വാരാണസി – ഭോലെ ബാബാ കി നഗരി

Unveiling the Secrets of Varanasi: A City Bathed in Myth

“ബനാറസിന് ചരിത്രത്തേക്കാൾ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്, ഇതിഹാസത്തേക്കാൾ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേർത്തതിന്റെ ഇരട്ടി പഴക്കമുണ്ട്” – മാർക്ക് ട്വൈൻ… Varanasi is a city of mysteries

Varanasi arathi

ഉത്തർപ്രദേശിന്റെ തെക്ക് കിഴക്ക് ഭാഗത്ത്, ഗംഗാനദിയുടെ വടക്കു പടിഞ്ഞാറായി, ലോകത്തെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നായ വാരാണസി, നൂറ്റാണ്ടുകളായി, തന്റെ നിഗൂഢതയിലേക്ക് തീർത്ഥാടകരെയും സഞ്ചാരികളെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു.

Varanasi is a city of mysteries

ഒരേസമയം പൗരാണികതയും ആധുനികതയും പുൽകുന്ന വാരാണസി, കാലങ്ങളായി ഇന്ത്യൻ ചരിത്രത്തിലും സംസ്‌കാരത്തിലും നിർണായക പങ്ക് വഹിക്കുകയും തത്ത്വചിന്തയുടെയും ഭക്തിയുടെയും ആത്മീയതയുടെയും കളിത്തൊട്ടിൽ ആകുകയും ചെയ്യുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും ആചാരങ്ങൾ സമാന്തരമായി നടത്തപ്പെടുന്നതിനാൽ ഈ നാഗരികതയുടെ വിശ്വാസപരമായ ഭൂമിശാസ്ത്രം പര്യവേക്ഷണം ചെയ്യുന്നത് അതിശയം നിറച്ചു കൊണ്ടുമാത്രമേ കഴിയുകയുള്ളൂ.

Varanasi ghats

കാശിക, അവിമുക്ത, മഹാശ്മശാന, ബ്രഹ്മവർധ, ആനന്ദകനാന, സുദർശന, രമ്യ, സുരന്ദന, രുദ്രവാസ്, കാശി, ബനാറസ് ഇപ്പൊൾ വാരാണസി. ഒഫീഷ്യലി വാരാണസി ആണെങ്കിലും വാരാണസിക്കാരുടെ ഹൃദയം മിടിക്കുന്നത് “ബനാറസ്, ബനാറസി, ബനാറസ്, ബനാറസി” എന്ന് മാത്രം.

വാരാണസി സന്ദർശിക്കാൻ മുൻപ് പല തവണ അവസരം കിട്ടിയിട്ടുണ്ടെങ്കിലും, ആ വിളി, ശരിക്കും ഇപ്പോളാണ് വന്നത്. ഒരു പക്ഷെ ഇനിയൊരിക്കലും വാരാണസി കാണാൻ കഴിയാതെ വരുമോ എന്നുള്ള ശങ്ക, എന്നെക്കൊണ്ട് ആ വിളി സ്വീകരിപ്പിച്ചു.

Exploring Varanasi

തീർഥാടകർക്ക് ദൈവിക സ്വർഗവും, ഭക്ഷണ പ്രിയർക്ക് രുചികളുടെ സ്വർഗ്ഗവും ആണ് വാരാണസി. വാരാണസി ഉപേക്ഷിച്ച് തിരികെ വരികയെന്നത് രണ്ടു കൂട്ടർക്കും കഠിന വേദന ഉളവാക്കുന്ന കാര്യമാണ്. വാരാണസി അങ്ങനെയാണ്, കുറഞ്ഞ സമയം കൊണ്ട് നമ്മളിലേക്ക് പടരും.

ഗംഗയുടെ തീരത്ത്‌ വസിക്കുന്ന വാരാണസി, ഓരോ ദിവസങ്ങളിലും എനിക്ക് സമ്മാനിച്ചത് ഓർമ്മകൾ മാത്രമായിരുന്നില്ല, കൂടെ, ഓരോ പുതിയ കാര്യങ്ങളായിരുന്നു. ജനങ്ങൾ കാശിയിൽ മരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ, എനിക്ക് അവിടെ ജീവിക്കാനാണ് തോന്നുന്നത്. ഏകദേശം ഒരാഴ്ച കൊണ്ട് ഞാനും ഒരു ബനാറസിയായി മാറിയിരുന്നു.

Legend of River Ganges

ഗംഗോത്രിയിൽ നിന്നും ജന്മമെടുക്കുന്ന ഗംഗ പ്രയാഗ്‌രാജിൽ നിന്നും യമുനയേയും അദൃശ്യയായ സരസ്വതിയേയും (പുരാണ കഥയാണ്) പിന്നീട് തമസാ നദിയേയും കൂടെക്കൂട്ടി വിശ്വനാഥന്റെ നഗരിയിലൂടെ ഒഴുകുമ്പോൾ ആഴവും പരപ്പും വർധിച്ചു അതിസുന്ദരിയായി തോന്നും. അഘോരേശ്വർ ഘട്ട് മുതൽ തഥാഗത് ഘട്ട് വരെ നടന്നാൽ “വരുണാ” നദിയും “അസ്സി” നദിയും ഗംഗയോട് ചേർന്ന് “വാരാണസി” ആകുന്നതും ഈ നദികളെല്ലാം ഒരു ജനതയിൽ ചെലുത്തുന്ന സ്വാധീനവും മനസ്സിലാകും.

ബനാറസിനെ കുറിച്ച് കേൾക്കുന്നത് അതിനെ കുറിച്ചുള്ള വായനയിൽ നിന്ന് വ്യത്യസ്തമാണ്; എന്നാൽ ബനാറസിനെ കാണുന്നത്, കേൾക്കുന്നതിൽ നിന്നും വായനയിൽ നിന്നും വ്യത്യസ്തമാണ് – ശ്രീ രാമകൃഷ്ണർ

The Ganges riverfront steps

മേം ഘട്ട് കഹും, തും ബനാറസ് സമജ്നാ.

