കായംകുളം രാജ്യത്തിന്റെ പതനം, മാർത്താണ്ഡ വർമ്മയുടെ മുന്നിൽ… (കൃഷ്ണപുരം കൊട്ടാരം യാത്ര)
Marthanda Varma’s Conquest of Kayamkulam Kingdom… A visit to Krishnapuram Palace
കേരളത്തിന്റെ ചരിത്ര ഏടുകളിൽ ചതികളും, കുതന്ത്രങ്ങളും, രക്തച്ചൊരിച്ചിലും ആവോളം നിറഞ്ഞ യുദ്ധപരമ്പര, വേണാട്ടരചൻ മാർത്താണ്ഡവർമ്മയും കായംകുളം രാജാക്കന്മാരുമായും തമ്മിലാണ് നടന്നിട്ടുള്ളത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കായംകുളത്തിന്റെ പ്രവർത്തികളും ചെറുത്തുനിൽപ്പും മാർത്താണ്ഡവർമ്മക്ക് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. (War between Kayamkulam and Marthanda Varma)
Wars between Kayamkulam and Marthanda Varma
നാല് വലിയ യുദ്ധങ്ങളെയും രണ്ട് ചെറിയ യുദ്ധങ്ങളെയും കായംകുളം രാജ്യം കണ്ടു. നാലാമത്തെ മഹായുദ്ധത്തോടെയാണ് കായംകുളത്തെ മെരുക്കാൻ വർമ്മക്ക് സാധിച്ചത്. തോറ്റുപോയ കായംകുളം രാജാവ് മുണ്ടകപ്പാടത്തേക്ക് കടൽവെള്ളം കയറ്റി, തോണ്ടലിക്കുന്നേൽ കടവിൽനിന്നും നൗകയേറി തന്റെ കുടുംബത്തോടൊപ്പം തൃശ്ശൂരിലേക്ക് കടന്നു. അന്നത്തെ മുണ്ടകപ്പാടം ഇന്ന് കായംകുളം കായൽ എന്നറിയപ്പെടുന്നു. തോറ്റതിനാൽ പൊന്നുവിളയുന്ന കൃഷിയിടം വർമ്മക്ക് കിട്ടരുതെന്ന് എന്ന് ചിന്തിച്ചു അവിടെ ബണ്ട് പൊട്ടിച്ചു ഉപ്പുവെള്ളം കയറ്റി എന്ന് പറയുന്നത് തെറ്റാണ്.
Achyutha Warrier’s Valor in Battle
ഇതിനുമുൻപ് നടന്ന എല്ലാ യുദ്ധങ്ങളിലും കായംകുളത്തെ സംരക്ഷിക്കാൻ സൈന്യാധിപനായി വൃദ്ധരാജദൊരൈ എന്ന എരുവ അച്യുതവാര്യർ രാജാവിന്റെ വലംകൈ ആയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അസാമാന്യ ബുദ്ധിവൈഭവവും, കായംകുളത്തിന്റെ സ്വന്തം ചാവേറ് പടയും, അമ്പത്താറ് കളരികളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ പതിനയ്യായിരം കുപ്പിണി പട്ടാളവും കായംകുളത്തെ മനസ്സാലും ശരീരത്താലും സംരക്ഷിച്ചുപോന്നു.
നാലാമത്തെ വലിയ യുദ്ധകാലത്ത് കണ്ണമംഗലം അമ്പലത്തിൽ ഭജനത്തിലിരുന്ന അച്യുതവാര്യരെ വർമ്മയുടെ സഹായികൾ ചതിയിൽപെടുത്തി വലത്തേ കൈ വെട്ടിമാറ്റിയിട്ടും വാര്യർ ഇടതുകൈകൊണ്ട് ചോരവാർന്ന് മരിക്കുന്നതുവരെ പോരാടി.
The Devastating Third War and Martyrdom of the Chaver Army
അതിനു തൊട്ടുമുൻപ് നടന്ന മൂന്നാമത്തെ യുദ്ധം ആയിരുന്നു ഏറ്റവും ഭീകരം. ആ യുദ്ധത്തിലാണ് കായംകുളത്തിന്റെ എല്ലാമായിരുന്നു ചാവേറുകളിൽ വലിയൊരു ശതമാനം വീരമൃത്യു വരിച്ചത്. എന്നിട്ടുപോലും തിരുവിതാംകൂറിന്റെ പ്രഗത്ഭ സൈന്യത്തെയും അവരുടെ സഹായിയായ പൊന്നൻ പാണ്ട്യത്തേവന്റെ മറവപ്പടയെയും കായംകുളം തോൽപ്പിച്ചിരുന്നു. വർമ്മക്ക് ഉണ്ടായ ഈ വലിയ നാണക്കേടാണ് വാര്യരെ ചതിയിൽപ്പെടുത്താൻ വർമ്മയെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നവരുണ്ട്.
