കേരളത്തിലെ സ്കൂളുകളിലെ പ്രാർത്ഥനാഗാനങ്ങൾ – ഓർമ്മകൾ
Kerala School Morning Prayers Tradition – Harmony in Every Hymn.
“മതേതരത്വവും, പ്രബുദ്ധതയും” മൂത്തു നിൽക്കുന്ന ഈ കാലത്തിനു മുൻപ് കേരളത്തിലെ സ്‌കൂളുകളിൽ എല്ലാം തന്നെ മതങ്ങൾക്കുപരിയായി ഉള്ള പ്രഭാത പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുമായിരുന്നു. അവിടെ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ ഹിന്ദുവെന്നോ ബുദ്ധനെന്നോ ജൈനനെന്നോ ഉള്ള ഒരു വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല. (Kerala school morning prayers tradition).
എന്നാൽ ഇക്കാലത്തു ഈ പ്രാർത്ഥനാഗാനങ്ങളിൽ പലതും സ്കൂളുകളുടെ പടിയിറങ്ങിയിരിക്കുന്നതായുള്ള ആരോപണങ്ങൾ കണ്ടിട്ടുണ്ട്..
നമുക്ക് അറിയാവുന്ന ചില പ്രാർത്ഥനാഗാനങ്ങൾ ചുവടെ. അറിയാവുന്ന രചയിതാക്കളുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട്.
Kerala Varma: The Poet Who Lived and Died in Verse Until 40
40 വയസ്സുവരെ കവിതയിൽ ജീവിച്ചു കവിതയിൽ മരിച്ച “മഹാ”നായ കവി പന്തളം കേരളവർമ്മ രചിച്ച കവിതയാണിത്. കവിതിലകന്‍ എന്നും, പദംകൊണ്ടു പന്താടുന്ന പന്തളമെന്നുമൊക്കെയുള്ള വിശേഷണം അദ്ദേഹത്തിനുണ്ട്.
A heartfelt plea for divine presence, protection, and unwavering devotion
“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയാക്കീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
How an NSS Secretary’s Request in 1951 Led to the Creation of a Song That Energized Students
1951 ൽ NSS ജനറൽ സെക്രട്ടറി ആയിരുന്ന MP മന്മഥന്റെ അഭ്യർത്ഥന പ്രകാരം പന്തളം KP രാമൻപിള്ള എഴുതിയതാണ് ഈ പ്രാർത്ഥനാഗാനം. NSS കോളേജുകളുടെ പണിക്കു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഉൽപ്പന്നപ്പിരിവിന് പോകുമ്പോൾ ക്ഷീണം അറിയാതിരിക്കാനുള്ള വിദ്യ ആയിരുന്നു അർത്ഥവത്തായ ഈ ഗാനം.
Illuminate the universe with the eternal light of divine bliss and surrender to the supreme radiance
“അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പെരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി”
Translation of the First Chapter of the Quran – ‘Divya Deepthi’ by Konnniyoor Raghavan Nair
പത്തനംതിട്ട കോന്നിയൂര് രാഘവൻ നായർ രചിച്ച ദിവ്യദീപ്തിയിൽ നിന്നും. ഖുർആൻ പദ്യ പരിഭാഷ, ആദ്യത്തെ അദ്ധ്യായം ആണ് ഈ പദ്യം എന്ന് പറയപ്പെടുന്നു.
(ആലം എന്നുതുടങ്ങുന്നത് തെറ്റാണ്)
Embracing the divine: The merciful Lord, the savior of all worlds, is the ultimate object of praise
“പാരം ദയാലുവായ് ദാക്ഷിണ്യശാലിയായ്
വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ
നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
പരമകാരുണ്യവാൻ കരുണാനിധിയേ
വിധി പറയും ദിവസത്തിൻ ഏകാധിപനേ
നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം
സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ
നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ
നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ
അങ്ങയാൽ കോപിയ്ക്കപ്പെട്ടോരുടെ വഴിയല്ല
സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല
പാരം ദയാലുവായ് ദാക്ഷിണ്യശാലിയായ്
വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ
നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും
അഖിലേശ്വരനല്ലയോ സകല സ്തുതിയും”
Prayer Song from ‘Madhuraswapnam’ Written by Sreekumaran Thampi and Composed by M.K. Arjunan
ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അർജുനൻ ഈണം നൽകി, മധുരസ്വപ്നം എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയതാണീ പ്രാർത്ഥനാ ഗാനം.
