ഏഴുഭാഗവും, കരിവേലത്തിന്റെ പട്ട ആറുഭാഗവും, ശർക്കരയുടെ ഒൻപതുഭാഗവും, നെയ്യിന്റെ ഒൻപതുഭാഗവും, ത്രിഫലച്ചാറിന്റെ പത്തുഭാഗവും, തേങ്ങാപ്പാലിന്റെ നാലുഭാഗവും, വാഴപ്പഴത്തിന്റെ മൂന്നുഭാഗവും, തേനിന്റെ ഒരുഭാഗവും എടുത്തരച്ചു നൂറുഭാഗം ചുണ്ണാമ്പുചേർത്ത് ചാന്ത് നിർമ്മിക്കാൻ കഴിയും. അതിശയകരം എന്നല്ലാതെ എന്തുപറയാൻ. 

എന്നാൽ മറ്റൊരുരീതി, ഒരേതൂക്കത്തിൽ ചുണ്ണാമ്പും, കരാളയും, തേനും നെയ്യും, തേങ്ങാപ്പാലും, ഉഴുന്നുവെള്ളവും, പഴവും, പുളിരസവും, ശർക്കരയും, പാലും, തൈരും, ത്രിഫലച്ചാറും ഒന്നിച്ചാക്കി, അതിൽനിന്നും രണ്ടുഭാഗമെടുത്ത്, നൂറുഭാഗം ചുണ്ണാമ്പുമായി യോജിപ്പിച്ചു നല്ല ഉറപ്പുനൽകുന്ന ചാന്ത് നിർമ്മിക്കുന്ന വിദ്യയും ഉണ്ടായിരുന്നു. 

കക്ക നീറ്റിപ്പൊടിച്ച്, ആറ്റുമണലും ചേർത്ത്, പുളിരസം സംയോജിപ്പിച്ചാൽ വെളുത്തനിറത്തിലുള്ള ചാന്ത് നിർമ്മിക്കാമായിരുന്നു. ചുമരുകൾ തേച്ച് മിനുസപ്പെടുത്താനുള്ള ചാന്ത് ചെങ്കല്ല് പൊടിച്ചതും, കടുക്കയുടെ നീരും, ചുണ്ണാമ്പും, ഇലമംഗലത്തിന്റെ ഇല അരച്ചതും മണലിൽ കൂട്ടിച്ചേർത്തു നിർമ്മിക്കാം എന്നും കണ്ടിരുന്നു.      

Durable and Decorative Ancient Floor Finishing

അരച്ചെടുത്ത ചിരട്ടക്കരിയും, മുട്ടയുടെ വെള്ളഭാഗവും, അടയ്ക്ക ഊറക്കിട്ട വെള്ളവും, കുന്തിപ്പനയുടെ എണ്ണയും, ആവണക്കെണ്ണയും, പകുതിവെന്ത കക്ക പൊടിച്ചതും മിശ്രിതമാക്കി അതിലേക്ക് വാറ്റിയെടുത്ത പനമ്പുപട്ട ചേർത്ത് വീടിന്റെ തറയിടാനായി ഉപയോഗിച്ചിരുന്നു. 

Chemistry of Construction: Decoding Ancient Idol making

പാൽ, തൈര്, ശർക്കര, നേന്ത്രപ്പഴം, തേങ്ങാപ്പാൽ, ഉഴുന്നുവെള്ളം, മാമ്പഴത്തിന്റെ ചാറ് എന്നിവ, മുമ്പുപറഞ്ഞ കൽക്കയുടെയും ചിക്നയുടെയും കൂടെ മിശ്രിതമാക്കി ശില്പ്പനിർമ്മാണവുമായി ബന്ധപ്പെട്ട ബന്ധോദകം തയ്യാറാക്കാൻ പറ്റും. ഭിത്തിക്ക് മിനുസം പൂശാനും ഇത് ഉപയോഗിക്കാം.

Poomukham traditional style

പാൽ, തൈര്, നെയ്യ്, തേൻ, വാഴപ്പഴസത്ത്, തേങ്ങാപ്പാൽ, ഉഴുന്നുരസം, ത്രിഫലച്ചാറ് മുതലായവ ചുണ്ണാമ്പുമായി ചേർത്ത് മിശ്രിതമാക്കി ഒരുഭാഗം 200 ഭാഗം മണലും ചേർത്ത് ശില്പങ്ങളിൽ പുറമെ തേച്ചുപിടിപ്പിക്കുന്ന പരുക്കൻ ലേപനം നിർമ്മിച്ചിരുന്നു. 

A Sacred Bond: The Significance of Ashtabandham

ക്ഷേത്രനിർമ്മാണങ്ങളിൽ, വിഗ്രഹവുമായി ബന്ധപ്പെട്ടാണ് ബന്ധോദകം, അഷ്ടബന്ധം മുതലായ പ്രവൃത്തികൾ വരുന്നത്. ഇതിൽ പശയാണ് അഷ്ടബന്ധം. വിഗ്രഹം പീഠത്തിൽ ഉറപ്പിക്കാനും, പീഠം അതിന്റെ സ്ഥാനത്ത് ഉറപ്പിക്കാനും ആണ് പ്രധാനമായും അഷ്ടബന്ധം ഉപയോഗിക്കുന്നത്.