തലയും മീശയും താടിയും പുരികവും വടിച്ചു, ചെമ്പരത്തിപ്പൂകൊണ്ടുള്ള മാലയും ചാർത്തി, കൊലവെറികൊണ്ടലറി ശത്രുസൈന്യത്തിന്റെ ഇടയിലേക്ക് ചാവേറുപട കുതിച്ചുകയറുമ്പോൾ തന്നെ ശത്രു ഭയന്ന് പകുതി മരിക്കുമായിരുന്നു എന്നാണ് ചരിത്രത്തിൽ കാണുന്നത്.
ചാവേറ്റ് വിരുത്തി എന്ന പേരിൽ പല സ്ഥലങ്ങൾ കായംകുളത്ത് ഇപ്പോഴും കാടുകയറി കിടക്കുന്നത് കാണാം. ചാവേറുകളുടെ സ്വന്തം വസ്തുവാണത്. ചാവേർ ആകാൻ തീരുമാനിച്ച ആളിന്, രാജ്യം ബഹുമാനാർത്ഥം കൊടുക്കുന്ന സ്ഥലമാണത്.
The Legacy of the Kayamkulam Sword
കായംകുളം വാൾ എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. രണ്ടുവശവും ഒരേപോലെ മൂർച്ചയുള്ള വാളാണത്. രണ്ടുവശത്തുനിന്നും വെട്ടാം, തലങ്ങും, വിലങ്ങും വെട്ടാം, ദണ്ഡ് കറക്കുന്നതുപോലെ വെട്ടാം. കായംകുളത്തിന്റെ വിജയങ്ങളിൽ തിലകക്കുറി ചാർത്താൻ ഈ വാളും കാരണമായിട്ടുണ്ട്. ഈ വാളുകൾ ഉണ്ടാക്കിയിരുന്ന ലോഹത്തിന്റെ പ്രത്യേകതയാൽ മുറിവുണ്ടായാൽ കരിയാൻപോലും പ്രയാസവുമായിരുന്നു. ഇതിന്റെ നിർമ്മാണം മാവേലിക്കര ഭാഗത്തുള്ള കണ്ടിയൂർ എന്നസ്ഥലത്തെ കാട്ടുവള്ളിൽ കുടുംബത്തിലായിരുന്നു.
The Kayamkulam-Dutch Alliance and Advanced Weaponry
ഡച്ചുകാരുമായുള്ള കായംകുളത്തിന്റെ സൗഹൃദം അന്നത്തെ ചെറിയ റോക്കറ്റ് ടൈപ്പ് മിസൈലുകളും, കൈബോംബുകളും കരസ്ഥമാക്കാൻ കായംകുളത്തെ സഹായിച്ചിരുന്നു. ഇതും കായംകുളം യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു.
Political Intrigues and Alliances in the Kingdom
ചതിയിലൂടെ നടത്തിയ കൊലപാതകങ്ങൾ, മാന്നാർ ഉടമ്പടി, ദത്തെടുക്കൽ കരാർ, ദേശിങ്ങനാട് (കൊല്ലം) രാജാവിനെ സമർത്ഥമായി മോചിപ്പിച്ചത്, ഡച്ചും, ഫ്രഞ്ചും, ബ്രിട്ടീഷും നടത്തിയ കുളം കലക്കൽ, ഇടയിൽ നിന്ന രാജാക്കന്മാരുടെയും നാടുവാഴികളുടെയും കുതന്ത്രങ്ങൾ എല്ലാം തന്നെ ഈ രണ്ട് രാജകുടുംബങ്ങൾക്കിടയിൽ കാണാൻ കഴിയും.
Marthanda Varma’s Role in Expanding Venad
മാർത്താണ്ഡവർമ്മയെ ഒരിക്കലും പ്രതിസ്ഥാനത്തു നിർത്താൻ കഴിയില്ല. വർമ്മയുടെ ഓരോ യുദ്ധത്തിനും അതിന്റേതായ ശക്തമായ കാരണങ്ങൾ കാണാമായിരുന്നു. രാജ്യത്തെ വിപുലീകരിക്കുക, ജന്മി-കുടിയാൻ രീതി ഇല്ലാതാക്കുക, ഭരണം കേന്ദ്രസംവിധാനം പോലെയാക്കുക, രാഷ്ട്രീയമായി ഏകീകരണം സൃക്ഷ്ടിക്കുക എന്നതെല്ലാം ഒരു നല്ല ഭരണാധികാരിയുടെ മുഖമുദ്ര ആയിരുന്നു.