നിര നിരയായുള്ള 88 ഘട്ടുകൾ. ഒരു നഗരം മുഴുവനും ഗംഗ നദിയിലേക്ക് ഒഴുകിയിറങ്ങുന്നത് ഈ ഘട്ടുകളിലൂടെയാണ്. ദശാശ്വമേധ് ഘട്ട്, മണികർണികാ ഘട്ട്, അസ്സി ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട്, പഞ്ചഗംഗ ഘട്ട്, രാജ് ഘട്ട്, കേദാർ ഘട്ട്, ലളിതാ ഘട്ട് തുടങ്ങി അനേകം ഘട്ടുകൾ. ഓരോ ഘട്ടുകൾക്കും ഓരോ ചരിത്രകഥകൾ നമ്മോടു പറയാനുണ്ടാകും.

Dasaswamedh ghat

Offering to river Ganges – Arathi

അസി ഘട്ടിലെ പ്രഭാത ഗംഗാ ആരതിയും ദശാശ്വമേധ് ഘട്ടിലെ സന്ധ്യാ ആരതിയും വളരെ പ്രസിദ്ധം ആണ്. മറ്റു ചില ഘട്ടുകളിലും ആരതിയുണ്ട്. അതിൽ ദശാശ്വമേധ് ഘട്ടിലെ ജന ബാഹുല്യമുള്ള ആരതിയാണ്, സന്ധ്യയുടെ സൗന്ദര്യവും, നിശബ്ദതയെ കോരിത്തരിപ്പിക്കുന്ന മണിനാദവും പ്രാർത്ഥനയും ഗംഗയിലേക്കു ശരിക്കും വാരി വിതറുന്നത്. ഒറ്റ നിമിഷം കൊണ്ട് എല്ലാം മറന്നു നാം അതിലേക്കു ലയിച്ചു പോകും. പിന്നീടുള്ള ഒരു മണിക്കൂർ സമയം, നാം കണ്ടതും കേട്ടതും ഹൃദയത്തിന്റെ ഒരറയിൽ എപ്പോഴും ഭദ്രമായിരിക്കും. ഇവിടെ പ്രയാഗ് ഘട്ടിൻ്റെ ഇരുവശത്തും ആണ് ആരതി നടക്കുന്നത്. ഒരുവശത്ത് 5 പേരും മറുവശത്ത് 7 പേരും ആണ് ആരതി ഉഴിയുന്നത്.

Manikarnika Ghat and Harischandra Ghat

നൂറുകണക്കിന് ജന്മങ്ങളാണ് ഓരോ ദിവസവും അഗ്നിയിൽ ലയിച്ചൊടുങ്ങുന്നത്. ഒരാളെ വാരാണസിയിൽ ദഹിപ്പിക്കുകയും അവരുടെ ചിതാഭസ്മം ഗംഗാജലത്തിലേക്ക് വിടുകയും ചെയ്താൽ, അവരുടെ പുനർജന്മ ചക്രം അവസാനിക്കുകയും അവർ മോക്ഷം പ്രാപിക്കുകയും ചെയ്യും എന്നതാണ് വിശ്വാസം. പ്രധാനമായും മണികർണികാ ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട് എന്നിവിടങ്ങളിലാണ്‌ ഈ കർമ്മം നടക്കുന്നത്. വിറകിലും വൈദ്യുതിയിലും ദഹനം നടത്താം.

തീയുടെ ചൂടും ചാരവും എപ്പോഴും അനുഭവപ്പെടുന്ന ഈ ഈ സ്ഥലങ്ങളിലും മരണത്തിനിടയിൽ ജീവിതം തേടുന്നവർ ഉണ്ട്. കർമ്മം ചെയ്യുന്നവർ, വിറക് കച്ചവടക്കാർ, പൂജാരിമാർ മുതൽ മാംസക്കഷണവും എല്ലുകളും തേടിയലയുന്ന നായ്ക്കൾ വരെ ജീവിക്കുന്നത് മരണം കൊണ്ടാണ്.

Manikarnika Ghat

നടന്നു പോകുന്ന പല ഗലികളിലും “രാം നാം സത്യ ഹേ, സത്യ ബോലോ മുക്തി ഹേ” എന്ന മന്ത്രം മുഴങ്ങുന്നത് കേൾക്കാം. ബനാറസികളും മരണത്തെ പ്രതീക്ഷിച്ചു വന്നു താമസിക്കുന്ന കാശിവാസികളും, ദണ്ഡി സ്വാമികളും ഗംഗയിൽ ലയിച്ചു ചേരാനായി വരുമ്പോൾ അവരുടെ ആത്മാവിനു നിത്യശാന്തി നേരുവാനും മറ്റുള്ളവർക് ജീവിതസത്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുവാനും ഉള്ള മന്ത്രമാണത്.

Never forgetting experience at Manikarnika Ghat

ജനനത്തിനു മേൽ മരണം വിജയം ആഘോഷിക്കുന്ന പ്രധാന സ്ഥലം. അസാമാന്യ ഫീലിംഗ് നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശമാണിത്. എരിഞ്ഞുകൊണ്ടിരിക്കുന്ന ചിതകളിലേക്കു കുറേസമയം നോക്കികൊണ്ടിരുന്നു. അവകൾ എന്നെ വല്ലാതെ ആകർഷിക്കുന്നതുപോലെ തോന്നി. ജീവിതം ഇത്രയേ ഉള്ളൂ എന്ന സത്യം ബോധ്യപ്പെടാൻ ഒന്നുകിൽ ആർസിസി യിൽ പോകണം അല്ലെങ്കിൽ ഇവിടെ വരണം.