ശംഖ് അല്ലെങ്കിൽ കക്ക, മരുതിന്റെ നീര്, കോഴിപ്പരൽ എന്ന വിവിയാനൈറ്റ് (ഹൈഡ്രേറ്റഡ് അയൺ ഫോസ്‌ഫേറ്റ് മിനറൽ – Fe2+Fe2+2(PO4)2·8H2O), കോലരക്ക്, നെല്ലിക്ക, എള്ളെണ്ണ, ആറ്റുമണൽ മുതലായവ നന്നായി പൊടിച്ച് മിശ്രിതമാക്കിയാണ് അഷ്ടബന്ധം തയ്യാറാക്കുന്നത്. ഇതിൽ കോഴിപ്പരൽ ഇപ്പോൾ അധികം ലഭിക്കാറില്ല. ഭാരതപ്പുഴയിലെ ചില കയങ്ങളിൽ ഇവ ധാരാളം ഉണ്ടായിരുന്നു. മറ്റൊരു ലേഖനത്തിൽ വിശദമാക്കാം.

The Significance of Kadu Sharkara Yogam 

വിഗ്രഹങ്ങൾ വാർക്കുന്ന രീതികളില് ഏറ്റവും പ്രാധാന്യമുള്ള വിധിയാണ് കടുശർക്കരയോഗം. കാവിനിറത്തിലുള്ള മണ്ണ്, കോഴിപ്പരൽ, മരുതിന്റെ നീര്, നല്ലെണ്ണ, ത്രിഫലച്ചാറ് എന്നിവയെക്കൂടാതെ പല വസ്തുക്കളും ഈ നിർമ്മാണവിദ്യയിൽ അടങ്ങിയിട്ടുണ്ട്. വിശദമായ ലേഖനം പിന്നാലെ എഴുതാം. രഹസ്യസ്വഭാവമുള്ള വിദ്യയാണിത്.

Ancient Pest Control: Traditional Methods to Protect Structures

പിൽക്കാലത്ത് ചിതലുകൾ ആക്രമണം നടത്താതിരിക്കാൻ വീടിന്റെ തറയിൽ മണ്ണ് നിറക്കുന്ന ഭാഗത്ത്, ഏകദേശം 15 cm താഴ്ചയിൽ പച്ച ഉലുവ ചതച്ചിടുന്ന പതിവുണ്ടായിരുന്നു. എരുക്കിന്റെ ഇല രണ്ടാഴ്ചയോളം വെള്ളത്തിലിട്ട്, ഈ വെള്ളം മണ്ണിൽ ഒഴിച്ചാൽ ചിതൽ ശല്യം മാറും എന്ന കാഴ്ചപ്പാടും നിലവിൽ ഉണ്ടായിരുന്നു.

The Ancient Art of Sealing Wood with Natural Resins

കൊല്ലം എന്ന സ്ഥലത്തുള്ള ചില കശുവണ്ടിക്കമ്പനികൾ കശുവണ്ടിത്തോടിൽ നിന്നും വാറ്റിയെടുക്കുന്ന മിശ്രിതം സീലറായി വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ ഈ വിദ്യ വളരെ പുരാതനമാണ്. മരയുരുപ്പടികളെ ജീവികളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനാണ് ഇത്തരം സീലർ ഉപയോഗിക്കുന്നത്.

The Composition of Ancient Indian Columns

പഴയകാലത്ത് സ്തംഭങ്ങൾ ധാരാളമായി നിർമാണങ്ങളിൽ ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെയുള്ള സാധാരണ സ്തംഭങ്ങൾ ആയിരുന്നില്ല അവ. ഇത്തരം സ്തംഭങ്ങൾ നിർമ്മിക്കാനായി ഇഷ്ടികയും, ചുണ്ണാമ്പും, കുന്തിരിക്കവും, മൂന്നുതരത്തിലുള്ള മണലും, കൽക്കയും, മെഴുകും ഒക്കെ ഉപയോഗിച്ചതായി കാണപ്പെട്ടിട്ടുണ്ട്.

The Mystery of Surkhi (Surki): A Deep Dive into Ancient Mortar

മുല്ലപ്പെരിയാർ അണക്കെട്ടുമായി സംബന്ധിച്ച വിവാദങ്ങൾ വന്നതോടെയാണ് നാം സുർക്കി മിശ്രിതം എന്ന പേര് ശ്രദ്ധിക്കുന്നത്. ഈ സുർക്കി മിശ്രിതത്തെപ്പറ്റി ആധികാരികമായി പഠിക്കാൻ 2012 ൽ സുപ്രീം കോടതി ഒരു എൻജിനീയറിങ് ടീമിനെ അയച്ചിരുന്നു. ഇതിന്റെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു ഞാൻ കണ്ടിട്ടില്ല എങ്കിലും സുർക്കി മിശ്രിതങ്ങളെപ്പറ്റി പല ഗ്രന്ഥങ്ങളും ആധികാരികമായ വിവരങ്ങൾ നൽകുന്നുണ്ട്. 