May the light fill every corner, as grace dwells in my heart, keeping my thoughts steady
“എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ (ആവർത്തിക്കുക)
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂവണി മേടയും
തുല്യമായ് തരും ശക്തിയും നീയല്ലോ
നല്ല ബുദ്ധിയായ് എന്റെ മനസ്സിലും
നല്ല വാണിയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എൻ പിഞ്ചു കൈയ്യിലും
നന്മയായ് നീ നിറഞ്ഞിരിക്കേണമേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ”
From Kumaran Asan’s Renowned Poem – Sankeerthanam
കുമാരനാശാന്റെ സങ്കീർത്തനം എന്ന പ്രശസ്തമായ കവിതയിൽ നിന്നും.
Radiant Blooms and Delicate Moths, the Artistry of Life Shines, Celebrate the Divine within the Mind’s Sanctuary
“ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍
സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു നിന്നിടുമൊന്നിനെ
സൗരഭോല്‍ക്കട നാഭികൊണ്ടു മൃഗംകണക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ നിനയ്ക്കുവിന്‍
നിത്യനായക, നീതിചക്രമതിന്‍ തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവനകര്‍മ്മ ശക്തി കുളിക്കുക
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡമാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ ദേവ, നശിക്കണേ.
സ്നേഹമാം കുളിര്‍പൂനിലാവു പരന്നുസര്‍വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വമുള്ളില്‍ വിളങ്ങണേ
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൗകയില്‍”
Film – Amaram: A Collaboration of Kaithapram’s Writing and Ravindran’s Music
രചയിതാവ് കൈതപ്രം, സംഗീതം രവീന്ദ്രൻ, സിനിമ അമരം.
Celebrating love and life’s vibrancy, honor our roots and elevate our spirits together
“ഹൃദയരാഗതന്ത്രി മീട്ടി
സ്നേഹഗീതമേകിയും
കർമ്മഭൂമി തളിരിടുന്ന
വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം
ഇന്നു വാഴ്ത്തിടാം
നമ്മൾ പാടുമീ സ്വരങ്ങൾ
കീർത്തനങ്ങളാകണേ
ചോടുവയ്ക്കുമീ പദങ്ങൾ
നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾതടങ്ങൾ
സ്വർഗ്ഗമാകണേ
അമ്മ നൽകും ഉമ്മപോലും
അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ
ഗുരുവരങ്ങളാകണേ
ഹൃദയരാഗതന്ത്രി മീട്ടി
സ്നേഹഗീതമേകിയും
കർമ്മഭൂമി തളിരിടുന്ന
വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം
ഇന്നു വാഴ്ത്തിടാം”
From Edappal C. Subrahmanian’s Collection Neramillunnikku
എടപ്പാൾ സി.സുബ്രഹ്മണ്യന്റെ ‘നേരമില്ലുണ്ണിക്ക്’ എന്ന ബാലകവിതകളുടെ സമാഹാരത്തിൽ ഉൾപ്പെട്ടതാണ് ഈ കവിത
Be the guiding light in darkness, a radiant dawn that dispels despair, empowering all to do good without distinction
“ഇരുളിൽ തെളിയുന്ന തിരിനാളമാകണേ
ഇരവു പിളരുന്ന കിരണമായ് തീരണേ
ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ
ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ
അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ
അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ
ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ
ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ
കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ
കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ”
The Unknown Creators of These Timeless Melodies – Kerala school morning prayers tradition