Narrow paths in Varanasi

ഇടുങ്ങിയ ശരീരത്തോട് കൂടിയുള്ള ഗലികളും, ഗലികളുടെ ഇരുവശത്തുമായി നൂറ്റാണ്ടുകളുടെ കഥ പറയുന്ന, ചിത്രങ്ങൾ ചാലിച്ച, കെട്ടിടങ്ങളും, മാറിനിൽക്കാൻ ആജ്ഞാപിച്ചു അധികാരത്തോടെ കടന്നുവരുന്ന നാൽക്കാലികളും, വടവൃക്ഷങ്ങളുടെ വേരുകൾ പോലെ പടർന്നു കിടക്കുന്ന ഗലികളുടെ, ഇരുവശത്തുനിന്നും പരന്നൊഴുകുന്ന തെരുവ് ഭക്ഷണത്തിൻ്റെ മണവുമൊക്കെ നമുക്ക് തരുന്ന സംസ്കൃതിയുടെ ചിത്രം അത്ര ചെറുതല്ല. ഗോദോലിയാ ചൗക്കും, ട്ടട്ടേരി ബസാറും, ബഡി ബസാറും, ദാൽ മണ്ഡിയും (നോൺ-വെജിന് പ്രശസ്തം), വിശ്വനാഥ് ഗലിയും, കച്ചോഡി ഗലിയും ഒക്കെ നമുക്കുമുൻപിൽ വരച്ചിടുന്ന രൂപങ്ങൾ അതിസുന്ദരം തന്നെ.

Varanasi gali

Temples, Churches and Mosques in Varanasi

ഭം ഭം ഭോലെ!

Kashi temple

Kashi Viswanath Temple Varanasi

വാരാണസി, കാശി വിശ്വനാഥന്റെ സാമ്രാജ്യം ആണ്. പരമശിവനെ വിശ്വത്തിന്റെ നാഥൻ ആയി അവിടെ കണക്കാക്കുന്നു. അദ്ദേഹത്തെ ദർശിക്കുന്നതിനു മുൻപേ കോട്ടയുടെ കാവൽക്കാരനായ ശ്രീ കാലഭൈരവനെ ദർശിച്ചു വണങ്ങണം. നാം എങ്ങോട്ടു നോക്കുന്നുവോ അവിടെയെല്ലാം ഒരു ക്ഷേത്രം കാണും. പുരാണത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായുള്ള വലിയ ക്ഷേത്രങ്ങൾ തൊട്ട്, നിത്യപ്രാർത്ഥനക്കായുള്ള ചെറിയ ക്ഷേത്രങ്ങൾ ഉൾപ്പെടെ, നൂറുകണക്കിന് ക്ഷേത്രങ്ങൾ കാണാൻ കഴിയും.

Kashi Viswanath Temple

പ്രതിക്ഷ്ഠ തൊട്ടു വണങ്ങാൻ അനുവാദമുള്ള കാശി വിശ്വനാഥനിലെ സങ്കല്പ ഗംഗയെ യഥാർത്ഥ ഗംഗയിലേക്കു ലയിപ്പിക്കാൻ ഈയിടെയാണ് ക്ഷേത്രം പുനരുദ്ധീകരിച്ചത്. ഈ ക്ഷേത്രത്തോട് തൊട്ടുകിടക്കുന്ന ആരാധനാലയങ്ങൾ ആണ് ഗ്യാൻവാപി മസ്ജിദ്, അന്നപൂർണ്ണേശ്വരി, വിശാലാക്ഷി മാതാ, നേപ്പാളി ക്ഷേത്രം മുതലായവ. കൂടാതെ ഭാരതമാതാവിനെ മാർബിളിൽ മാപ് ആയി കൊത്തിയെടുത്തിരിക്കുന്ന ഭാരത് മാതാ ക്ഷേത്രം, കുരങ്ങന്മാരുടെ കാവലുള്ള ദുർഗാ മാതാ ക്ഷേത്രം (മങ്കി ടെമ്പിൾ), ജൈന ക്ഷേത്രങ്ങൾ, ബുദ്ധ ക്ഷേത്രങ്ങൾ, വലിയ മെഡിറ്റേഷൻ ടെമ്പിൾ, സങ്കട മോചന ക്ഷേത്രം, ശ്രീ ബട്ടുക് ഭൈരവ ക്ഷേത്രം, ആലംഗീർ മോസ്‌ക്‌, ഗംഗയിൽ മുങ്ങിയും തെളിഞ്ഞും 9° ചരിഞ്ഞു നിൽക്കുന്ന അത്ഭുതമായ രത്നേശ്വർ മഹാദേവ ക്ഷേത്രം (റെഫർ: പിസ്സാ ഗോപുരത്തിന്റെ ഇപ്പോഴത്തെ ചരിവ് കഷ്ടി 4° മാത്രം), സെയിന്റ് മേരീസ് കത്തീഡ്രൽ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര ആരാധനാലയങ്ങൾ.

Alam geer mosque varanasi

Saranath Sthoopa and Ashoka Pillar

വാരാണസിയിൽ നിന്നും 13 km ദൂരെയുള്ള സാരനാഥ് – സ്തൂപങ്ങൾ, ബോധി വൃക്ഷം, പല രാജ്യങ്ങളുടെയും ബുദ്ധ ക്ഷേത്രങ്ങൾ, ഖനനം ചെയ്തെടുത്ത അനേകം വസ്തുക്കൾ എന്നിവയാൽ സമ്പന്നം. പഠിച്ച ചരിത്ര പാഠപുസ്തകങ്ങൾ എല്ലാം നമുക്ക് മുൻപിൽ ഒരിക്കൽ കൂടി തുറന്നു വരുന്നത് കാണാം.