Literary Accounts on Kayamkulam and Krishnapuram Palace
കൃത്യമായി ക്രോഡീകരിച്ച ശൈലിയിൽ എഴുതപ്പെട്ട വിവരങ്ങളൊന്നും കായംകുളത്തെ കൃഷ്ണപുരം രാജകൊട്ടാരത്തെപ്പറ്റി നിലവിലില്ല എന്നുള്ളത് ഒരു വസ്തുതയാണ്.
എങ്കിലും ശിവവിലാസമെന്ന ദാമോദരചാക്യാരുടെ കൃതികളും, എൻ കെ കൃഷ്ണപിള്ളയുടെ വീരമാർത്താണ്ഡനും, വീരവിനോദമെന്ന എം ആർ കൃഷ്ണവാര്യരുടെ കൃതിയും, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിതയായ എരുവയിൽ അച്യുതവാര്യരും, ഏ സർവേ ഓഫ് കേരള ഹിസ്റ്ററി, തിരുവിതാംകൂർ ചരിത്രം, ചാതക സന്ദേശം, ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം, ദി ഡച്ച് ഇന്‍ മലബാര്‍, ജേക്കബ് കാന്റർ വിഷെറിന്റെ എഴുത്തുകൾ ഒക്കെത്തന്നെ കായംകുളം രാജ്യത്തെയും, കൃഷ്ണപുരം അടക്കമുള്ള കൊട്ടാരങ്ങളെയും കുറിച്ചുള്ള പല വിവരങ്ങളും നൽകുന്നുണ്ട്.
Palaces Associated with Kayamkulam
കീർത്തിപുരം, നരയിങ്ങ മണ്ണൂർ എന്നിങ്ങനെ രണ്ടു കൊട്ടാരക്കെട്ടുകളുടെ വിശേഷങ്ങൾ കായംകുളം രാജ്യവുമായി ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. കീർത്തിപുരമാണോ പിൽക്കാലത്ത് കൃഷ്ണപുരമായത് എന്നൊരു സംശയം ഉയർന്നു വന്നിരുന്നു. സാധാരണ കോയിക്കൽ എന്നപേരാണ് കായംകുളത്തിന്റെ രാജാക്കന്മാർ സ്വന്തം വസതിക്ക് പറയാറുള്ളത്. കോയിക്കൽകൊട്ടാരം എരുവ ബ്രഹ്മപുരം, കോയിക്കൽകൊട്ടാരം കൃഷ്ണപുരം, കോയിക്കൽ കൊട്ടാരം മാന്നാർ എന്നിവയൊക്കെ കായംകുളത്തിന്റെ ചരിത്രങ്ങളാണ്. ഉടഞ്ഞതും ഉടയാത്തതുമായ ചരിത്രങ്ങൾ. കോയിക്കൽ കൊട്ടാരങ്ങൾ വേണാടിനുമുണ്ടായിരുന്നു.
The Boundaries and Ancient Names of Kayamkulam
തെക്ക് കന്നേറ്റിയും, വടക്ക് തോട്ടപ്പള്ളിയും, പടിഞ്ഞാറ് മുണ്ടകപ്പാടവും, കിഴക്ക് പന്തളം ദേശവഴിയും… എന്നിങ്ങനെയായിരുന്നു കായംകുളത്തിന്റെ അതിർത്തികൾ. കായംകുളം രാജ്യത്തിന്റെ പഴയപേര് ഓടനാട് രാജ്യമെന്നായിരുന്നു. ഇന്നത്തെ ഓണാട്ടുകര. ചിറവാ സ്വരൂപം, ശ്രായി സ്വരൂപം, ശ്രായിക്കൂർ എന്നെല്ലാം ഉള്ള പേരുകൾ പറഞ്ഞിരുന്നു, അന്ന് രാജ്യത്തിന് ഇത്രയും വിസ്തൃതിയുമില്ലായിരുന്നു. ഓടനാട് രാജാവിന് കണ്ടിയൂർ മറ്റത്തു നാരായമംഗലം എന്നൊരു കൊട്ടാരമുണ്ടായിരുന്നു.