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
Guide us with the light of knowledge and shelter us in the embrace of compassion, as we seek the essence of life in every word
“അറിവിൻ പ്രകാശമേ നീ നയിച്ചാലും
അലിവിൻ പ്രവാഹമേ നീ തുണച്ചാലും
അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ
അക്ഷരപ്പൊരുളേ നീ കാവലാകേണമേ
പുതിയ പ്രഭാതം വിടരുവാനായ്
പുതിയ പ്രതീക്ഷ പൂവിരിയുവാനായ്
നന്മകൾ നിറയുമീ പൂങ്കാവുകൾ
സ്നേഹം വിതക്കും വയലേലകൾ
ഞങ്ങൾ തൻ മനതാരിൽ എന്നുമെന്നും
അക്ഷരപ്പൊരുളിൻ പ്രഭയേകണേ
അക്ഷരപ്പൊരുളിൻ പ്രഭയേകണേ
അറിവിൻ പ്രകാശമേ നീ നയിച്ചാലും
അലിവിൻ പ്രവാഹമേ നീ തുണച്ചാലും
അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ
അക്ഷരപ്പൊരുളേ നീ കാവലാകേണമേ”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
Blossoming Souls Seek Divine Illumination
“വിരിഞ്ഞു നിന്നതാരിലും
വിടർന്ന താരകത്തിലും
വിളങ്ങിടും പ്രഭാവമേ
വിളക്ക് വെക്കു ഞങ്ങളിൽ
വിരിഞ്ഞു നിന്നതാരിലും
വിടർന്ന താരകത്തിലും
വിളങ്ങിടും പ്രഭാവമേ
വിളക്ക് വെക്കു ഞങ്ങളിൽ
സമസ്ത സുന്ദരോൽജ്വല
പ്രഭാതകാന്തി ചിന്തിടും
സുമങ്ങളായിടാവു ഞങ്ങൾ
ഭാരതത്തിൻ വാടിയിൽ
അഗാധ നീലവാനമാം
കരമുയർത്തി ഞങ്ങളിൽ
അനുഗ്രഹിക്ക് നിത്യകെ
നിതാന്ത വത്സരോൽസുഗം”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
A Reverent Salutation to Parents, Teachers, and All, Celebrating Connection and Blessings
“അമ്മക്കും അച്ഛനും ആദ്യപ്രണാമം
ആചാര്യൻമാർക്കും കോടിപ്രണാമം
ചെങ്ങാതിമാർക്കും മറ്റുള്ളോർക്കൊക്കെയും
മംഗളം നേരുന്ന സ്നേഹപ്രണാമം
ജന്മസൃഷ്ടാവാം ജഗതീഷപ്രണാമം
മാനവജന്മ പിറവിക്കു നന്ദി
നൻമുലപ്പാലിൻ കരുണക്കു നന്ദി
താലോലമാട്ടിയ കൈകൾക്കു നന്ദി
താരാട്ടുപാട്ടിനും കൂട്ടിനും നന്ദി
അക്ഷരപൂവില് തേനിനു നന്ദി
അറ്റമില്ലാത്തൊരു അറിവിനു നന്ദി
മോഹങ്ങൾ തിരിനീട്ടും പുലരിക്കു നന്ദി
സ്നേഹാലയമാകുമീ പാരിനു നന്ദി
സ്നേഹാലയമാകുമീ പാരിനു നന്ദി
സ്നേഹാലയമാകുമീ പാരിനു നന്ദി”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
Embracing Love and Wisdom: A Journey from Mother’s Care to the Divine Teachings of Life
“മാതാ പിതാ ഗുരു ദൈവം (4 തവണ)
അ-യിൽ തുടങ്ങുന്നു ഭാഷ
അമ്മയിൽ ഉണരുന്നു സ്നേഹം
അറിവുകൾ പകരുന്നിതധ്യാപകർ
തണലായ് നിറയുന്നിതച്ഛൻ
എന്നെ തളരാതെ കാക്കുന്നു ദൈവം
അ-യിൽ തുടങ്ങുന്നു എൻ ഭാഷ
അമ്മയിൽ ഉണരുന്നു സ്നേഹം
അറിവുകൾ പകരുന്നിതധ്യാപകർ
തണലായ് നിറയുന്നിതച്ഛൻ
നമ്മെ തളരാതെ കാക്കുന്നു ദൈവം
മാതാ പിതാ ഗുരു ദൈവം (4 തവണ)”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
In the boundless splendor of creation, the divine fills the universe, transcending all limits
“അനന്ത സർഗ്ഗ വൈഭവം
നിറഞ്ഞു നിൽക്കുമീ മഹാ
പ്രപഞ്ച സീമ തോറുമേ
നിറഞ്ഞിടുന്ന ദൈവമേ
അപാരമാകുമാ കൃപാ-
വരങ്ങളേകു ഞങ്ങൾ തൻ
കുരുന്നു ചിത്തമാകവേ
കരുത്തുകൾ നിറയ്ക്കണം
ബുദ്ധിശക്തി ഓർമ്മയും
നിത്യശുദ്ധി വിനയവും
സർഗ്ഗസിദ്ധിയൊക്കെയും
ഞങ്ങളിൽ നിറയ്ക്കണം
ചരാചരങ്ങൾ ഒക്കെയും
സഹജർ പോലെ തോന്നണം
ഉദാത്തമായ മാനവ
സ്നേഹചിന്ത പകരണം
അക്ഷരങ്ങൾ വാക്കുകൾ
സഞ്ചയിക്കുമറിവുകൾ
ചിന്തയിൽ അടങ്ങുവാൻ
ശക്തി നിത്യ മേകണം
പിറന്ന പുണ്യഭൂമിയോടെ-
നിയ്ക്കു കുറു തോന്നണം
മരിക്കുവോളമമ്മയെ
സ്മരിക്കുവാൻ കഴിയണം
അനന്ത സർഗ്ഗ വൈഭവം
നിറഞ്ഞു നിൽക്കുമീ മഹാ
പ്രപഞ്ച സീമ തോറുമേ
നിറഞ്ഞിടുന്ന ദൈവമേ”
Who Wrote These Timeless Prayer Songs?