Saranath sthoopa

Banaras – Birth places of notable personalities

മേൽപ്പറഞ്ഞ പാഠപുസ്തകങ്ങളിലും അല്ലാതെയും ആയി നമ്മുടെ മറവിയിൽ നിൽക്കുന്ന അനേകം ശ്രേഷ്ട വ്യക്തിത്വങ്ങൾ ബനാറസി ആണ്. കബീർ ദാസ്, തുളസീദാസ്, രവിദാസ്, ഝാൻസി റാണി, ഷഹനായി മാന്ത്രികൻ ഉസ്താദ് ബിസ്മില്ല ഖാൻ, ഗിരിജാ ദേവി, ബിർജു മഹാരാജ്, പണ്ഡിറ്റ് രവി ശങ്കർ, ഭാരതേന്ദു ഹരീഷ് ചന്ദ്ര, ഗോപിനാഥ് കവിരാജ്, ശിവ പ്രസാദ് ഗുപ്ത, മുൻഷി പ്രേംചന്ദ്, കമലാപതി ത്രിപാഠി മുതലായവർ ഉത്തമോദാഹരണങ്ങൾ മാത്രം. സംരക്ഷിക്കപ്പട്ടിട്ടുള്ള ജന്മസ്ഥലങ്ങളും, പലരുടെയും പേരുചേർത്തുള്ള ഓർമ്മ ക്ഷേത്രങ്ങളും വാരാണസിയിൽ എമ്പാടും കാണാൻ കഴിയും.

Banaras pan, Lassi, other Eatables

കുല്ലഡ് ചായയും കുടിച്ചു ഓരോ ഗല്ലികളും പിന്നിട്ടു പ്രശസ്തമായ രുചിയുടെ കലവറകൾ തേടിപിടിച്ചു അവിടെ നിന്നും സ്പെഷ്യൽ കൂട്ടുകളുടെ രുചി നോക്കുക എന്നത് ഓരോ സഞ്ചാരവും പൂർണ്ണതയിൽ എത്തിക്കുന്ന നിമിഷങ്ങളാണ്. അസ്സി ഘാട്ടിലെ തുളസി ചായയും, സൗത്ത് കൊറിയൻസ് പേര് കൊടുത്ത ബ്ലൂ ലസ്സി ഷോപ്പും, ചാച്ചി കി കച്ചോഡിയും, റാം ഭണ്ടാറിലെ കച്ചോഡിയും ജിലേബിയും, ശ്രീജിയിലെ മലായിയ്യോയും, ദാൽ മണ്ഡിയിലെ നോൺ-വെജും, ദീന ചാട്ട് ഭണ്ടാറിലെയും കാശി ചാട്ട് ഭണ്ടാറിലെയും ട്ടമാട്ടർ ചാട്ടും, ടിക്കി ചാട്ടും, ബാട്ടി ചോക്കയും, ചന ദഹിവടയും, ചുരാ മട്ടറും, പാലക് ചാട്ടും, ദഹി ചട്നി ഗോൾഗപ്പയും, മധുർ ജൽപാനിലെ സമോസയും, പളങ് തോട് (കട്ടിലൊടിക്കുന്ന – എനർജി ബോംബ് എന്ന് കരുതിയാൽ മതി) മിട്ടായിയും, വായിലിടുമ്പോൾ തന്നെ അലിഞ്ഞു തുടങ്ങുന്ന കേശവ് പാൻ ഭണ്ടാറിലെയും കുബേര പാൻ ഭണ്ടാറിലെയും മീട്ടാ പാനും, ബാദൽ, രാജു, ബാബാ തണ്ടയി ഷോപ്പുകളിലെ സ്പെഷ്യൽ തണ്ടയി ലസ്സികളും ഒക്കെ നമുക്ക് പകർന്നു തരുന്നത് രുചിയും സുഗന്ധവും മാത്രമല്ല ഒരു ജനതയുടെ മുഴുവൻ ഭക്ഷണ സംസ്കാരം കൂടിയാണ്.

Meetha Pan

പെരുംജീരകം, ഗ്രാമ്പൂ പൊടി, ഏലം, കറുവാപ്പട്ട, മെന്തോൾ, ചുണ്ണാമ്പ്, പുകയില, അടയ്ക്ക മുതലായ ഒരു പാട് ചേരുവകൾ ചേർത്ത് വെറ്റില നിറച്ചാണ് ബനാരസി പാൻ തയ്യാറാക്കുന്നത്. സ്വീറ്റ് വേർഷൻ അല്ലെങ്കിൽ മീട്ടാ പാൻ, പുകയിലയോ ചുണ്ണാമ്പോ ഇല്ലാത്തതാണ്. ഇതിൽ കൂടുതലും ഗുൽക്കണ്ട്, പെരുംജീരകം വിത്തുകൾ, അല്പം മൃദുവായ സുപാരികൾ, ടുട്ടി ഫ്രൂട്ടി, ഉണങ്ങിയ തേങ്ങ, ഏലം, ഗ്രാമ്പൂ, കുങ്കുമപ്പൂവ്, ഗ്രേസ്ഡ് ചെറി, നവ് രത്തൻ ചട്നി എന്നിവയാകും.

meetha pan varanasi
Bhang

ബനാറസ്സിനെപ്പറ്റി പറയുമ്പോൾ ഭാംഗിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അത് മര്യാദയല്ല. സർക്കാർ ബിവറേജ് പോലെയുള്ള ഷോപ്പുകളിലൂടെ ഭാംഗ്

മിട്ടായിയായും, കേക്ക് ആയും, ബിസ്കറ്റ് ആയും ഒക്കെ വിൽക്കുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്കു പ്രിയം തണ്ടയി ഷോപ്പുകളിൽ കിട്ടുന്ന ഭാംഗ്

കലർത്തിയ ലസ്സികൾ ആണ്. എല്ലാം ശിവമയം. ഭാംഗിനെ കുറിച്ച് മറ്റൊരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

Aghori

അഘോരികളെപറ്റി വിശദമായ ലേഖനം ഇതിന് മുൻപ് എഴുതിയിട്ടുണ്ട്. അത് വായിക്കുക.