The Formation of the Kayamkulam Kingdom
15 ആം നൂറ്റാണ്ടിലാണ് കായകുളം രാജ്യം രൂപവൽക്കരിക്കപ്പെട്ടത്. എരുവയിൽ, ബ്രഹ്മപുരം കൊട്ടാരം പണിഞ്ഞു ഓടനാട് അങ്ങനെ കായം കുളം എന്ന പേര് സ്വീകരിച്ചു. പിന്നീട് കൃഷ്ണപുരത്തു കുറച്ചുകൂടി വലിപ്പമുള്ള എട്ടുകെട്ട് പണിഞ്ഞു രാജാവ് അവിടേക്ക് മാറുകയും ബ്രഹ്മപുരം കൊട്ടാരം സ്ത്രീജനങ്ങൾക്കായി കൊടുക്കുകയും ചെയ്തു. തേവാരപ്പുരയും ചിറയും, ഹോമം നടത്താനുള്ള പുരയും, ഒരു ബാലഗോപാല ക്ഷേത്രവും, വെടിക്കോപ്പുകളും സൂക്ഷിക്കുന്ന പുരയും, കുതിരലായവും, നെല്ലറയുമെല്ലാം ഈ എട്ടുകെട്ടായ കൃഷ്ണപുരം കൊട്ടാരത്തിനുണ്ടായിരുന്നു.
Defensive Fortifications and Natural Barriers of the Palace
15200 അടിയോളം നീളമുള്ള, ഏഴടിയോളം പൊക്കവുമുള്ള മൺ കോട്ട കൊട്ടാരത്തിന് ചുറ്റും ഉണ്ടായിരുന്നു. കോട്ടക്ക് ചുറ്റുമായി ആഴത്തിൽ കിടങ്ങുകളും അതിൽ മുതലകളും.കോട്ടക്കുള്ളിലെ മുതലക്കുളത്തിൽ വളർത്തിയെടുത്ത മുതലകളെയാണ് കിടങ്ങിൽ നിക്ഷേപിച്ചിരുന്നത്. അമ്പത്തിയാറ് ഏക്കറുള്ള കൊട്ടാരവളപ്പിനെ ചുറ്റി ഒരുവനവും നട്ടുവളർത്തിയിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള പോരാളികളായ ഉള്ളാടരെയാണ് വനസംരക്ഷണത്തിനായി വിന്യസിച്ചിരുന്നത്. ഒരസാധാരണ വനമായിരുന്നു അത്. ഒരാൾക്ക് പോലും നൂണ്ടുകയറാൻ പറ്റാത്ത വിധത്തിൽ വനം നിറയെ ഓടൽമുളകളും ഇടയിലെല്ലാം കൈതക്കാടും, നിറയെ ഇഞ്ച പടർപ്പും ആയിരുന്നു.
Destruction of the Forests Post-Kayamkulam Fall
1746 ൽ മാർത്താണ്ഡവർമ്മ കായംകുളത്തിനെ കീഴടക്കിയതിന് പിന്നാലെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപിള്ള ഈ വനത്തിലേക്ക് നാണയങ്ങൾ ധാരാളമായി എറിഞ്ഞു എല്ലാം വെട്ടിത്തെളിച്ചു നാണയങ്ങൾ എടുത്തുകൊള്ളാൻ പറഞ്ഞാണ് ഈ വനം ഇല്ലാതാക്കിയത്.
ഉള്ളാടർക്ക് മറ്റൊരു ജോലിയും കൂടി ഉണ്ടായിരുന്നു. കൊട്ടാരത്തിന് വേണ്ട തഴപ്പായ, ഓലകൾ, ഇഞ്ച, മെഴുക്, തേൻ, പച്ചമരുന്നുകൾ എല്ലാം തന്നെ എത്തിച്ചിരുന്നത് ഇവരായിരുന്നു. കായംകുളം വീണതിന് ശേഷം വർമ്മ ഇവയിൽ പലതിനും നികുതി ഏർപ്പെടുത്തിയിരുന്നു. കായംകുളത്തിനെ സേവിച്ച ഉള്ളാടരോടുള്ള പക!