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
A Soul’s Plea for Divine Grace Through Compassionate Eyes
“ഈശ്വരാ കൈകൂപ്പി
നില്പു ഞാൻ നിൻ മുന്നിൽ
ഈറനണിഞ്ഞ മിഴികളോടെ
കാരുണ്യമെന്നിൽ ചൊരിയേണെ
ഭൂവിലും കാരണനായുള്ള തമ്പുരാനേ
അച്ഛനും അമ്മയും എന്തു പറഞ്ഞാലും
അക്ഷരം തെറ്റാതനുസരിച്ചും
ഉള്ളിൽ വെളിച്ചം
പകരും ഗുരുവിനെ
ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും
കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ
കുടെപിറപ്പുകളായ് നിനച്ചും
മാതൃഭൂമിക്കായ് ജീവൻ വെടിഞ്ഞോരെ
മാതൃകയായിട്ടു സ്വീകരിച്ചും
ഈശ്വരാ കൈകൂപ്പി
നില്പു ഞാൻ നിൻ മുന്നിൽ
ഈറനണിഞ്ഞ മിഴികളോടെ
കാരുണ്യമെന്നിൽ ചൊരിയേണെ
ഭൂവിലും കാരണനായുള്ള തമ്പുരാനേ”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
In the garden of knowledge, we find profound insight in silence
“മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം
ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ
മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം
ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ
തളിരിട്ടു തളിരിട്ടു തളരാതിരിക്കുവാൻ
കൈകൂപ്പി നിൽക്ക നാം ഒട്ടുനേരം
അറിവിൻ അമൃതം നുകർനീടുവാനെൻ
അകമേ നീ എന്നും തെളിഞ്ഞിടണേ
അറിവിൻ അമൃതം നുകർനീടുവാനെൻ
അകമേ നീ എന്നും തെളിഞ്ഞിടണേ
ഉണർവായ് ഉണ്മയായ് നന്മയായ് എന്നെന്നും
നിലനിന്നു കാണുവാൻ കൈതൊഴുന്നേ
ഉണർവായ് ഉണ്മയായ് നന്മയായ് എന്നെന്നും
നിലനിന്നു കാണുവാൻ കൈതൊഴുന്നേ
മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം
ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ
മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം
ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
We bow to the divine guardian of unseen worlds, the ocean of compassion
“കാണായ ലോകങ്ങൾ കാക്കുന്ന ദേവാ
കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ
കാണായ ലോകങ്ങൾ കാക്കുന്ന ദേവാ
കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ
വിറയാർന്ന കൈകൾ ചലിക്കുന്ന നേരം
ഞങ്ങൾ തൻ കരളിന്റെ കൈക്കുമ്പിൾ നീട്ടി
വിറയാർന്ന കൈകൾ ചലിക്കുന്ന നേരം
ഞങ്ങൾ തൻ കരളിന്റെ കൈക്കുമ്പിൾ നീട്ടി
ചൊരിയുക നാഥാ നിൻ സ്നേഹ ധാര
കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ
കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ
കാണായ ലോകങ്ങൾ കാക്കുന്ന ദേവാ
കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
Divine Protector, bestow upon us eternal blessings and prosperity, guiding us through life’s trials
“അഖില ചരാചര രക്ഷകാ ദേവാ
അകമഴിഞ്ഞ് ഞങ്ങളെ പാലിക്ക ദേവാ
അഴലാകെ നീക്കി അങ്ങാനന്ദമേകി
സകല സൗഭാഗ്യങ്ങൾ ഏകേണം നിത്യം
ക്രിസ്തുവും കൃഷ്ണനും അള്ളാവും നീയേ
നിസ്തുല സ്നേഹനിലയനും നീയേ
സൃഷ്ടിയും രക്ഷയും സംഹാര മേളം
ഇഷ്ടപദീശാ നിൻ ലീലാവിശേഷം
അഖില ചരാചര രക്ഷകാ ദേവാ
അകമഴിഞ്ഞ് ഞങ്ങളെ പാലിക്ക ദേവാ”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
A Heartfelt Tribute to the Unique Light of Knowledge
“അനുദിനം ഞങ്ങളിൽ അറിവായ് വിളങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുദിനം ഞങ്ങളിൽ അറിവായ് വിളങ്ങുന്ന
അനുപമ ജ്യോതിസെ എൻപ്രണാമം
മണ്ണിലും വിണ്ണിലും പുല്ലിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
മണ്ണിലും വിണ്ണിലും പുല്ലിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
അനുദിനം ഞങ്ങളിൽ അറിവായ് വിളങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുപമ ജ്യോതിസെ എൻ പ്രണാമം”
The Anonymous Geniuses Behind Our Sacred Melodies
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
Divine grace and pure love guide us eternally, O God
“സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും
പാരിലാലംബഹീനരായോരെ
സേവിപ്പാൻ ശക്തി നൽകണം
സത്യധർമാദി സദ്ഗുണങ്ങളാൽ
ജീവിതം ധന്യമാക്കണം
ബുദ്ധനും മഹാവിഷ്ണുവും
യേശു ക്രിസ്തുവും നബി അല്ലാഹുവും
എല്ലാമേകമാണെന്ന വേദാന്തം
ഞങ്ങളിൽ ദൃഢമാക്കണം
സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും
ഏകണേ ഞങ്ങൾക്കെപ്പോഴും
ഏകണേ ഞങ്ങൾക്കെപ്പോഴും”
രചയിതാവിന്റെ വിവരങ്ങൾ അറിയില്ല.
A Plea for Divine Grace to Illuminate the Soul
“ദൈവമേ ഞാൻ നിൻ സവിധേ
കൂപ്പുകൈകളുമായെന്നും
അണഞ്ഞിടുമ്പോൾ നീ
നിൻ കൃപ എന്നിൽ തൂകണമേ
സർവജ്ഞാനത്തിൻ
ഉറവിടമാം ദേവാ നീ
നിൻറെ ജ്ഞാനത്താൽ
എന്നെ നിറച്ചീടണമേ
ഞാൻ ചെയ്യും കർമങ്ങൾ
നിൻ കൃപയാലാകണമേ…
എൻറെ വീഥികളിൽ
നീ ദീപമായിടണേ.
വിദ്യയേകീടും ഈ വിദ്യാലയത്തേയും
നേർവഴികാട്ടുന്നോരധ്യാപകരേയും
നീ തന്നതാമെൻ മാതാപിതാക്കളേയും
നിൻ അനുഗ്രഹത്താൽ
നിത്യം നിറച്ചീടണമേ….
ദൈവമേ ഞാൻ നിൻ സവിധേ
കൂപ്പുകൈകളുമായെന്നും
അണഞ്ഞിടുമ്പോൾ നീ
നിൻ കൃപ എന്നിൽ തൂകണമേ”
Vanchisha Mangalam or Vanchi Bhumi: The Official Anthem of Thiruvithamkoor
വഞ്ചീശ മംഗളം. തിരുവിതാംകൂറിന്റെ ഔദ്യോഗിക ഗാനം.