Baba Keenaram Asram

അഘോര പാരമ്പര്യത്തിന്റെ നവീന പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ബാബ കിനാരം ആശ്രമം, ക്രിംഗ്-കുണ്ഡ്, വാരാണസി, പുരാതനമായ പുണ്യസ്ഥലങ്ങളിലൊന്നാണ്. പതിനാറാം നൂറ്റാണ്ടിൽ, അഘോരാചാര്യ മഹാരാജശ്രീ ബാബ കീനാറാം ജീ ഇവിടെയെത്തി ഈ സ്ഥലത്തെ പുനരുജ്ജീവിപ്പിച്ചു, അതിനാൽ അദ്ദേഹത്തിന്റെ പേര് ഈ സ്ഥലത്തോട് ചേർന്നു. പരമോന്നത ആത്മീയാവസ്ഥ നേടിയ ശേഷം, ബാബ കീനാറാം ജീ, സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുകയും ഈ ആത്മീയ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹം ക്രിംഗ്-കുണ്ഡിൽ ആശ്രമ പാരമ്പര്യത്തിന് തുടക്കമിട്ടു, അദ്ദേഹം ഈ പുണ്യസ്ഥലത്തെ ആദ്യത്തെ പീഠാധേശ്വർ (മഠാധിപതി) ആയിരുന്നു. ഇപ്പോഴത്തെ മഠാധിപതി ബാബാ സിദ്ധാർഥ് ഗൗതം റാം ആണ്.

Akhara

അഖാഡകൾ എന്ന് കേട്ടാൽ ഗുസ്തി പഠിപ്പിക്കുന്ന സ്ഥലം എന്നാണു നാം കണ്ടിട്ടുള്ളത്. എന്നാൽ അങ്ങനെയല്ല. അഖാര അല്ലെങ്കിൽ അഖാഡ എന്നത്

ഗുരു-ശിഷ്യ പാരമ്പര്യത്തിൽ മതപരമായ സന്യാസ വിശ്വാസത്തിനും ആത്മീയതക്കും വേണ്ടി ത്യാഗം ചെയ്യുന്നവർക്കുള്ള ഒരു സമ്പ്രദായ ആശ്രമവും, അതോടൊപ്പം ആയോധന മുറകൾ പഠിക്കുന്നതിനു വേണ്ടിയുള്ള പശ്ചാത്തലവും നൽകുന്ന ഒരു പരിശീലന സ്ഥലമാണ്. ഈ അഖാഡകൾ എല്ലാംതന്നെ വ്യായാമമുറകളും ഗുസ്തിയും പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഇപ്പോൾ. വാരാണസിയിൽ ശുഷ്കിച്ച ചില അഖാഡകൾ കാണാൻ കഴിയും.

Banaras Silk

ഹാൻഡ് ലൂമുകൾ പവർ ലൂമുകൾക്കു വഴിമാറികൊടുത്ത ഈ കാലഘട്ടത്തിൽ ഇപ്പോഴും കയ്യാൽ ചെയ്‌തെടുക്കുന്ന പട്ടുകൾ വേണമെങ്കിൽ ബറി ബാസാറിൽ പോകാം. രണ്ടിടത്തും ഒറിജിനൽ പട്ടു ലഭിക്കും. സിൽക്ക് ബേൺ ടെസ്റ്റും (സിൽക്ക് നൂൽ കത്തുമ്പോൾ മുടിയിഴ കത്തുന്ന ഗന്ധം), ലെസ്റ്റർ ആൻഡ് സ്മൂത്ത്നെസ്സ് ടെസ്റ്റും, ലബോറട്ടറി ടെസ്റ്റും ഒന്നും ആവശ്യമില്ല ബനാറസിൽ പട്ട് വാങ്ങാൻ, എന്നാൽ ശരിയായ കടകൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ് താനും. 1000 മുതൽ പത്തു ലക്ഷം വരെയുള്ള സാരികൾ വാങ്ങാൻ കിട്ടും. കടുത്ത നിറങ്ങളും സങ്കീർണ്ണ ഡിസൈനുകളും പൊതുവെ നമ്മുക്ക് ചേരുന്നവയല്ല.

Ramnagar Fort

ഗംഗയുടെ പടിഞ്ഞാറ് ഭാഗത്താണ് വാരാണസിയുടെ പ്രധാന ആകർഷണങ്ങൾ എല്ലാം ഉള്ളത്. എന്നാൽ പ്രശസ്തമായ രാംനഗർ ഫോർട്ട് സ്ഥിതിചെയ്യുന്നത് തുളസീ ഘട്ടിന് എതിർവശത്തായി ഗംഗയുടെ കിഴക്കൻ തീരത്താണ്. 1750-ൽ കാശി നരേഷ് മഹാരാജ ബൽവന്ത് സിംഗ് മുഗൾ ശൈലിയിലാണ് ഈ സാൻഡ്‌ സ്‌റ്റോൺ കോട്ട നിർമ്മിച്ചത്. 1971 മുതൽ ഈ രാജകീയ പദവി നിർത്തലാക്കിയെങ്കിലും, മഹാരാജാ ഓഫ് ബനാറസ് എന്ന് അറിയപ്പെടുന്ന അനന്ത് നാരായൺ സിംഗ് ആണ് ഇപ്പോഴത്തെ രാജാവും കോട്ടയിലെ താമസക്കാരനും.

Relation between Kashi and Travancore

ഭഗവത്പുർ, ശിവപുരി, രാംനഗർ, ലങ്ക (കാശിയിലെ ഒരു ഏരിയയുടെ പേരാണ്) എന്നിവിടങ്ങളിലായി 200 ഏക്കറിലേറെ കൃഷിസ്ഥലവും ചില കെട്ടിടങ്ങളും തിരുവിതാംകൂർ രാജാവിന് കാശി രാജാവ് നൽകിയതായി രേഖകൾ ഉണ്ടെന്നു പറയപ്പെടുന്നു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്.

Malavya Bridge Varanasi

വാരാണസിയിൽ ഗംഗയ്ക്ക് കുറുകെയുള്ള ഡബിൾ ഡെക്കർ പാലമാണ് 1887-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട മാളവ്യ പാലം (പഴയ പേര് ദ ഡഫറിൻ പാലം). താഴത്തെ ഡെക്കിൽ റെയിൽ ട്രാക്കും മുകളിലത്തെ ഡെക്കിൽ റോഡും ആണുള്ളത്. ഗംഗാനദിയിലെ പ്രധാന പാലങ്ങളിലൊന്നായ ഇതിലൂടെയാണ് ഗ്രാൻഡ് ട്രങ്ക് റോഡ് കടന്നു പോകുന്നത്.