Kayamkulam’s Abundant Water Sources and Famous Ponds
കായംകുളം രാജ്യം ശുദ്ധജലത്താൽ സമ്പന്നമായിരുന്നു. അനേകം കുളങ്ങൾ കായംകുളത്തിന്റെ പ്രത്യേകതയായിരുന്നു. അൻപതിൽപരം കുളങ്ങൾ അക്കാലത്തു കായംകുളത്തിന്റെ മണ്ണിനെ കുതിർത്തുകൊണ്ടിരുന്നു. തവളയില്ലാക്കുളവും, അതിർത്തിച്ചിറയും, ശ്രീകൃഷ്ണ ക്ഷേത്രക്കുളവും ചില ഉദാഹരണങ്ങൾ മാത്രം.
Relations with the Portuguese
പോർട്ടുഗീസുകാരുമായി നല്ല ബന്ധമായിരുന്നു ഓടനാട്ടുകാർക്ക്. കൊട്ടാരത്തിനുവേണ്ടി ഒരു വലിയ തോടും, കടവും നിർമ്മിക്കാൻ മേൽനോട്ടം വഹിച്ചത് പോർട്ടുഗീസുകാരായ നിഗ്ളി കുടുംബം ആയിരുന്നു. 1810 ലാണ് മൺറോ മൺ മതിലും, കിടങ്ങുകളും ഇടിച്ചുനിരത്തിയത്.
ഓണപ്പടയെന്ന ഓണത്തല്ല് കായംകുളത്തിന്റെ കായിക ഉത്സവത്തിന്റെ ഭാഗമായിരുന്നു.
The Theft of the Sacred Sri Chakra by Dalava Ramayyan
കായംകുളം കൊട്ടാരത്തിലെ വിഷ്ണു ചൈതന്യമുള്ള ശ്രീചക്രം ആണ് കായകുളത്തിന്റെ യുദ്ധവിജയങ്ങൾക്ക് പിറകിലെന്ന് ശങ്കിച്ച തിരുവിതാംകൂർ ദളവ രാമയ്യൻ ഒരു മന്ദബുദ്ധിയുടെ ഭാവത്തിൽ പരിചാരകനായി കൊട്ടാരഹോമപ്പുരയിൽ വന്നുകൂടുകയും അവിടെ നിന്നും ശ്രീചക്രം മോഷ്ടിച്ച് കൊണ്ടുപോകുകയും ചെയ്തു.
എന്നും പൂജകഴിയുമ്പോൾ പൂക്കളെല്ലാം വാരി കോട്ടയിൽ നിറച്ചു കൊണ്ടുകളയുന്ന ജോലി രാമയ്യന്റെതായിരുന്നു. കൊട്ടാരവാതിൽക്കൽ ചെന്ന് എന്റെ കുട്ടയിൽ ശ്രീചക്രമുണ്ടേ, ഞാൻ ഇത് കൊണ്ടുപോകുവാണേ, രാജാവേ, ശ്രീചക്രം ഇനി എന്റേതാണേ എന്നെല്ലാം വിളിച്ചുകൂവുക രാമയ്യൻ പതിവാക്കി. ആദ്യമെല്ലാം പരിശോധിച്ചെങ്കിലും പിന്നെപ്പിന്നെ പൊട്ടനെ ആരും ശ്രദ്ധിച്ചില്ല. ഒരുദിവസം കൊട്ടയുമായി പോയ രാമയ്യൻ തിരിച്ചുവന്നില്ല.
കായംകുളം രാജാവിനെ മാനസികമായി തളർത്തിയ സംഭവമായിരുന്നു ശ്രീചക്രത്തിന്റെ അഭാവം.
Construction of the New Krishnapuram Palace by Travancore
കായംകുളം കീഴടക്കിയ തിരുവിതാംകൂർ കൊട്ടാരങ്ങൾ ഇടിച്ചുനിരത്തി, കുളങ്ങൾ കുഴിച്ച്, യഥാർത്ഥ കൃഷ്ണപുരം കൊട്ടാരത്തിന്റെ തെക്കുവശത്തായി പുതിയ പതിനാറ് കെട്ട് കൊട്ടാരം പണിതു. അതാണ് ഇന്നത്തെ കൃഷ്ണപുരം കൊട്ടാരം. പണി പൂർത്തിയാക്കുന്നതിന് മുൻപേ രാമയ്യൻ ദളവ മരിച്ചുപോയെങ്കിലും അയ്യപ്പൻ മാർത്താണ്ഡപിള്ള ദളവ കൊട്ടാരത്തിന്റെ പണി പൂർത്തീകരിച്ചു.