രാജഭരണ കാലത്തു രാജാവിനെ സ്തുതിച്ചുള്ള ഈ ഗാനം വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും 1938 മുതൽ 1947 (ചില സ്ഥാപനങ്ങളിൽ 1956 വരെയും) വരെ ആലപിച്ചിരുന്നു. ഉള്ളൂർ രചിച്ചു കമലാ (ശ്രീനിവാസൻ) കൃഷ്ണമൂർത്തി ആലപിച്ച ഈ ഗാനം വഞ്ചീനാഥനായ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവനെയാണ് സ്തുതിക്കുന്നത് എന്നൊരു വ്യാഖ്യാനം കൂടിയുണ്ട്. അതിനു മറ്റൊരു ചരിത്രവുമുണ്ട്.
Victory Awaits in the Heart of Deception: Embrace the Journey Towards Truth
“വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം
സഞ്ചിതാഭം ജയിക്കേണം വഞ്ചിഭൂമി പതേ ചിരം”
ഇവ കൂടാതെ മറ്റനേകം ഗാനങ്ങൾ പല സ്കൂളുകളിലും ആലപിച്ചിട്ടുണ്ടാകും. അറിയാവുന്നവർ പറയുക, അതോടൊപ്പം ഈ ഗാനങ്ങളുടെ രചയിതാക്കളെപ്പറ്റിയും.
സ്കൂളുകളിലെ പ്രാര്ഥനകളെപ്പറ്റി പറയുമ്പോൾ ഓർക്കുന്ന കാര്യം എന്തെന്നാൽ പണ്ട് പല സ്കൂളുകളിലും വന്ദേമാതരം ആയിരുന്നു പ്രഭാത പ്രാർത്ഥന. പിന്നീടാണ് മറ്റു പല ഗീതങ്ങളും പ്രാർത്ഥനാഗാനങ്ങൾ ആയി സ്വീകരിക്കപ്പെട്ടത്.
Embracing the Bounty of Our Motherland: A Celebration of Nature’s Richness and Serenity
Vande Mataram: The Patriotic Anthem by Renowned Bengali Poet Bankim Chandra Chatterjee
വന്ദേ മാതരം!
സുജലാം സുഫലാം, മലയജ ശീതളാം,
സസ്യശ്യാമളാം, മാതരം! വന്ദേ മാതരം,
ശുഭ്രജ്യോത്സ്ന പുളകിതയാമിനിം,
ഫുല്ല കുസുമിത ദ്രുമതല ശോഭിനിം,
സുഹാസിനിം, സുമധുര ഭാഷിണിം,
സുഖദാം, വരദാം, മാതരം! വന്ദേ മാതരം,
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥
Kasaragod school students multilingual prayers set an inspiring example
കാസര്‍കോട് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികൾ ഒന്‍പത് ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി കേരളമാകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
മലയാളം, കന്നട, തുളു, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, അറബി, തമിഴ്, കൊങ്ങിണി എന്നീ ഭാഷകളിൽ ഓരോ ദിവസവും മാറി മാറി ഗാനങ്ങൾ ആലപിക്കപ്പെടുന്നു.
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു ഭാഷകളിൽ ആണ് രാവിലത്തെ ഈശ്വര പ്രാർത്ഥന (ഓരോദിവസവും മാറി മാറി). ഹാർമോണിയം, തബല എന്നിവ വായിക്കുന്നത് പ്രിൻസിപ്പാളും ടീച്ചറും. മലയാളം, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു എന്നീ ഭാഷകളിൽ ആണ് ആലാപനം.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary – Kerala school morning prayers tradition
In Kerala’s schools, morning prayers were a daily ritual that brought students together in a harmonious and inclusive atmosphere. One could picture a large school courtyard or assembly hall filled with students neatly lined up, wearing their school uniforms. Regardless of their religious backgrounds, they stood together in unison, ready to start the day. The sound of soft chants, hymns, or a prayer recitation filled the air, creating an ambiance of peace and tranquility.
This collective moment fostered a sense of unity among the students. It was a time when the focus shifted away from the individual to something larger, whether it was a shared sense of discipline, values, or simply a moment of reflection. The morning prayer set a positive tone for the day ahead, instilling calmness, respect, and a sense of belonging. It was an experience that transcended differences and encouraged everyone to begin their day with a shared purpose.
Unfortunately, those days no longer remain a part of school life, I’m afraid. There are many examples that illustrate this shift…