Grant trunk road GT road

ഇതിന് 350 അടി നീളത്തിൽ 7 സ്പാനുകളും 110 അടി നീളത്തിൽ 9 സ്പാനുകളും ഉണ്ട്. 1948-ൽ മദൻ മോഹൻ മാളവ്യയുടെ പേരിൽ ഈ പാലം മാളവ്യ പാലം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. രാജ്ഘട്ടിനടുത്തായതിനാൽ പ്രാദേശികമായി രാജ്ഘട്ട് പാലം എന്നും അറിയപ്പെടുന്നു.

Banaras Hindu University

അഞ്ചോളം യൂണിവേഴ്സിറ്റികൾ സ്ഥിതി ചെയ്യുന്ന വിശുദ്ധ നഗരമായ വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഒരു പഠന ക്ഷേത്രമാണ്. ഈ സർവ്വകലാശാല 1916 ൽ മഹാനായ ദേശീയ നേതാവായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ചത് ഡോ. ആനി ബസന്റിനെപ്പോലുള്ള മഹത്തായ വ്യക്തികളുടെ സഹകരണത്തോടെയാണ്.

ഈ പ്രീമിയർ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിന്റെ വിസ്തീർണ്ണം 1300 ഏക്കറാണ്, നന്നായി പരിപാലിക്കുന്ന റോഡുകൾ, “ഹരിതാഭയും ഊഷ്മളതയും” നൽകുന്ന വിശാലമായ പച്ചപ്പ്, ബിർള മന്ദിർ എന്ന മറ്റൊരു കാശി വിശ്വനാഥ ക്ഷേത്രം, ഒരു എയർ സ്ട്രിപ്പ്, കൂടുതലും നാഗര ശൈലിയിലുള്ള വാസ്തുവിദ്യാ ആനന്ദം നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഒരു സാധാരണക്കാരനെ ഞെട്ടിക്കാൻ തന്നെ ധാരാളം. രണ്ടാം ലോകമഹായുദ്ധസമയത്ത് പറക്കാനുള്ള സൈനിക പരിശീലനത്തിനായാണ് കാമ്പസിന്റെ എയർ ഫീൽഡ് ആരംഭിച്ചത്. അതിബൃഹത്തായ BHU വിൽ 3 ഇൻസ്റ്റിറ്റ്യൂട്ടുകൾ, 140 ഡിപ്പാർട്ട്‌മെന്റുകൾ, 4 ഇന്റർ ഡിസ്പ്ലിനറി സെന്ററുകൾ, വനിതാ കോളേജുകൾ, 3 ഘടക സ്കൂളുകൾ എന്നിവ ഉൾപ്പെടുന്നു. മിർസാപൂർ ജില്ലയിലെ ബർകച്ചയിൽ ഈ സർവകലാശാലയുടെ 2700 ഏക്കർ വിസ്തൃതിയുള്ള മറ്റൊരു കാമ്പസ് വരുന്നുണ്ട്.

സർവ്വകലാശാലയുടെ പ്രശസ്തമായ മ്യൂസിയമായ ഭാരത് കലാഭവൻ അപൂർവ ശേഖരങ്ങളുടെ കലവറയാണ്. സർവ്വകലാശാലയിലെ 927 കിടക്കകളുള്ള ആശുപത്രി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. സർവ്വകലാശാല സ്പോർട്സിനും ഹോബികൾക്കുമായി വിപുലമായ സൗകര്യങ്ങൾ നൽകുന്നു, വലിയ കളിസ്ഥലങ്ങൾ, ഒരു വലിയ ഓഡിറ്റോറിയം, ഒരു ഫ്ലയിംഗ് ക്ലബ്, പ്രിന്റിംഗ് പ്രസ്സ്, പബ്ലിക്കേഷൻ സെൽ, ഫ്രൂട്ട് പ്രിസർവേഷൻ സെന്റർ, സബ്സിഡിയുള്ള കാന്റീനുകൾ, എംപ്ലോയ്മെന്റ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോ, സെക്യൂരിറ്റി തുടങ്ങിയ നിരവധി സഹായ സേവനങ്ങളും യൂണിറ്റുകളും ഉണ്ട്.

എല്ലാ ജീവിത ധാരകളിലും ജാതിയിലും മതത്തിലും വർഗ്ഗത്തിലും പെട്ട ഏകദേശം 15000 വിദ്യാർത്ഥികളും 1700 ഓളം അദ്ധ്യാപകരും ഏകദേശം 8000 അനധ്യാപക ജീവനക്കാരും അടങ്ങുന്നതാണ് യൂണിവേഴ്സിറ്റി കുടുംബം.

The “famous” River Ganges

വാരാണസിയുടെ ചൈതന്യം പൂർണ്ണമായും മനസ്സിലേക്കും ക്യാൻവാസിലേക്കും പകർത്തണമെങ്കിൽ ഗംഗയിലൂടെ സഞ്ചരിക്കണം. അതിരാവിലെയോ, സന്ധ്യക്കൊ, പശ്ചാത്തലത്തിൽ കീർത്തനങ്ങളുടെ അകമ്പടിയോടുകൂടി ഗംഗയുടെ വിരിമാറിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി, ഒരു ചിത്രത്തിനും, നമുക്ക് തരാൻ കഴിയില്ല. ഇപ്പോൾ ഗംഗയിലൂടെ 51 ദിവസം നീണ്ടുനിൽക്കുന്ന ആഡംബര നൗകാ യാത്രയും ഉണ്ട്.