Current State of Krishnapuram Palace
ഇപ്പോൾ പതിനാറുകെട്ടിൽ പന്ത്രണ്ട് കെട്ടേ കാണുന്നുള്ളൂ. ചില ഭാഗങ്ങൾ ഒകെ കാലപ്പഴക്കത്തിൽ നശിച്ചുപോയിരിക്കാം. കൊട്ടാരവും, ഉദ്യാനഭാഗങ്ങളും, കുളവും, തേവാരപ്പുരഭാഗവും ഉൾപ്പടെ എല്ലാം ഭംഗിയായി സർക്കാർ പുരാവസ്തു വകുപ്പ് സൂക്ഷിച്ചിട്ടുണ്ട്. കാരണമറിയില്ലെങ്കിലും, മാർത്താണ്ഡവർമ്മ ഒരിക്കൽപോലും ഇവിടെ താമസിക്കാൻ വന്നിട്ടില്ല എന്നാണ് എഴുതപ്പെട്ടിട്ടുള്ളത്.
Artifacts and Historical Relics Preserved at Krishnapuram Palace
ചുവർചിത്രമായി ഗജേന്ദ്രമോക്ഷവും, നാണയങ്ങളും, പ്രതിമകളും, കായംകുളം വാൾ ഉൾപ്പെടയുള്ള പലതരം ആയുധങ്ങളും, സംസ്കൃതത്തിൽ എഴുതപെട്ട ബൈബിളും, വീരക്കല്ല്, വെട്ടെഴുത്ത് കല്ല്, നന്നങ്ങാടി എന്നിങ്ങനെ പല പുരാതന വസ്തുക്കളും കാണാമെങ്കിലും ചില വസ്തുക്കൾ കൃത്രിമമായി നിർമ്മിച്ചവയാണ്. ഒറിജിനലിന്റെ പതിപ്പുകൾ.
കുത്തനെയുള്ള മര ഗോവേണികളും ഇടുങ്ങിയ സഞ്ചാരപാതകളും, വെളിയിലേക്ക് തുറക്കുന്ന കിളിവാതിലുകളും അവിടെനിന്നുള്ള കാഴ്ച്ചകളും ഒരു സുഖം തന്നെയാണ്. ഡച്ച് മാതൃകയിലുള്ള കക്കൂസ് മുകളിലും താഴെയും കാണാം. വലിയ ജനലുകളും.
The Buddha Statue at Krishnapuram Palace
കൊട്ടാരത്തിന് വേളയിലാണ് ഇടതുഭാഗത്ത് ഒരു ബുദ്ധപ്രതിമ കാണാം. ഈ പ്രതിമ, കരുനാഗപ്പള്ളിക്ക് അടുത്തുള്ള മരുതൂർകുളങ്ങര എന്ന അമ്പലത്തിനടുത്തു ബുദ്ധക്കുളം എന്ന സ്ഥലത്തുനിന്നും കിട്ടിയതാണ്.
പള്ളിക്കൽ പുത്രൻ എന്നായിരുന്നു ഈ പ്രതിമയുടെ അഥവാ ബുദ്ധന്റെ പേര്. ഈ പ്രതിമ വെച്ചിരിക്കുന്ന മണ്ഡപം നിർമ്മിച്ചരിക്കുന്നത്, പത്തനംതിട്ടയിൽ, ഏനാദിമംഗലം ഭാഗത്തുള്ള അമ്പലത്തിന്റെ തടിത്തൂണുകൾ കൊണ്ടാണ്.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary
The history of Kerala is a tapestry woven with threads of conflict and intrigue. One of the most dramatic chapters in this history was the protracted rivalry between the kingdoms of Venad and Kayamkulam. These wars between Kayamkulam and Marthanda Varma was marked as a series of brutal wars, each more intense than the last. The legendary Achyuta Warrier led the forces of Kayamkulam, but despite their valor and skill, the superior forces of Venad, led by Marthanda Varma, ultimately prevailed. The fall of Kayamkulam marked a significant turning point in the political landscape of Kerala, leading to the expansion of Venad’s dominion.
Despite its eventual defeat, Kayamkulam left a lasting legacy. The kingdom was renowned for its unique culture and military prowess. The Chaver army, known for their ferocity and loyalty, was a formidable fighting force, armed with the iconic Kayamkulam sword. The kingdom’s strategic location and rich natural resources made it a coveted prize for its neighbors. While Kayamkulam may have fallen, its history is a testament to the resilience and courage of its people, and its influence can still be felt in Kerala today. The new Krishnapuram Palace, built by Marthanda Varma after the destruction of the old one, stands as a poignant reminder of this bygone era.