Kerala style home

പകുതി വെന്തെടുത്ത കളിമണ്ണ് നന്നായി പൊടിച്ച് ശർക്കരയും ചുണ്ണാമ്പും മറ്റുചില ചേരുവകളും ചേർത്ത് സുർക്കി മിശ്രിതം തയ്യാറാക്കാം. മുട്ടയുടെ വെള്ളഭാഗവും, കുമ്മായവും, ശർക്കരയും മിശ്രിതമാക്കിയും സുർക്കി തയ്യാറാക്കാം.  

The Enduring Iron Pilla of Delhir: A Scientific Marvel

സുർക്കിയെപ്പറ്റി പറഞ്ഞ സ്ഥിതിക്ക്, ഡൽഹിയിലെ Iron Pillar of Delhi എന്ന പേരിൽ അറിയപ്പെടുന്ന, ഇരുപത്തിമൂന്ന് അടി ഉയരം വരുന്ന, ഇരുമ്പ് സ്തംഭത്തെപ്പറ്റി പറയാതെ വയ്യ. 1600 വർഷം പ്രായമുണ്ട് ഈ ഇരുമ്പുതൂണിന്. ഇപ്പോഴും തുരുമ്പ് ബാധിക്കാതെയുള്ള നിൽപ്പാണ് ഈ Iron Pillar. 

നമ്മുടെ പഴയ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത തരം ഇരുമ്പുകളെകുറിച്ച് പറയുന്നുണ്ട്. ഇരുമ്പിന്റെ നിർമ്മാണസമയത്ത് ആവാരം, എരുക്ക് എന്നിവയുടെ കരി ഇതിലേക്ക് ചേർത്ത് നിർമ്മിക്കണം എന്നാണ് ഇതിൽ പറയുന്നത്. ഫോസ്ഫറസും കാർബണും ലഭിക്കുന്ന വഴിയാണിത്. ഈ തൂണിന് ചുറ്റുമുള്ള ലോഹഭാഗത്തായി മിസാവൈറ്റ് എന്ന ഇരുപത് മില്ലിമീറ്ററിൽ ഒരു ഭാഗം ഘനം വരുന്ന ഒരു പാട രൂപപ്പെടുന്നുണ്ട് എന്നതുകൊണ്ടാണ് ഈ തൂണിൽ തുരുമ്പില്ലാത്തത് എന്നതാണ് വസ്തുത.

ഡൽഹിയിലെ തൂണിന്റെ നിർമ്മാണരീതി എങ്ങിനെയാണ് എന്നതിന്റെ യഥാർത്ഥ വിവരങ്ങൾ ഇപ്പോഴും അറിയില്ലെങ്കിലും ശാസ്ത്രകുതുകികൾ പല തിയറിയും ആയി വന്നിട്ടുണ്ട്. 

The Decline of Ancient Natural Building Materials and Techniques: A Modern Dilemma

ഈ ആധുനിക കാലത്ത് മേല്പറഞ്ഞ രീതികളിൽ ഉള്ള നിർമ്മാണങ്ങൾ സാധ്യമാകുമോ? ഇതിനുവേണ്ട മെറ്റീരിയലുകൾ ലഭിക്കുമോ? അതിനുള്ള അറിവുകൾ ഇന്ന് ആർക്കുണ്ട്? വലിയ പ്രയാസം തന്നെ. ഗുണനിലവാരം നിലനിർത്തുക എന്നതും അസാധ്യം തന്നെ. ആധുനികലോകത്ത് മറ്റു പലതരം മെറ്റീരിയലുകൾ വന്നതോടെ ഇന്ന് എത്രപേർക്ക് ഇതിലൊക്കെ താല്പര്യം കാണും. 

Ancient Natural Building Materials and Techniques

ഒരു കാലത്ത് നമ്മുടെ നിർമ്മിതികളെല്ലാം അടക്കിഭരിച്ച ഇത്തരം നിർമ്മാണവിദ്യകൾ ഇപ്പോൾ പൂർണ്ണമായും അന്യം നിന്നുപോയിരിക്കുന്നു. ഇന്നത്തെ രീതികളും നാളെ കാലം മറന്നേക്കാം. ലോകം അങ്ങനെയല്ലേ?

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

In ancient times, construction relied on natural, locally available materials that were carefully processed to create long-lasting structures. Builders used techniques like mixing lime, natural bricks etc. to make environmentally friendly structures and plant-based materials to create strong adhesives, prevent decay. These methods, though highly durable and sustainable, have largely been forgotten with the advent of modern technology, making it difficult to preserve or revive such traditional craftsmanship today despite the growing curiosity about these practices.

This article has been viewed: 39
49090cookie-checkപൗരാണിക നിർമ്മിതികളിലെ രഹസ്യക്കൂട്ടുകൾ!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!