ratneswar temple varanasi
Holy Water of River Ganges

വിശ്വാസ പ്രകാരം കർമ്മപാപങ്ങളുടെ മാലിന്യങ്ങളും പേറി ഗംഗ അനസ്യൂതം ഒഴുകുകയാണ്. എന്നാൽ നേത്രങ്ങൾക്ക് ഗോചരമല്ലാത്ത ഈ മാലിന്യങ്ങൾ മാത്രമല്ല ഗംഗയിൽ ഉള്ളത്. ആഹാര അവശിഷ്ടങ്ങളും വസ്ത്രങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും പൂമാലകളും വിസർജ്യങ്ങളും തുടങ്ങി മനുഷ്യർ കാരണം ഉണ്ടാകുന്ന മാലിന്യങ്ങൾ, മൃഗങ്ങൾ കാരണം ഉണ്ടാകുന്ന മാലിന്യങ്ങൾ, നിർമ്മാണശാലാ മാലിന്യങ്ങൾ, ബോട്ടുകൾ പുറന്തള്ളുന്ന ഇന്ധന മാലിന്യങ്ങൾ (ഗ്രീൻ ബോട്ടുകൾ ഇപ്പോൾ ധാരാളമായുണ്ട് – ഏകദേശം 95% CNG) അങ്ങനെ പലവിധ മാലിന്യങ്ങളാൽ ഗംഗ പ്രയാസപ്പെടുന്നു. സർക്കാരുകൾ മുൻകൈ എടുത്തു ഒരു പരിധി വരെ മാലിന്യ നിർമ്മാർജ്ജനം നടത്തുകയാണ്. അത് വിജയം കാണുന്നുമുണ്ട്. എങ്കിലും ഗംഗാസ്നാനം നടത്തുവാൻ അസ്സി ഘട്ടിന്റെ അക്കരെ കടന്നു പോകുന്നതാകും നല്ലത്.

Ganges Ganga varanasi
Best Season for Varanasi Trip

ഏറ്റവും നല്ല സീസൺ ഒക്ടോബർ മുതൽ മാർച്ചു വരെയാണ്. തണുപ്പാണ്, ക്ഷീണം അറിയുകയില്ല. തണുപ്പിനെ പ്രതിരോധിക്കാനുള്ള സാമഗ്രികൾ കരുതുക.

Travel Tips

എറണാകുളത്തു നിന്നും വാരാണസിയിലേക്കു ആഴ്ചയിൽ ഒരിക്കൽ ട്രെയിൻ ഉണ്ട്. സ്റ്റേഷൻ കോഡ് ERS to BSB. രണ്ടു മാസം മുൻപേ ബുക്ക് ചെയ്യണം. തേർഡ് AC യോ സെക്കൻഡ് AC യോ ബുക്ക് ചെയ്യുക. വിമാനങ്ങളും കണക്ടഡ് ട്രയിനുകളും ലഭിക്കും.

Stay Facilities in Varanasi

വാരാണസിയിൽ ഹോട്ടലുകൾക്കു പഞ്ഞമില്ല. ബുക്ക് ചെയ്തോ നേരിട്ടോ മുറികൾ എടുക്കാം. പറ്റുമെങ്കിൽ ദശാശ്വമേധ് ഭാഗത്തോ ഗോദോലിയ ഭാഗത്തോ താമസിക്കുക. ഡോർമിറ്ററി സംവിധാനം ആണെങ്കിൽ ഒരു ദിവസത്തേക്ക് 400 മുതൽ റേറ്റ് ആകും. ഗോ സ്‌റ്റോപ്സ്, സോസ്‌റ്റൽ മുതലായ ചെലവുകുറഞ്ഞ ഹോസ്റ്റൽ സംവിധാനങ്ങൾ ഉണ്ട്. പ്രൈവറ്റ് റൂം ആണെങ്കിൽ 800 / ഡേ മുതൽ ആകും. മിനിമം അഞ്ചു ദിവസമെങ്കിലും വാരാണസിയിൽ താമസിക്കുക. പരമാവധി നടന്നു കാണുക.

ടെന്റ് സിറ്റി എന്ന പേരിൽ അല്പം ചെലവ് കൂടിയ ടെന്റ് താമസ സൗകര്യം ഇപ്പോൾ വാരാണസിയിൽ ഉണ്ട്. സ്റ്റാർ സൗകര്യങ്ങൾ ഉള്ളതിനാൽ റേറ്റ് 8000 പെർ ഡേ മുതൽ മുകളിലോട്ടാകും.

Using of Google map

പോകേണ്ട സ്ഥലങ്ങളുടെയും ഷോപ്പുകളുടെയും ലിസ്റ്റ് ഉണ്ടാക്കി ഗൂഗിൾ മാപ്പിൽ ഫേവറിറ്റ് അല്ലെങ്കിൽ വാണ്ട് ടു ഗോ യിൽ ആഡ് ചെയ്യുക. ഓരോ ഭാഗത്തു ചെല്ലുമ്പോഴും മാപ് നോക്കി ലിസ്റ്റ് ചെയ്ത എല്ലാ സ്ഥലവും മിസ്സാകാതെ കാണാൻ കഴിയും.

Saranath ashoka pillar
Some other important things about Varanasi

വാരാണസിയിൽ കാലെടുത്തു വെക്കുമ്പോൾ നമ്മെ സ്വാഗതം ചെയ്യുന്നത് പൊടിപിടിച്ച റോഡുകളും, ആ റോഡുകളിൽ, വാഹനങ്ങളും, നാൽക്കാലികളും, ഇരുകാലികളും തമ്മിൽ നടക്കുന്ന യുദ്ധവുമാണ്. ഇടുങ്ങിയ ഗലികൾ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ദിവസത്തിൽ എല്ലാ സമയവും വൈദ്യുതി ഉണ്ടാകണമെന്നില്ല.

വാരാണസിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുമ്പോൾ, ജ്യോത്സ്യന്മാർ, കൈനോട്ടക്കാർ, ഉച്ചാടനക്കാർ, മന്ത്രവാദികൾ, ജ്യോതിഷികൾ, ഭീഷണികൾ പോലെ തോന്നുന്ന പ്രാർത്ഥനകൾ നടത്തുന്ന മറ്റ് “വിശുദ്ധ” സന്യാസികൾ എന്നിവരെ കാണുമ്പോൾ, വാരാണസിയിലെ തെരുവുകൾക്ക് ഒരു പൈശാചിക ഊർജ്ജം ഉണ്ടെന്ന് തോന്നിപ്പോകും.

ganges ghats

പ്രധാന ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്, നിങ്ങളുടെ വസ്ത്രങ്ങളും പേഴ്സും ഒഴികെയുള്ളവ അനുവദനീയമല്ല. ഒന്നുകിൽ ഹോട്ടൽ റൂമിൽ സൂക്ഷിക്കാം, അല്ലെങ്കിൽ ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും മറ്റും വാങ്ങുന്ന കടയിലെ ലോക്കറിൽ സൂക്ഷിക്കാം. കോറിഡോർ വഴി പോകുകയാണെങ്കിൽ ഫോൺ അകത്തു കൊണ്ടുപോകാം. പ്രധാന ക്ഷേത്രത്തിന് വെളിയിലുള്ള കൗണ്ടറിൽ സൂക്ഷിക്കാം. ഇന്ത്യയിൽ ഏറ്റവും വലിയ സുരക്ഷയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.

മണികർണികയിൽ നിന്നുമുള്ള അല്പം ചിതാഭസ്മം പ്രധാന ക്ഷേത്രത്തിൽ രാത്രി പൂജക്കായി എടുക്കും. കുട്ടികളുടെയും ഗർഭിണികളുടെയും ശവശരീരം ദഹിപ്പിക്കാറില്ല. അവ വാഴയിലയിൽ പൊതിഞ്ഞു നദിയുടെ നടുക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. അതേപോലെ ബ്രാഹ്മണരുടെ ശവശരീരവും…ഇതിൽ ഹെജിമണി ഉണ്ടോ..ആവോ..

ഇവിടത്തേതുപോലെതന്നെ അവിടെയും തെരുവുനായ്ക്കൾ ധാരാളമുണ്ട്. നായ്ക്കൾ മാത്രമല്ല ആടും പശുവും കാളയുമെല്ലാം ഉണ്ട്. പശുവിൻ്റെയും കാളയുടെയും എണ്ണം ഇപ്പൊൾ കുറവാണ്. രജിസ്റ്റർ ചെയ്യപ്പെട്ടവ തെരുവിൽ വന്നാൽ ഉടമസ്ഥൻ പിഴ അടക്കേണ്ടി വരും. അല്ലാത്തവയെ അധികൃതർ പിടിച്ചുകൊണ്ടുപോകും. എങ്കിലും മണികർണിക മുതൽ വടക്കോട്ട് ഇവയെ കൂടുതൽ കാണാം.

ചെരുപ്പുകളെക്കാൾ ഷൂ അന്ന് വാരാണസിയിലെ തെരുവുകൾക്കും ഗലികൾക്കും ചേരുന്നത്. പാൻ ചവക്കാത്ത ബനാറസി, ബനാറസിയേ അല്ല എന്നാണു പറയുന്നത്. പാൻ ചവച്ചുതുപ്പിയ ഇടങ്ങൾ ധാരാളമായി കാണാം. നിൽക്കുന്നിടത്ത് തുപ്പും, നടക്കുന്നിടത്ത് തുപ്പും, ഇടവും വലവും തുപ്പും. മുൻപിൽ നടക്കുന്നവൻ ഇടത്തോട്ടും വലത്തോട്ടും ശർ ശറേന്ന് തുപ്പിയാൽ പുറകിൽ വരുന്നവൻ അവൻ്റെ പിതാവിനെ ചെറുതായി സ്മരിച്ചുപോകും.

പാൻ ചവക്കൽ അല്പം കുറവാണെന്നേയുള്ളൂ, റോഡിലും ഭിത്തികളിലും തുപ്പാൻ നമ്മൾ മലയാളിയും അത്ര മോശക്കാരല്ല.

എന്തിനും വിലപേശണം. പകുതിയിൽ താഴെ. ബനാറസികൾക്കു അമിതവില പറയുന്നത് ഒരു ഹരമാണ്. നാം വിലപേശിയില്ലെങ്കിൽ ബനാറസികൾക്കു സങ്കടമാകും.

വേഷങ്ങൾ എന്തുമാകാം. മുണ്ടോ കൈലിയോ വേണമെങ്കിലും ഉപയോഗിക്കാം.

ഹോട്ടൽ ബുക്കിങ് ആപ് ഉപയോഗിച്ച് റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. തണുപ്പുകാലത്താണെങ്കിൽ ബാത്റൂമിൽ ചൂടുവെള്ളം കിട്ടും എന്ന് ഉറപ്പു വരുത്തുക.

മനഃ “പ്രിങ്ങാസത്തോടെ” യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നവർ വേണമെങ്കിൽ ഡിസ്പോസിബിൾ ടോയ്ലറ്റ് സീറ്റ് സ്കിൻ വാങ്ങി ഉപയോഗിക്കുക.

“പലതവണ തകർക്കപ്പെടുകയും കവർച്ചക്ക് ഇരയാകുകയും ചെയ്യപ്പെട്ട ഒരു നഗരം അതിൽ നിന്നെല്ലാം മുക്തി നേടി ഇന്നും നിലനിൽക്കുന്നു എന്നുള്ളത് ഒരത്ഭുതം തന്നെയാണ്. മറ്റു പല പുരാതന നഗരങ്ങൾക്കും ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. കാശിക്കു തുല്യം കാശി മാത്രം”.

© അവിട്ടത്താൻ (ജയൻ കൂടൽ)

Varanasi is a city of mysteries

Varanasi, a city bathed in the Ganges River, holds mysteries that linger through time. Its exact origins are unknown, but myths speak of Lord Shiva residing there. The constant cycle of life and death unfolds on the ghats, where the faithful believe cremation liberates the soul. Even the sacred river itself is imbued with legend, said to cleanse sins and grant liberation. Varanasi is a place where the physical and spiritual realms intertwine, creating an enigmatic atmosphere for all who visit.

This article has been viewed: 85
45530cookie-checkവാരാണസി – ഭോലെ ബാബാ കി നഗരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!